AI സ്വാധീനം: പിരിച്ചുവിട്ടവരെ തിരികെ വിളിച്ച് കമ്പനികൾ, യുഎസിലും യുകെയിലും ട്രെൻഡ് വ്യാപകമെന്ന് സർവേ

നിർമിതബുദ്ധി (എഐ) വ്യാപകമാകുന്ന സാഹചര്യത്തിൽ പിരിച്ചുവിടപ്പെട്ട ഒരുവിഭാഗം ജീവനക്കാരെ കമ്പനികൾ പലതും തിരിച്ചുവിളിക്കുകയാണെന്ന് സർവേയിൽ കണ്ടെത്തൽ. യു.എസിലെ അഞ്ച് ജീവനക്കാരിൽ ഒരാൾ കൗതുകകരമായ ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നു എന്നാണ് ടാലന്റ് അസ്സെസ്മെന്റ് സ്ഥാപനമായ എസ്എച്ച്എല്ലിന്റെ (SHL) സർവേ വ്യക്തമാക്കുന്നത്.
എഐ റീബൗണ്ടിങ്' എന്ന് SHL വിശേഷിപ്പിക്കുന്ന ഈ പ്രവണത യു.എസിലും യുകെയിലുമടക്കം വ്യാപകമാണെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരായ ജീവനക്കാർക്ക് ചെയ്യാൻ കഴിയുന്നതെല്ലാം എഐക്ക് ചെയ്യാൻ കഴിയില്ലെന്ന് നിരവധി കമ്പനികൾ ബുദ്ധിമുട്ടുകളിലൂടെ പഠിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സർവേ നടത്തിയവർ അവകാശപ്പെടുന്നു.
ജൂൺ, ജൂലായ് മാസങ്ങളിലാണ് സർവേ നടത്തിയത്. സർവേയിൽ യുഎസിൽനിന്ന് പങ്കെവരിൽ 19.1 ശതമാനം പേരെയും എഐ വ്യാപനംമൂലം ജോലിയിൽനിന്ന് പിരിച്ചുവിടപ്പെടുകയും പിന്നീട് അവരുടെ സ്ഥാപനങ്ങൾതന്നെ തിരികെവിളിക്കുകയും ചെയ്തതായി കണ്ടെത്തി.
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചുവിളിക്കുന്നത് കമ്പനികൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് സർവേ വ്യക്തമാക്കുന്നത്. തിരികെ വരുന്ന ജീവനക്കാർ മിക്കവരും പഴയ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് കാരണം. ഇതുസംബന്ധിച്ച് സർവേയിൽ കണ്ടെത്തിയ കാര്യങ്ങൾ ഇവയാണ്:
- മടങ്ങിവരാൻ സമ്മതിച്ച 51ശതമാനം പേരും ഗണ്യമായ ശമ്പള വർധന ആവശ്യപ്പെട്ടു.
- തൊഴിൽ സുരക്ഷയെക്കുറിച്ച് 42 ശതമാനം പേരും എഴുതിനൽകിയ ഉറപ്പുകൾ ആവശ്യപ്പെട്ടു
- തങ്ങളുടെ ജോലിയിൽ എഐ എങ്ങനെ ഉപയോഗിക്കും എന്നതിനെക്കുറിച്ച് 40 ശതമാനം പേരും വ്യക്തത ആവശ്യപ്പെട്ടു
ജീവനക്കാരെ തിരിച്ചു വിളിക്കേണ്ടിവരുന്നതിന്റെ പിന്നിലെന്ത്?
ഒരു കമ്പനി തങ്ങളുടെ ജീവനക്കാരുടെ കഴിവ് ശരിയായി വിലയിരുത്താതെ ജോലികൾ ഓട്ടോമേറ്റ് ചെയ്യുമ്പോഴാണ് എഐ റീബൗണ്ടിങ് സംഭവിക്കുന്നതെന്നാണ് വിലയിരുത്തൽ. ‘ഈ സാഹചര്യത്തിൽ എഐ പ്രതീക്ഷിക്കുന്ന ഫലം നൽകില്ല. ഇതോടെ സ്ഥാപനങ്ങൾക്ക് തങ്ങൾ ഒഴിവാക്കിയ അതേ വിദഗ്ദ്ധരെ വളരെ ഉയർന്ന ചെലവിൽ തിരികെ എത്തിക്കേണ്ടിവരുന്നു’ - SHL-ലെ പ്രൊഡക്റ്റ് ആൻഡ് ഡിസൈൻ ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റ് ലൂസി ബ്യൂമോണ്ട് പറഞ്ഞു.
നിരവധി പ്രമുഖ കമ്പനികൾക്ക് ഇതിനകം തന്നെ ഈ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട്. എഐ-പവേർഡ് ക്വാളിറ്റി കൺട്രോൾ ടൂളുകൾ പ്രതീക്ഷിച്ച നിലയിൽ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വാഹന നിർമ്മാതാക്കളായ ഫോർഡ് ജൂണിൽ 350 പരിചയസമ്പന്നരായ എൻജിനീയർമാരെ നിയമിക്കുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്തിരുന്നു. സ്വീഡിഷ് സ്ഥാപനമായ ക്ലാർണ (Klarna) എഐ ചാറ്റ്ബോട്ടുകളെ അമിതമായി ആശ്രയിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനുശേഷം മനുഷ്യരായ കസ്റ്റമർ സർവീസ് പ്രതിനിധികളെ വീണ്ടും നിയമിക്കാൻ തുടങ്ങിയിട്ടുണ്ട്.
Content Highlights: 19.1% of US workers replaced by AI were later asked to return to their jobs., Returning employees demanded higher pay, job security guarantees, and AI transparency., Major firms like Klarna and Ford are bringing back human workers due to AI limitations., AI-driven job cuts reached 121,401 through October, more than double the total for 2025.