ഐഫോൺ 16 പ്രോയുടെ ലുക്ക്, വില 10000-ൽ താഴെ, ലാവ യുവ4 അവതരിപ്പിച്ചു

photo:lavamobiles
photo:lavamobiles

ലാവ യുവ4 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4GB + 64GB, 4GB + 128GB സ്റ്റോറേജ് മോഡലുകളാണ് യുവ4-ൽ ഉള്ളത്.  4GB + 64GB ബേസ് മോഡൽ വേർഷന് 6,999 രൂപയാണ് വില. 4GB + 128GB വേർഷന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലാവ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി ഉപഭോക്താക്കൾക്ക് ഈ മാസം മുതൽ ഫോൺ സ്വന്തമാക്കാം.

ഗ്ലോസി വൈറ്റ്, ​ഗ്ലോസി പർപ്പിൾ, ​ഗ്ലോസി ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഒരു വർഷത്തെ വാറന്റിക്കൊപ്പം സൗജന്യ ഹോം സർവ്വീസും ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ലാവ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 

ഫോണിന്റെ സവിശേഷതകള്‍

കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ യുവ 3-യുടെ അതേ ഡിസ്പ്ലേ, പ്ലോസസർ, റാം, സ്റ്റോറേജ് എന്നിവയാണ് യുവ 4-ലും ഉള്ളത്. ആൻഡ്രോയിഡ് 14 ഒഎസിൽ പ്രവർത്തിക്കുന്ന യുവ 4-ൽ ആൻഡ്രോയിഡ് 15 അപ്ഡേറ്റും കമ്പനി ഉറപ്പുനൽകുന്നുണ്ട്. യുവ4-ന്റെ ഡിസൈൽ ഐഫോൺ 16 പ്രോയോട് സാമ്യമുണ്ടെന്നതും ശ്രദ്ധേമായാണ്.   

6.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ, 90ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, യൂണിസോണിക് ടി-606 പ്രോസസറിനോടൊപ്പം മാലി-ജി57 എംസി2 ജിപിയു, ഡ്യുവൽ സിം (നാനോ+നാനോ+മൈക്രോ എസ്.ഡി), സൈഡ് മൗണ്ടഡ് ഫിം​ഗർ പ്രിന്റ് സ്കാനർ, യു.എസ്.ബി-സി പോർട്ട്, 3.5എംഎം  ഹെഡ്‌ഫോണ്‍ ജാക്ക്,  4G VoLTE കണക്ടിവിറ്റി എന്നിവ സവിശേഷതകളാണ്. 5,000 എംഎഎച്ച് ബാറ്ററിയില്‍ 10വാട്ട് ചാര്‍ജിങ് സൗകര്യമുണ്ട്. 50MP റിയര്‍ ക്യാമറയും 8MP സെല്‍ഫി ക്യാമറയുമാണുള്ളത്. 
 

Content Highlights: Lava Yuva 4 Launched In India