SAR ഉപഗ്രഹ വിക്ഷേപണം: ഫിൻലൻഡ് കമ്പനിയുമായി കൈകോർക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പ്

ഫിൻലൻഡ് ആസ്ഥാനമായ ICEYE എന്ന കമ്പനിയുമായി കൈകോർക്കാൻ ഇന്ത്യൻ സ്‌പേസ് സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസ്. സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) ഉപഗ്രഹ സംവിധാനങ്ങളുടെ ഇന്ത്യയിലെ നിർമാണം, വിക്ഷേപണം, പ്രവർത്തിപ്പിക്കൽ എന്നിവയിലാണ് സഹകരണം. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തെ സാന്നിധ്യം വർധിപ്പിക്കുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണിത്
SAR ഉപഗ്രഹങ്ങളിൽ ICEYE യുടെ വൈദഗ്ധ്യം അഗ്നികുലിന്റെ തദ്ദേശീയ ലോഞ്ച് വെഹിക്കിൾ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. അഗ്നികൂലിന് ഉപഗ്രഹ നിർമാണ ശേഷി ലഭ്യമാകുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. അഗ്‌നികുലിന്റെ റോക്കറ്റുകൾ ഉപയോഗിച്ച് വിക്ഷേപണങ്ങൾ സാധ്യമാക്കുക എന്നതും ഇതിന്റെ ഭാഗമാണ്.
ഭൂമിയുടെ ചിത്രങ്ങൾ പകർത്തുന്നതിന് ഒപ്റ്റിക്കൽ ക്യാമറകൾക്ക് പകരം റഡാർ ഉപയോഗിക്കുന്നവയാണ് SAR ഉപഗ്രഹങ്ങൾ. ഇരുട്ടുള്ള സമയത്തും മേഘാവൃതമായ കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിക്കാൻ റഡാർ സഹായിക്കുന്നു. ദുരന്ത നിവാരണം, അതിർത്തി നിരീക്ഷണം, സമുദ്ര നിരീക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ദേശീയ സുരക്ഷ എന്നിവയ്ക്ക് SAR ഉപഗ്രഹങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.
ഉപഗ്രഹങ്ങൾ ഇന്ത്യയിൽ നിർമിക്കാനും വിക്ഷേപിക്കാനും ഒടുവിൽ പ്രവർത്തിപ്പിക്കാനും കഴിയുന്ന ഒരു സംയോജിത സംവിധാനം സൃഷ്ടിക്കുകയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് അഗ്‌നികുൽ പറഞ്ഞു. ICEYE- യെ സംബന്ധിച്ചിടത്തോള ഏഷ്യാ-പസഫിക് മേഖലയിലെ അവരുടെ ഒരു തന്ത്രപരമായ നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറും.
ലോകത്തിലെ ഏറ്റവും വലിയ SAR ഉപഗ്രഹ കൂട്ടം നിലവിൽ ICEYE പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിനകം 70 ലധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. പോളണ്ട്, സ്വീഡൻ, ജർമ്മനി തുടങ്ങിയ ഏഴ് യൂറോപ്യൻ സർക്കാരുകൾക്ക് അവർ സ്വതന്ത്ര ഉപഗ്രങ്ങൾ നൽകിയിട്ടുണ്ട്.
Content Highlights: Strategic partnership between Agnikul Cosmos and ICEYE for SAR satellite operations., Goal to establish indigenous satellite manufacturing and launch capabilities in India., Utilization of Agnikul’s 3D-printed rocket engines for responsive satellite deployment., Enhancement of India's national security, disaster management, and maritime monitoring via SAR imaging.