Jio ഉപയോക്താക്കൾക്ക് Canva AI ഡിസൈൻ ടൂളുകൾ 12 മാസത്തേക്ക് സൗജന്യം; Pro, Pro Lite എന്നിവ ലഭിക്കും

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AFP, Getty
പ്രതീകാത്മകചിത്രം | AFP, Getty

ഇന്ത്യയിലെ ഉപയോക്താക്കൾക്ക് എഐ അധിഷ്ഠിത ഡിസൈൻ ടൂളുകൾ സൗജന്യമായി ലഭ്യമാക്കാൻ ജിയോ. ജിയോയും കാൻവയും (Canva) പ്രഖ്യാപിച്ച തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായാണിത്. ജിയോയുടെ വിപുലമായ ഡിജിറ്റൽ ശൃംഖലയും കാൻവയുടെ എഐ അധിഷ്ഠിത ക്രിയേറ്റീവ് പ്ലാറ്റ്ഫോമും ഒരുമിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയിലൂടെ ജിയോ ഉപയോക്താക്കൾക്ക് 12 മാസം വരെ Canva Pro അല്ലെങ്കിൽ Canva Pro Lite സൗജന്യമായി ഉപയോഗിക്കാം. പരമാവധി 4,000 രൂപവരെ മൂല്യമുള്ള ആനുകൂല്യമാണ് ലഭിക്കുക. MyJio ആപ്പിലൂടെ ഓഫർ ക്ലെയിം ചെയ്യാനാകും. അധിക നിരക്കുകളോ മറ്റ് ചാർജുകളോ ഉണ്ടാകില്ല.വിദ്യാർഥികൾ, കണ്ടന്റ് ക്രിയേറ്റർമാർ, പ്രൊഫഷണലുകൾ, സംരംഭകർ, ചെറുകിട ബിസിനസുകൾ എന്നിവർക്കായി മൊബൈൽ ഫോണിൽ തന്നെ പ്രൊഫഷണൽ നിലവാരത്തിലുള്ള ഡിസൈനുകൾ തയ്യാറാക്കാൻ കാൻവയുടെ സേവനം പ്രയോജനപ്പെടുത്താം. ഹിന്ദിയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലും പ്ലാറ്റ്ഫോം ലഭ്യമാകും.

ജിയോ റീചാർജ് പ്ലാൻ അനുസരിച്ചായിരിക്കും Canva പതിപ്പ് ലഭ്യമാകുക.

  • 399 പ്ലാൻ: Canva Pro
  • 349 പ്ലാനും 349-ന് മുകളിലുള്ള എല്ലാ 2GB/ദിവസം പ്ലാനുകളും: Canva Pro Lite

2026 സെപ്റ്റംബർ 16 മുതൽ അർഹമായ പ്ലാനുകളിൽ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 12 മാസത്തെ Canva ഓഫർ ലഭ്യമാകും.

കാൻവയിലൂടെ ലോകോത്തര AI അധിഷ്ഠിത ഡിസൈൻ ടൂളുകൾ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കൈകളിലെത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡന്റ് കിരൺ തോമസ് പറഞ്ഞു. MyJioയിൽ ഒരു ടാപ്പിലൂടെ സൗജന്യമായി ലഭിക്കുന്ന ഈ സേവനം വിദ്യാർഥികൾക്കും ക്രിയേറ്റർമാർക്കും സംരംഭകർക്കും ചെറുകിട ബിസിനസുകൾക്കും ഡിജിറ്റൽ ഇന്ത്യയിൽ സൃഷ്ടിക്കാനും പഠിക്കാനും വളരാനും വരുമാനം നേടാനും സഹായിക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാൻവയുടെ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് കാൻവ സഹസ്ഥാപകനും സിഒഒ യുമായ ക്ലിഫ് ഒബ്രെക്റ്റ് പറഞ്ഞു. പ്രാദേശിക ബിസിനസുകളും ക്രിയേറ്റർമാരും അധ്യാപകരും കാൻവ ഉപയോഗിച്ച് ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വലിയ വളർച്ചയാണ് കാണുന്നതെന്നും ജിയോയുമായുള്ള പങ്കാളിത്തം രാജ്യത്തുടനീളം കൂടുതൽ ആളുകളിലേക്ക് കാൻവയുടെ സാധ്യതകൾ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Jio partners with Canva to offer AI-powered design tools for free., Users can get up to 12 months of Canva Pro or Canva Pro Lite worth up to ₹4,000., Offer is available for eligible recharges starting September 16, 2026., Can easily claim the benefit directly through the MyJio app.