പഠനം ദിവസവും 2 മണിക്കൂർ, അധ്യാപകരില്ല; വിദ്യാർഥികൾക്ക് ഞെട്ടിക്കുന്ന വാഗ്ദാനവുമായി AI സ്‌കൂൾ

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

വിദ്യാർഥികൾക്ക് വമ്പൻ വാഗ്ദാനങ്ങളാണ് ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നത്. അടിസ്ഥാന സൗകര്യങ്ങൾ മുതൽ വളരെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി വരെ നീളുന്നു വാഗ്ദാനങ്ങൾ. എന്നാൽ ഇതിൽനിന്നെല്ലാം ഒരുപടി മുന്നിട്ടുനിൽക്കുന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ആൽഫ എഐ സ്‌കൂൾ.

ആൽഫ സ്‌കൂളിനുവേണ്ടി കാമറൂൺ സോർസ്ബി സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് പ്രോഗ്രാം പ്രഖ്യാപിച്ചത്. സംരംഭകരാകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ളതാണ് പ്രോഗ്രാം. പഠനം പൂർത്തിയാകുമ്പോഴേക്കും 1 മില്യൺ ഡോളർ (ഏകദേശം 9.25 കോടി രൂപ) സമ്പാദിക്കുക. അല്ലെങ്കിൽ മുഴുവൻ ട്യൂഷൻ ഫീസും തിരികെ ലഭിക്കും- ഇതാണ് വാഗ്ദാനം.

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി സ്‌കൂളിന് ലോകത്തെ ഏറ്റവും മികച്ച ടീം ഉണ്ടാകുമെന്ന് സോർസ്ബി ഉറപ്പ് നൽകുന്നു. ഇതിനായി ആൽഫ സ്‌കൂൾ നിയമനം ആരംഭിച്ചു കഴിഞ്ഞു. വിദ്യാർഥികളെ സഹായിക്കുന്നതിനായി രണ്ടോ മൂന്നോ അസാധാരണ പരിശീലകരെയാണ്‌ തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഠിപ്പിക്കുന്നത് എഐ; ക്ലാസ് ദിവസവും രണ്ട് മണിക്കൂർ

മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ആൽഫ സ്‌കൂളിന്റെ പ്രവർത്തനം. അധ്യാപകരെ നിയോഗിക്കുന്നതിന് പകരം നിർമിതബുദ്ധി (എഐ) യുടെ സഹായത്തോടെ ഒരു ദിവസത്തെ മുഴുവൻ പഠനവും വെറും രണ്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് സ്ഥാപനം അവകാശപ്പെടുന്നു. ചാറ്റ്ജിപിടി, ക്ലോഡ് തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിച്ച് വിദ്യാർഥികളുടെ അറിവ് വിലയിരുത്തുകയും ഓരോരുത്തർക്കും യോജിച്ച വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നു.

സ്ഥാപനത്തിലെ വിദ്യാർഥികൾ അമേരിക്കയിൽ മികച്ച 1-2% റാങ്കിൽ വരുന്നു എന്നാണ് ആൽഫ സ്‌കൂളിന്റെ സ്ഥാപകനായ മക്കെൻസി പ്രൈസ് അവകാശപ്പെടുന്നത്. രണ്ട് മണിക്കൂർ പഠനത്തിനുശേഷം ബാക്കിസമയം ജീവിത നൈപുണ്യങ്ങൾ, ഇഷ്ടവിഷയങ്ങളിലുള്ള പ്രോജക്റ്റുകൾ, മറ്റു പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി ഉപയോഗിക്കുന്നു. സംരംഭകത്വ പാഠ്യപദ്ധതി എങ്ങനെയുള്ളതാണെന്ന് സ്‌കൂൾ വിശദീകരിച്ചിട്ടില്ല. വിദ്യാർഥികൾക്ക് സാധാരണ രീതിയിലുളള ക്ലാസുകൾ നൽകില്ലെന്ന് കാമറൂൺ സോർസ്ബി പറയുന്നു. പകരം പരിശീലകർ അവർക്ക് കഴിവുകൾ പകർന്ന് നൽകുമെന്നും സ്ഥാപനം അവകാശപ്പെടുന്നു.

Content Highlights: Alpha School guarantees students will earn $1 million by graduation or receive a full tuition refund., The curriculum utilizes AI tools like ChatGPT and Claude to complete academics in two hours., The school focuses on entrepreneurship, life skills, and passion projects rather than traditional lectures., Tuition is set at $40,000, with coaching roles offering up to $150,000 annually.