സൂപ്പര്‍ഇന്റലിജന്റ് ഗവേഷണം ഉടന്‍ നിര്‍ത്തണം; കമ്പനികള്‍ക്ക് ശാസ്ത്രജ്ഞരടക്കം 800 പ്രമുഖര്‍ ഒപ്പിട്ട കത്ത്

ഹാരി രാജകുമാരൻ, മേഗൻ മര്‍ക്കല്‍, ജെഫ്രി ഹിന്റൺ | Photo - AP, AFP
ഹാരി രാജകുമാരൻ, മേഗൻ മര്‍ക്കല്‍, ജെഫ്രി ഹിന്റൺ | Photo - AP, AFP

സൂപ്പര്‍ ഇന്റലിജന്റ് ഗവേഷണം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി നൊബേല്‍ ജേതാക്കളടക്കം വിവിധ മേഖലകളില്‍നിന്നുള്ള 800-ലധികം പ്രമുഖര്‍. എഐയുടെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്, ബ്രിട്ടനിലെ ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും അടക്കമുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള തുറന്ന കത്തില്‍ ഒപ്പുവെച്ചു. അഞ്ച് നൊബേൽ സമ്മാന ജേതാക്കള്‍, മുന്‍ സൈനിക മേധാവികള്‍ എന്നിവര്‍ അടക്കമുള്ളവരാണ് ഈ ആവശ്യത്തെ പിന്‍തുണയ്ക്കുന്നത്.

എല്ലാ വൈജ്ഞാനിക ജോലികളിലും മനുഷ്യബുദ്ധിയെ മറികടക്കുന്ന എഐ സംവിധാനങ്ങളെയാണ് സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് പറയുന്നത്. ഈ സാങ്കേതികവിദ്യ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ കരുതുന്നത്. സൂപ്പര്‍ ഇന്റലിജന്‍സ് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യാപകമായ ശാസ്ത്രീയ സമവായം ഉണ്ടാകുകയും അതിന് ശക്തമായ പൊതുജന പിന്തുണ ലഭിക്കുകയും ചെയ്യുന്നതുവരെ അത് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നാണ് കത്തില്‍ ഒപ്പുവെച്ചവര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.

എഐയുടെ ഭാവി മനുഷ്യരാശിയെ സേവിക്കാനുള്ളതാകണമെന്നും അതിനെ മാറ്റിസ്ഥാപിക്കാനുള്ളത് ആകരുതെന്നും ഹാരി രാജകുമാരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നടന്‍ ജോസഫ് ഗോര്‍ഡന്‍-ലെവിറ്റും സൂപ്പര്‍ ഇന്റലിജന്‍സ് ഗവേഷണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു: 'രോഗങ്ങള്‍ ഭേദമാക്കാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും സഹായിക്കുന്ന പ്രത്യേക എഐ ടൂളുകള്‍ വേണം. എന്നാല്‍ എഐ മനുഷ്യരെ അനുകരിക്കുകയും, നമ്മുടെ കുട്ടികളുടെ ഭാവി വാര്‍ത്തെടുക്കുകയും, എല്ലാവരെയും നിലവാരം കുറഞ്ഞ കാര്യങ്ങള്‍ക്ക് അടിമകളാക്കുകയും, പരസ്യങ്ങള്‍ നല്‍കി കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കുകയും ചെയ്യേണ്ടതുണ്ടോ? ഭൂരിഭാഗം ആളുകളും അത് ആഗ്രഹിക്കുന്നില്ല.' - അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാ വൈജ്ഞാനിക ജോലികളിലും മനുഷ്യന്റെ കഴിവിനെ മറികടക്കുന്ന സൂപ്പര്‍ ഇന്റലിജന്‍സ് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ വന്നേക്കാമെന്ന വര്‍ദ്ധിച്ചുവരുന്ന ആശങ്കയാണ് ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരുടെ എതിര്‍പ്പിന് പിന്നില്‍. അമേരിക്കക്കാരില്‍ 64 ശതമാനവും ഇത്തരം സംവിധാനങ്ങള്‍ സുരക്ഷിതമാണെന്ന് തെളിയിക്കുന്നതുവരെ നിര്‍മ്മിക്കരുതെന്ന് വിശ്വസിക്കുന്നു എന്നാണ് കത്തിനൊപ്പം പുറത്തുവിട്ട സര്‍വേ ഫലം വ്യക്തമാക്കുന്നത്. വെറും 5 ശതമാനം പേര്‍ മാത്രമാണ് നിലവിലെ അതിവേഗത്തിലുള്ള സൂപ്പര്‍ ഇന്റലിജന്‍സ് വികസനത്തെ പിന്തുണയ്ക്കുന്നത്.

അതിനിടെ വന്‍ ടെക് കമ്പനികള്‍ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിനും അപ്പുറത്തേക്കുമുള്ള ഗവേഷണങ്ങളുമായി മുന്നോട്ടു പോകുകയാണ്. കമ്പനികള്‍ ഈ വര്‍ഷം മാത്രം നൂറുകണക്കിന് ബില്യണ്‍ ഡോളറാണ് എഐ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി നിക്ഷേപിക്കുന്നത്. സൂപ്പര്‍ ഇന്റലിജന്‍സ് പടിവാതില്‍ക്കല്‍ എത്തിയെന്ന് മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു. 2030-ഓടെ അത് യാഥാര്‍ഥ്യമാകുമെന്നാണ് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പ്രതീക്ഷിക്കുന്നത്. അതിനിടെ, ഓപ്പണ്‍എഐയിലെ ലിയോ ഗാവോ എന്ന ജീവനക്കാരന്‍ പോലും കമ്പനി നിലപാടിന് വിരുദ്ധമായി കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സാങ്കേതികവിദ്യ, രാഷ്ട്രീയം, വിനോദം, ശാസ്ത്രം തുടങ്ങിയ മേഖലയിലെ പ്രമുഖര്‍ സൂപ്പര്‍ ഇന്റലിജന്‍സിനെതിരെ അണിനിരക്കുന്നത്.

Content Highlights: Over 800 prominent figures, including tech leaders, politicians, and celebrities, demand an immediate halt to superintelligent AI research due to safety and control concerns.