എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ശല്യം കുറയും; 'എഐ സ്പാം ഡിറ്റക്ഷന്‍' സാങ്കേതിക വിദ്യയുമായി കമ്പനി

Photo: youtube.com
Photo: youtube.com

ഇന്ത്യയില്‍ ആദ്യമായി എഐ അധിഷ്ടിത സ്പാം ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. എയര്‍ടെല്‍ നെറ്റ് വര്‍ക്കില്‍ സ്പാം കോളുകളും സ്പാം എസ്എംഎസുകളും വലിയ തോതില്‍ കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് എയര്‍ടെല്‍ പറയുന്നത്. 

ഫോണിലെത്തുന്ന എസ്എംഎസുകളും ഫോണ്‍കോളുകളും സ്പാം ആയിരിക്കാം എന്ന അറിയിപ്പ് ഈ സാങ്കേതിക വിദ്യ തത്സമയം ഉപഭോക്താവിനെ അറിയിക്കും. എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഈ സേവനം തീര്‍ത്തും സൗജന്യമായി ലഭിക്കും. ഇത് ആക്ടിവേറ്റ് ചെയ്യാന്‍ ഉപഭോക്താക്കള്‍ ഒന്നും പ്രത്യേകിച്ച് ചെയ്യേണ്ടതില്ല. 

'ഈ സംവിധാനത്തിന് നെറ്റ് വര്‍ക്ക് ലെയര്‍, ഐടി സിസ്റ്റംസ് ലെയര്‍ എന്നിങ്ങനെ രണ്ട് ലെയറുകളുണ്ട്. എല്ലാ കോളുകളും എസ്എംഎസുകളും ഈ ലെയറുകള്‍ അടങ്ങുന്ന എഐ കവചത്തിലൂടെയാണ് കടന്നുപോവുക. ദിവസേന വെറും 2 മില്ലിസെക്കന്റില്‍ 150 കോടി സന്ദേശങ്ങളും 250 കോടി കോളുകളും പ്രൊസസ് ചെയ്യാന്‍ ഈ സംവിധാനത്തിന് സാധിക്കും. ഇത് അക ഉപയോഗിച്ച് തത്സമയം 10000 കോടി റെക്കോര്‍ഡുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് തുല്യമാണ്. ഭാരതി എയര്‍ടെല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു. 

ഓരോ ദിവസവും ഉത്ഭവിക്കുന്ന 10 കോടി സ്പാം കോളുകളും 30 ലക്ഷം  സ്പാം എസ്എംഎസുകളും വിജയകരമായി തിരിച്ചറിയാന്‍ സംവിധാനത്തിന് കഴിഞ്ഞുവെന്ന് വിത്തല്‍ കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ബാങ്കുകള്‍, മ്യൂച്ചല്‍ ഫണ്ട്‌സ്, ഇന്‍ഷുഷന്‍സ് കമ്പനികള്‍, എസ്എംഇകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള 160 ല്‍ ആരംഭിക്കുന്ന നമ്പറുകളും 140 ല്‍ ആരംഭിക്കുന്ന നമ്പറുകളില്‍ നിന്നുള്ള പ്രൊമോഷണല്‍ കോളുകളും ഈ സംവിധാനം തടയില്ല. എന്നാല്‍ ഡു നോട്ട് ഡിസ്റ്റര്‍ബ് ആക്ടിവേറ്റ് ചെയ്തവര്‍ക്ക് ഈ സേവനങ്ങളില്‍ നിന്നുള്ള കോളുകളും വരില്ല. 

Content Highlights: Bharti Airtel introduces AI-powered spam detection technology to combat spam