ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് മെച്ചപ്പെടാതെ അച്ഛനാകില്ലെന്ന് വാങ്, കാത്തിരിക്കും; എന്തുകൊണ്ട്?

നിർമിതബുദ്ധിയുടെ പിന്തുണയോടെ മനുഷ്യരുടെ ബുദ്ധിശക്തി ഭാവിയിൽ എങ്ങനെ വികസിക്കും? ഇതുസംബന്ധിച്ച കാഴ്ചപ്പാടുകൾ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മെറ്റയുടെ നിർമിതബുദ്ധി വിഭാഗമായ സൂപ്പർഇന്റലിജൻസ് ലാബ്സിന്റെ തലവൻ അലക്സാണ്ടർ വാങ്. ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് അല്ലെങ്കിൽ സമാനമായ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) സാങ്കേതികവിദ്യ വളരെ പുരോഗമിച്ചതിന് ശേഷം മാത്രമേ അച്ഛനാകൂവെന്ന് ഒരു പോഡ്കാസ്റ്റിൽ വാങ് പറഞ്ഞു. കുട്ടികളുടെ ആദ്യത്തെ ഏഴ് വർഷം തലച്ചോർ കൂടുതൽ വഴക്കമുള്ളതും ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുകൾ സ്വീകരിക്കാൻ കൂടുതൽ കഴിവുള്ളതും ആയിരിക്കും. ഇത് മുതിർന്നവരുടെ തലച്ചോറിനേക്കാൾ കൂടുതൽ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ ക്ലിനിക്കൽ ട്രയലുകൾ നടത്തുന്ന ഘട്ടത്തിലാണ് മസ്കിന്റെ ന്യൂറാലിങ്ക്. പക്ഷാഘാതം ബാധിച്ച രോഗികളുടെ ചലനശേഷി വീണ്ടെടുക്കുന്നതിനായി ഇത് ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്റെ വൈജ്ഞാനിക ശേഷി വർധിപ്പിക്കുന്നതിനായി ഈ സാങ്കേതികവിദ്യ വിപുലീകരിക്കുന്ന കാര്യം മസ്ക് വളരെക്കാലമായി പറയുന്നുണ്ട്. അതിനിടെയാണ് മെറ്റയുടെ സൂപ്പർ ഇന്റലിജൻസ് ലാബ് തലവൻതന്നെ ഇതിന്റെ സാധ്യതകളെക്കുറിച്ച് വാചാലനാകുന്നത്.
അച്ഛനാകുന്ന കാര്യത്തിൽ ന്യൂറാലിങ്ക് അല്ലെങ്കിൽ സമാനമായ BCI സാങ്കേതികവിദ്യ വിശ്വസനീയവും വ്യാപകമായി ലഭ്യമാകുന്നതുവരെ കാത്തിരിക്കുമെന്ന് വാങ് വിശദീകരിച്ചു. അക്കാലത്ത് ജനിക്കുന്ന കുട്ടികൾക്ക് പിന്നീട് ജീവിതത്തിൽ അതിനോട് പൊരുത്തപ്പെടാൻ പരിശ്രമിക്കുന്നതിന് പകരം അവരുടെ തലച്ചോറുകളിൽ നേരിട്ട് സാങ്കേതികവിദ്യ സമന്വയിപ്പിക്കാൻ കഴിയുമെന്നതാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നിൽ. ശൈശവകാലത്ത് നാഡീകോശ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള തലച്ചോറിന്റെ ഉയർന്ന കഴിവാണ് ന്യൂറോപ്ലാസ്റ്റിസിറ്റി. ആദ്യത്തെ ഏകദേശം ഏഴ് വർഷത്തിനുള്ളിൽ മുതിർന്നവർക്ക് സാധ്യമല്ലാത്ത രീതികളിൽ കുട്ടികൾക്ക് ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുകൾ സ്വീകരിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർമ്മിതബുദ്ധി അതിവേഗം വികസിക്കുകയാണ്. അതേസമയം മനുഷ്യന്റെ ജൈവിക പരിണാമം വളരെ സാവധാനത്തിലാണ്. സൂപ്പർഇന്റലിജൻസ് ഗതി നിർണയിക്കുന്ന ഭാവിയിൽ വൈജ്ഞാനികമായി മുന്നിട്ടുനിൽക്കാൻ മനുഷ്യർക്ക് നിർമ്മിതബുദ്ധിയുമായി നേരിട്ടുള്ള നാഡീ ബന്ധങ്ങൾ ആവശ്യമായി വന്നേക്കാം എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഗൂഗിളിനെയും ഓപ്പൺഎഐയെയും നിർമിതബുദ്ധി (AI) രംഗത്ത് നേരിടാൻ മാർക്ക് സക്കർബർഗ് കോടികൾ വാരിയെറിഞ്ഞ് സൃഷ്ടിച്ച ടീമാണ് മെറ്റയുടെ സൂപ്പർഇന്റലിജൻസ് ലാബ്.
എന്താണ് ന്യൂറാലിങ്ക്?
ഇലോൺ മസ്കും മറ്റ് എട്ട് നിക്ഷേപകരും ചേർന്ന് 2016 ജൂലായിൽ സ്ഥാപിച്ച ഒരു അമേരിക്കൻ ന്യൂറോ ടെക്നോളജി കമ്പനിയാണ് ന്യൂറാലിങ്ക്. മനുഷ്യ മസ്തിഷ്കവും കംപ്യൂട്ടറുകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്ന ഒരു ഉപകരണം വികസിപ്പിക്കുക എന്നതാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യം -ഒരു ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (BCI). തലച്ചോറിനെ ബാഹ്യ ഉപകരണങ്ങളുമായി നേരിട്ട് ബന്ധിപ്പിച്ച് പാർക്കിൻസൺസ് പോലെയുള്ള ന്യൂറോളജിക്കൽ രോഗങ്ങൾ ചികിത്സിക്കുകയും അങ്ങനെ മനുഷ്യന്റെ അറിവ് മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നു വെച്ചാൽ മനുഷ്യരും കൃത്രിമബുദ്ധിയും പരസ്പരം പ്രയോജനം ചെയ്യുന്ന പങ്കാളിത്തം. അങ്ങനെയാണ് വർഷങ്ങൾ നീണ്ട ഗവേഷണത്തിനൊടുവിൽ തലച്ചോറിൽ ഇംപ്ലാന്റ് ചെയ്യാവുന്നൊരു ചിപ്പ് ന്യൂറാലിങ്ക് ഗവേഷകർ വികസിപ്പിച്ചെടുത്തത്.
Content Highlights: Meta`s AI head Alexandr Wang discusses delaying children until advanced Neuralink BCIs, citing child neuroplasticity for intuitive AI integration.