ഹാക്കര്‍മാരെ വെല്ലുന്ന പ്രകടനവുമായി AI; ദുരുപയോഗം ചെയ്യപ്പെടുമോ എന്ന് ആശങ്ക

ഹാക്കര്‍മാരായി മനുഷ്യരേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എഐ (നിര്‍മിതബുദ്ധി) ഏജന്റുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തല്‍. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഒരു പരീക്ഷണത്തിലൂടെയാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. എഐ ഏജന്റായ ARTEMIS-നെ സ്റ്റാന്‍ഫോര്‍ഡ് നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പൊതുവും സ്വകാര്യവുമായ കമ്പ്യൂട്ടറുകളില്‍ 16 മണിക്കൂറോളം വിന്യസിച്ചാണ് പരീക്ഷണം നടത്തിയത്. ഗവേഷകര്‍ ഈ എഐ ഏജന്റിനെ 8,000 ഉപകരണങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്താനും അവ മുതലെടുക്കാനും പരിശീലിപ്പിച്ചു. സൈബര്‍ ഹാക്കിംഗ് ഭീഷണിയെ നേരിടാനും സാങ്കേതികവിദ്യ എത്രത്തോളം മെച്ചപ്പെടുന്നു എന്ന് ലോകത്തെ കാണിക്കാനും വേണ്ടി വികസിപ്പിച്ചെടുത്ത എഐ ഏജന്റാണ് ARTEMIS AI.
ഞെട്ടിപ്പിക്കുന്നതായിരുന്നു പരീക്ഷണഫലം എന്നാണ് ഗവേഷകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കഴിവുറ്റ മനുഷ്യ ഹാക്കര്‍മാരേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ARTEMIS തെളിയിച്ചു. പരീക്ഷണത്തില്‍ പങ്കാളികളായ 10 ഹാക്കര്‍മാരില്‍ 9 പേരെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എഐക്ക് കഴിഞ്ഞു. ഹാക്കര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയാഞ്ഞ ചില സുരക്ഷാ പഴുതുകള്‍ എഐ കണ്ടെത്തുകയും ചെയ്തു.
ജസ്റ്റിന്‍ ലിന്‍, എലിയറ്റ് ജോണ്‍സ്, ഡോണോവന്‍ ജാസ്പര്‍ എന്നിവര്‍ നയിച്ച സംഘമാണ് പരീക്ഷണം നടത്തിയത്. എഐ ഏജന്റിന് ഒരു നിശ്ചിത നിലയിലുള്ള പരിശീലനം മാത്രമാണ് അവര്‍ നല്‍കിയത്. എന്നാല്‍ വളരെയേറെ സമയമെടുത്ത് പ്രവര്‍ത്തിക്കാനും ഉപകരണങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ സ്‌കാന്‍ ചെയ്യാനും പരിശോധിക്കാനും വിശകലനം ചെയ്യാനും അതിന് കഴിഞ്ഞു. എഐ ഏജന്റുകളുടെ ശക്തിയെക്കുറിച്ചും അവ തെറ്റായ കൈകളില്‍ എത്തിയാല്‍ ഉണ്ടാകാവുന്ന അപകടത്തെപ്പറ്റിയും വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു അവരുടെ പരീക്ഷണം. ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്‍ ടെക് കമ്പനികള്‍ സൈബര്‍ ആക്രമണ സാധ്യത കണ്ടെത്താനും തടയാനും നിലവില്‍ എഐ ഉപയോഗിക്കുന്നുണ്ട്.
Content Highlights: Stanford`s ARTEMIS AI agent demonstrates superior hacking abilities compared to humans, uncovering critical security flaws. Discover the implications for cybersecurity.