വീട്ടില്‍ നായ ഉണ്ടോ എന്നറിയാന്‍ എആര്‍ ഗ്ലാസ്; ഓട്ടോമേറ്റഡ് - എഐ ലോജിസ്റ്റിക്‌സ് സിസ്റ്റത്തിലേക്ക് ആമസോണ്‍

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും മനുഷ്യാധ്വാനം കുറയ്ക്കുന്നതിനും നൂതന സാങ്കേതികവിദ്യയെ വന്‍തോതില്‍ ആശ്രയിക്കാന്‍ ആമസോണ്‍. ഓട്ടോമേറ്റഡ്, എഐ-പവര്‍ ലോജിസ്റ്റിക്‌സ് സിസ്റ്റത്തിലേക്ക് ഇ-കൊമേഴ്സ് കമ്പനി അതിവേഗം നീങ്ങുന്നതിന്റെ ഭാഗമായാണിത്.

സോര്‍ട്ടിംഗ് റോബോട്ട്, ഒരു എഐ മാനേജ്‌മെന്റ് ഏജന്റ്, ഡ്രൈവര്‍മാര്‍ക്കുള്ള ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഗ്ലാസുകള്‍ എന്നിവയാണ് ഉത്പന്നങ്ങളുടെ വിതരണം കാര്യക്ഷമമാക്കുന്നതിനായി ആമസോണ്‍ രംഗത്തിറക്കുന്നത്. എഐ ഉപയോഗം വ്യാപകമാക്കാനുള്ള ആമസോണ്‍ സിഇഒ ആന്‍ഡി ജാസിയുടെ നീക്കം എങ്ങനെയാണ് വെയര്‍ഹൗസുകളെ അടിമുടി മാറ്റാന്‍ പോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ മൂന്ന് സാങ്കേതികവിദ്യകളുടെയും ഉപയോഗമെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആമസോണ്‍ വെയര്‍ഹൗസുകളിലേക്ക് എത്തുന്ന നൂതന സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള പുതിയ ഉപകരണങ്ങള്‍ ഇവയാണ്:

ബ്ലൂ ജയ് റോബോട്ട്: പാക്കേജുകള്‍ കൂടുതല്‍ വേഗത്തില്‍ തരംതിരിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ റോബോട്ട്. നിലവില്‍ സൗത്ത് കരോലിനയിലെ ഒരു കേന്ദ്രത്തില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ചെലവ് കുറഞ്ഞതും വേഗമേറിയതുമായ ഡെലിവറി സാധ്യമാക്കുന്നതിനായി ആമസോണ്‍ ഡെലിവറി കേന്ദ്രങ്ങളില്‍ ഇത് സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

ഇലൂണ എഐ ഏജന്റ്: ജീവനക്കാരുടെ വിന്യാസം ക്രമീകരിക്കുന്നതിനായി വികസിപ്പിച്ച ഒരു എഐ ഏജന്റാണിത്. പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ അതിവേഗം മുന്നോട്ടുകൊണ്ടുപോകാന്‍ ജീവനക്കാരെ എവിടേക്കൊക്കെ മാറ്റി നിയോഗിക്കണം എന്നതടക്കമുള്ള സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലൂടെ ഇലൂണ മാനേജര്‍മാരെ വളരെയധികം സഹായിക്കും. ഈ ടൂള്‍ ടെന്നസിയിലെ കമ്പനി വെയര്‍ഹൗസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഗ്ലാസുകള്‍: ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ധരിക്കാനുള്ളതാണ് ഈ എഐ ഗ്ലാസുകള്‍. ശരിയായ പാക്കേജുകള്‍ തിരിച്ചറിയാനും, വഴി കണ്ടെത്താനും, ഡെലിവറി സ്ഥലത്ത് നായ്ക്കളുടെ സാന്നിധ്യം തിരിച്ചറിയാനും ഇതിന് കഴിയും. ഇവയ്ക്കായി ഡ്രൈവര്‍മാര്‍ നിലവില്‍ സ്മാര്‍ട്ട്ഫോണുകളെയാണ് ആശ്രയിക്കുന്നത്. ഡെലിവറിയിലെ കാര്യക്ഷമത വര്‍ധിപ്പിക്കലും കാലതാമസം ഒഴിവാക്കലുമാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

വിരസമായ ജോലികള്‍ എഐക്കും റോബോട്ടുകള്‍ക്കും കൈമാറുന്ന് ആമസോണ്‍ പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. നിവില്‍ ഏകദേശം നാലില്‍ മൂന്ന് ഭാഗം ഡെലിവറികളും റോബോട്ടിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്ന് കമ്പനി പറയുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ റോബോട്ടുകള്‍ സ്ഥാപിച്ചിട്ടുള്ള ഏകദേശം 40 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക വഴി ആമസോണിന് പ്രതിവര്‍ഷം 4 ബില്യണ്‍ ഡോളര്‍ വരെ ലാഭിക്കാന്‍ കഴിയുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി അടുത്തിടെ കണക്കാക്കിയിരുന്നു.

Content Highlights: Amazon is deploying AI-powered robots, AR glasses for drivers, and the Eluna AI agent to enhance efficiency and speed up deliveries, reshaping its logistics. Learn more.