ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകള്‍ കൂട്ടത്തോടെ വാടകയ്‌ക്കെടുത്ത് AI സ്റ്റാര്‍ട്ടപ്പുകള്‍; പിന്നിലെന്ത് ?

സാൻ ഫ്രാൻസിസ്‌കോ | Photo - AFP
സാൻ ഫ്രാൻസിസ്‌കോ | Photo - AFP

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ കൂട്ടത്തോടെ വാടകയ്‌ക്കെടുത്ത് നിര്‍മിതബുദ്ധി (എഐ) സ്റ്റാര്‍ട്ടപ്പുകള്‍.മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു തന്ത്രമാണ് ഇപ്പോള്‍ എഐ കമ്പനികള്‍ പയറ്റുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. പ്രതിഭകളെ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്നതിനപ്പുറം അമേരിക്കയിലെ ഏറ്റവും ചെലവേറിയ പാര്‍പ്പിട സമുച്ചയങ്ങളില്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക് എടുത്തുനല്‍കുക എന്നതാണ് ഇപ്പോള്‍ എഐ സ്റ്റാര്‍ട്ടപ്പുകളുടെ രീതി.

ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ പലതും പ്രതിമാസം 3,000 ഡോളര്‍ (ഏകദേശം 2.63 ലക്ഷം ഇന്ത്യന്‍രൂപ) മുതല്‍ വാടകയ്ക്ക് എടുക്കാവുന്നവയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. AI സ്റ്റാര്‍ട്ടപ്പായ ക്ലൂലി (Cluely) സ്ട്രാഡ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ എട്ട് അപ്പാര്‍ട്ട്‌മെന്റുകളാണ് വാടകയ്‌ക്കെടുത്തത്. മെയ് മാസത്തില്‍ പാര്‍പ്പിട സമുച്ചയം തുറന്ന് രണ്ട് മാസത്തിനുള്ളില്‍ 501 യൂണിറ്റുകളില്‍ പകുതിയും വാടകയ്ക്ക് പോയി. ഈ പ്രവണത ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് പാര്‍പ്പിട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

ക്ലൂലി തങ്ങളുടെ ഓഫീസില്‍നിന്ന് ഒരു മിനിറ്റ് നടക്കാവുന്ന ദൂരത്തില്‍ പുതുതായി നിര്‍മ്മിച്ച ഒരു ആഡംബര സമുച്ചയത്തില്‍ ജീവനക്കാര്‍ക്കായി എട്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്കെടുത്തു. 16 നിലകളുള്ള ഈ കെട്ടിടത്തിലെ അപ്പാര്‍ട്ടുമെന്റുകളുടെ പ്രതിമാസ വാടക 3,000 ഡോളര്‍ മുതല്‍ 12,000 ഡോളര്‍ വരെയാണ്. 'ഓഫീസിലേക്ക് പോകുന്നത് നിങ്ങളുടെ സ്വീകരണമുറിയിലേക്ക് നടന്നുപോകുന്നതുപോലെ ജീവനക്കാര്‍ക്ക് തോന്നണം. അതുകൊണ്ടാണ് ജീവനക്കാര്‍ തൊട്ടടുത്തുതന്നെ താമസിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് - ക്ലൂലി സിഇഒ റോയ് ലീ പറയുന്നു.

ഇക്കാര്യത്തില്‍ ഒരുപടി കൂടി മുന്നോട്ട് വെച്ചിരിക്കുകയാണ് ലിന്‍ഡി എന്ന മറ്റൊരു AI സ്റ്റാര്‍ട്ടപ്പ്. ഓഫീസില്‍നിന്ന് 10 മിനിറ്റ് നടക്കാവുന്ന ദൂരത്തില്‍ താമസിക്കുന്ന ജീവനക്കാര്‍ക്ക് പ്രതിമാസം 1,000 ഡോളര്‍ വാടക സ്‌റ്റൈപ്പന്റ് വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനി. 'ജോലിസ്ഥലത്തിനടുത്ത് താമസിക്കുമ്പോള്‍ ജീവനക്കാര്‍ കൂടുതല്‍ സന്തോഷവാന്മാരും ആരോഗ്യവാന്മാരുമായിരിക്കും. ഇത് അവരെ കൂടുതല്‍ കാലം കമ്പനിയില്‍ തുടരാനും മികച്ച പ്രകടനം കാഴ്ചവെക്കാനും കൂടുതല്‍ സമയം ജോലി ചെയ്യാനും പ്രേരിപ്പിക്കും - ലിന്‍ഡി സിഇഒ ആയ ഫ്‌ളോ ക്രിവെല്ലോ പറയുന്നു.

അതിനിടെ, എഐ രംഗത്തെ കുതിച്ചുചാട്ടം സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് വന്‍തോതില്‍ പണവും പ്രതിഭകളെയും ആകര്‍ഷിച്ചിട്ടുണ്ടെന്നും ഇത് വാടക ഉയരുന്നതിന് കാരണമായിട്ടുണ്ടെന്നും മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടുചെയ്യുന്നു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഓരോ നാല് ചതുരശ്ര അടി ഓഫീസ് സ്ഥലത്തിലും ഒരെണ്ണം വാടകയ്‌ക്കെടുത്തത് ഒരു AI കമ്പനിയാണെന്നാണ് ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ സിബിആര്‍ഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: San Francisco AI startups are leasing luxury apartments for employees, a novel strategy to attract top talent in the competitive housing market, with rents starting at $3,000/month.