ഇന്ത്യയിൽ യാത്രാവിമാന നിർമാണം; എംബ്രേയറുമായി കൈകോർക്കാൻ അദാനി, ധാരാണാപത്രം ഒപ്പുവെച്ചു

#ടെക്‌നോളജി ഡെസ്‌ക്
1. എംബ്രായര്‍ വിമാനം 2. ഗൗതം അദാനി | Photo - AFP, embraer
1. എംബ്രായര്‍ വിമാനം 2. ഗൗതം അദാനി | Photo - AFP, embraer

വാണിജ്യവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രേയറുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് അദാനി ഏറോ സ്‌പേസ് ആൻഡ് ഡിഫൻസ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലാവും വിമാനനിർമ്മാണം. പങ്കാളിത്തത്തിന്റെ അന്തിമഘടന, വിമാനനിർമാണം ഇന്ത്യയിൽ എവിടെ നടത്തും എന്നീ കാര്യങ്ങളിൽ ചർച്ച തുടരുകയാണെന്ന് എംബ്രേയർ അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു പങ്കെടുത്ത ചടങ്ങിലാണ് ഇരുകമ്പനികളും പങ്കാളിത്തം പ്രഖ്യാപിച്ചത്.

ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന നിർമ്മാതാക്കളാണ് എംബ്രേയർ. എയർബസ്, ബോയിങ് എന്നിവയ്ക്ക് തൊട്ടുപിന്നിലാണ് കമ്പനിയുടെ സ്ഥാനം. വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ എംബ്രേയറിന് അവസരം നൽകുന്നതാണ് അദാനിയുമായുള്ള സഹകരണം. പങ്കാളിത്തവുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത ഉടൻ ലഭിക്കുമെന്നും പദ്ധതിയുടെ ആസൂത്രണത്തോടൊപ്പം പ്രാരംഭ പ്രവർത്തനങ്ങളും സമാന്തരമായി ആരംഭിക്കുമെന്നും അദാനി ഡിഫൻസ് ആൻഡ് ഏറോ സ്‌പേസ് ഡയറക്ടർ ജീത് അദാനി പറഞ്ഞു. സമയപരിധിയും മറ്റ് വിശദാംശങ്ങളും അടുത്ത രണ്ട് മാസത്തിനുള്ളിൽ വെളിപ്പെടുത്തുമെന്നും ജീത് അദാനി കൂട്ടിച്ചേർത്തു.

വിമാന നിർമ്മാണം, വിതരണ ശൃംഖല, വിൽപ്പനാനന്തര സേവനങ്ങൾ, പൈലറ്റുമാരുടെ പരിശീലനം എന്നിവ ഉൾപ്പെടെ റീജിയണൽ ട്രാൻസ്‌പോർട്ട് വിമാനങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ പൂർണ്ണമായി വികസിപ്പിക്കുക എന്നതാണ് സഹകരണത്തിന്റെ ലക്ഷ്യമെന്ന് കമ്പനികൾ പറയുന്നു. ആഗോള ഏറോ സ്‌പേസ് രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുന്നതാണ് ഈ സഹകരണം. വ്യോമയാന രംഗത്തെ സ്വയംപര്യാപ്തതയിലേക്കുള്ള ധീരമായ ചുവടുവെപ്പാണിതെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ ഏവിയേഷൻ വിപണി അതിവേഗം വളരുകയാണെന്ന് ചടങ്ങിൽ സംസാരിക്കവെ വ്യോമയാന സെക്രട്ടറി സമീർ കുമാർ സിൻഹ ചൂണ്ടിക്കാട്ടി. 'ഇന്ന് ലോകത്തൽ അതിവേഗം വളരുന്ന സിവിൽ ഏവിയേഷൻ വിപണികളിൽ ഒന്നാണ് ഇന്ത്യ. വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വികസിക്കുകയും യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും വർധന സ്ഥിരമായി തുടരുകയും ചെയ്യുന്നു,' സിൻഹ പറഞ്ഞു.

'UDAN പദ്ധതി ഈ മാറ്റത്തിന്റെപ്രധാന പ്രേരകശക്തിയാണ്. ഇന്ത്യൻ വിമാനക്കമ്പനികൾ നിലവിൽ 1,800-ൽ അധികം വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇത് ശക്തമായ വളർച്ചയുടെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

11 വ്യത്യസ്ത വിഭാഗങ്ങളിമായി ഏകദേശം 50-ലേറെ എംബ്രേയർ വിമാനങ്ങൾ നിലവിൽ രാജ്യത്ത് പറക്കുന്നുണ്ട്. ഇന്ത്യൻ വ്യോമസേന, സർക്കാർ ഏജൻസികൾ,  സ്റ്റാർ എയർ എന്നിവർക്ക് എംബ്രേയർ നിലവിൽ സേവനം നൽകുന്നുണ്ട്. അടുത്ത 20 വർഷത്തിനുള്ളിൽ രാജ്യത്ത് 500-ൽ അധികം ചെറിയ വിമാനങ്ങൾ ആവശ്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Adani Aerospace, Embraer, Regional Aircraft Assembly, Make in India, Aircraft Manufacturing India, Aerospace India, Indian Aviation, Commercial Aircraft India, Embraer India, Adani Defence Aerospace