ഏത് കോഴ്സ്, എവിടെ പഠിക്കണം? AI പറയും, സംശയങ്ങൾക്കെല്ലാം മറുപടിയും ലഭിക്കും

ന്യൂഡൽഹി: ഏതുരാജ്യത്തെ ഏതുസർവകലാശാലയിലെ കോഴ്സാണ് ഒരാൾക്ക് യോജിച്ചതെന്ന് എങ്ങനെയറിയാം? വിദ്യാർഥിയുടെ അഭിരുചിയും യോഗ്യതയും ആഗോള സാധ്യതകളുമെല്ലാം പരിശോധിച്ച് എവിടെ പഠിക്കണമെന്ന് എ.ഐ. പറയും.
തീർന്നില്ല, കോഴ്സിന് അപേക്ഷിക്കലും കോച്ചിങ്ങും അഭിമുഖവും വിദ്യാഭ്യാസവായ്പയും മുതൽ വിസയും അഡ്മിഷനുംവരെ എല്ലാം ഏറ്റെടുത്തുചെയ്യുന്ന വിദ്യാഭ്യാസ കൺസൾട്ടന്റുമാർ ഇതിനെല്ലാം ആശ്രയിക്കുന്നത് എ.ഐ. മോഡലുകളെയാണ്. ഡൽഹിയിലെ എ.ഐ. ഉച്ചകോടിയിലെ എക്‌സ്പോയിൽ ഇതെല്ലാം എങ്ങനെയെന്ന് കാണിച്ചുതരുകയാണ് കരിയർ തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന ലിവറേജ് എജ്യു എന്ന ഓൺലൈൻ പ്ലാറ്റ്ഫോം.
ഉന്നത വിദ്യാഭ്യാസത്തിന് ഏതുകോഴ്സ് തിരഞ്ഞെടുക്കണമെന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും എപ്പോഴും വലയ്ക്കുന്ന ചോദ്യമാണ്. വിദ്യാർഥികളുടെ അഭിരുചിയും യോഗ്യതയുമറിയലാണ് ആദ്യഘട്ടം. തുടർന്ന് ഏറ്റവും അനുയോജ്യമായ കോഴ്സ് ഏതാണെന്നും അതിൽത്തന്നെ ഏറ്റവും സാധ്യതയുള്ളത് എവിടെ പഠിച്ചാലാണെന്നും ആയിരക്കണക്കിന് ഡേറ്റ വിശകലനംചെയ്ത് കണ്ടെത്തണം. അവിടെ പ്രവേശനം നേടാൻ ആവശ്യമായ പരിശീലനം, അഭിമുഖങ്ങൾ, വിദേശത്താണെങ്കിൽ വിസ, വായ്പ, സ്‌കോളർഷിപ്പ് തുടങ്ങിയവയെല്ലാം ലഭ്യമാക്കാനും വിദ്യാർഥികൾക്ക് സഹായം വേണ്ടിവരുന്നു.
കോഴ്സ് തിരഞ്ഞെടുക്കുന്നത് മുതൽപ്രവേശനം നേടുന്നതുവരെയുള്ള സേവനങ്ങൾ എ.ഐ. അധിഷ്ഠിത ആപ്പും പോർട്ടലുമുപയോഗിച്ച് എളുപ്പമാക്കുകയാണ് ലിവറേജ് എജ്യു കമ്പനി സ്ഥാപകനും സി.ഇ.ഒ.യുമായ അക്ഷയ് ചതുർവേദി പറഞ്ഞു. വിദ്യാർഥികൾക്ക് നേരിട്ട് സംവദിക്കാൻ എ.ഐ. അധിഷ്ഠിത അക്കാദമിക പരിശീലകയുമുണ്ട്. വസു എ.ഐ. എന്ന ഈ കോച്ച് വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. കൂടാതെ കൺസൾട്ടന്റുമാരുമായി നേരിട്ടും സംസാരിക്കാം.
ലോകവ്യാപകമായി 27 രാജ്യങ്ങളിലായി 850-ലേറെ സർവകലാശാലകളിൽ ലിവറേജ് പ്രവേശനം സാധ്യമാക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. പതിനായിരത്തിലേറെ എജുക്കേഷൻ കൺസൾട്ടന്റുമാരുടെ മുഴുവൻസമയ സേവനവും ലഭ്യമാണ്. വിദ്യാർഥികൾക്ക് മാത്രമല്ല നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് വിവിധ രാജ്യങ്ങളിൽ ജോലി കണ്ടെത്താനും സഹായിക്കുന്നുണ്ട്.
Content Highlights: Discover your ideal study abroad path! AI analyzes your interests, qualifications, and global opportunities to guide your course selection and university admission.