ഇൻ-ബിൽറ്റ് കൂളിങ് ഫാനും വമ്പൻ ചിപ്പ്സെറ്റും; ഗെയിമർമാരെ ലക്ഷ്യമിട്ട് ഐഖൂ16 സീരീസ് വരുന്നു

അധികം വൈകാതെ ഐഖൂ 16 സീരീസ് വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി ഈ ഫ്ളാഗ്ഷിപ്പ് സ്മാർട്ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ പലതും പുറത്തുവന്നിട്ടുണ്ട്. ഐഖൂ 16 ടി മോഡലിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും ഗെയിമർമാരെ ആകർഷിക്കുന്ന രീതിയിലുള്ള മികച്ച ഫീച്ചറുകളുമായാണ് ഈ ഫോൺ എത്തുകയെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.
ഐഖൂ 16ടി നിലവിൽ ടെസ്റ്റിങ് ഘട്ടത്തിലെത്തിയിട്ടുണ്ടെന്നാണ് ടിപ്പ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നത്. ക്വാൽകോമിന്റെ വരാനിരിക്കുന്ന സ്നാപ്ഡ്രാഗൺ എലൈറ്റ് ജെൻ 6 ചിപ്പ്സെറ്റിൽ ഈ ഫോണിന്റെ പ്രോട്ടോടൈപ്പ് പരീക്ഷിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഫ്ളാഗ്ഷിപ്പ് സ്മാർട്ഫോണുകളിൽ ഈ ചിപ്പ്സെറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം മീഡിയാ ടെക്കിന്റെ വരും തലമുറ ഡൈമെൻസിറ്റി 9600 ചിപ്പും ഫോണിൽ പരീക്ഷിക്കുന്നുണ്ട്. അതായത് ഈ രണ്ട് ചിപ്പ് സെറ്റുകളിലുള്ള വ്യത്യസ്ത മോഡലുകൾ കമ്പനി വിപണിയിലെത്തിച്ചേക്കാം.
ഗെയിമിങ് ഫോൺ ആയതുകൊണ്ടുതന്നെ ഇൻ-ബിൽറ്റ് കൂളിങ് ഫാനോടെയായിരിക്കും ഐക്യൂ 16T എത്തുക. സാധാരണ നൽകുന്ന വേപ്പർ ചേമ്പറുകൾക്ക് പകരം ആക്ടീവ് കൂളിങ് സംവിധാനം നൽകുന്ന ചുരുക്കം ചില ഫ്ലാഗ്ഷിപ്പ് ഫോണുകളിലൊന്നാകും ഇത്. മികച്ച ഗെയിമിങ്, സ്ട്രീമിങ് അനുഭവത്തിനായി 2K റെസല്യൂഷനുള്ള ഫ്ലാറ്റ് സാംസങ് ഡിസ്‌പ്ലേയും ഫോണിൽ നൽകിയേക്കാം. കേവലം ബെഞ്ച്മാർക്ക് നമ്പറുകൾക്ക് പകരം സ്ഥിരതയുള്ള മികച്ച പെർഫോമൻസ് നൽകാനാണ് കമ്പനി ഈ ഫോണിലൂടെ ലക്ഷ്യമിടുന്നത്.
16T-യ്‌ക്കൊപ്പം സ്റ്റാൻഡേർഡ് ഐക്യൂ 16 ഫോണും വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ ചിപ്‌സെറ്റും വലിയ 8,500mAh ബാറ്ററിയും ഇതിലുണ്ടാകുമെന്നാണ് പഴയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെമ്മറി ചിപ്പുകളുടെ വില വർധിക്കുന്നതിനാൽ ഈ വർഷം കമ്പനി അൾട്രാ മോഡൽ പുറത്തിറക്കിയേക്കില്ല.
വരുന്ന സെപ്റ്റംബറോടെ ഐക്യൂ 16 സീരീസ് ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിന്റെ മുൻ മോഡലായ ഐക്യൂ 15T ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ലാത്തതിനാൽ, ഐക്യൂ 16T-യും ഇന്ത്യൻ വിപണിയിൽ എത്തുമോ എന്ന കാര്യം സംശയമാണ്. ഫോൺ ഇപ്പോഴും ടെസ്റ്റിങ് ഘട്ടത്തിലായതിനാൽ ലോഞ്ചിന് മുൻപായി ഈ ഫീച്ചറുകളിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്.
Content Highlights: The upcoming iQOO 16T flagship smartphone is reportedly in its testing phase, featuring next-generation processors like the Snapdragon 8 Elite Gen 6, a 2K flat Samsung display, and a dedicated built-in cooling fan designed for high-performance gaming.