10 കോടി PlayStation 5 കൺസോളുകൾ വിൽപ്പനയ്ക്കെത്തിച്ച് സോണി, GTA-6ന്റെ വരവ് നേട്ടമായി

#ടെക്നോളജി ഡെസ്ക്
Photo: direct.playstation.com
Photo: direct.playstation.com

ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തിച്ച സോണി പ്ലേസ്റ്റേഷൻ 5 ഗെയിമിങ് കൺസോളുകളുടെ എണ്ണം 10 കോടി പിന്നിട്ടു. 2020 നവംബറിൽ വിപണിയിലെത്തിയ ഗെയിമിങ് കൺസോൾ ആറു വർഷത്തിനടുത്ത കാലയളവിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. റോക്ക്സ്റ്റാർ ഗെയിംസിന്റെ ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 (GTA 6) നവംബർ 19-ന് പുറത്തിറങ്ങാനിരിക്കെയാണ് സോണിയുടെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. അവധിക്കാല വിൽപ്പനയും പുതിയ ഗെയിമിന്റെ വരവും കൂടി ചേരുന്നതോടെ പ്ലേസ്റ്റേഷൻ 5-ന്റെ വിൽപ്പന ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

സോണിയുടെ ഏറ്റവും പുതിയ ബിസിനസ് റിപ്പോർട്ട് പ്രകാരം 2026 നവംബർ 10-നാണ് പ്ലേസ്റ്റേഷൻ 5-ന്റെ ആഗോള ഷിപ്പ്‌മെന്റ് 10 കോടി യൂണിറ്റ് പിന്നിട്ടത്. 2026 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് 9.79 കോടി യൂണിറ്റുകളായിരുന്നു പി.എസ്. അഞ്ചിന്റെ ഷിപ്പ്‌മെന്റ്. ഏകദേശം 40 ദിവസത്തിനുള്ളിൽ 21 ലക്ഷത്തിലധികം കൺസോളുകളാണ് സോണി അധികമായി വിപണിയിലെത്തിച്ചത്. എന്നാൽ ഇത് ഉപയോക്താക്കൾ വാങ്ങിയ കൺസോളുകളുടെ എണ്ണമല്ല, റീട്ടെയിൽ വ്യാപാരികൾക്ക് വിൽപ്പനയ്ക്കായി എത്തിച്ച യൂണിറ്റുകളെയാണ് സൂചിപ്പിക്കുന്നത്.

സോണിയുടെ ഹോം കൺസോളുകളിൽ 10 കോടി യൂണിറ്റ് ഷിപ്പ്‌മെന്റ് പിന്നിടുന്ന നാലാമത്തെ മോഡലാണ് പി.എസ്. 5. പ്ലേസ്റ്റേഷൻ നാലിന് ഏകദേശം അഞ്ചു വർഷവും ഏഴു മാസവും വേണ്ടിവന്നപ്പോൾ പി.എസ്. 5 ഈ നേട്ടത്തിലെത്താൻ ഏകദേശം ആറു വർഷമെടുത്തു. 10.24 കോടി പ്ലേസ്റ്റേഷൻ നാല് യൂണിറ്റുകളും 16 കോടി പ്ലേസ്റ്റേഷൻ രണ്ട് കൺസോളുകളും കമ്പനി മുൻപ് വിറ്റഴിച്ചിട്ടുണ്ട്.

ജി.ടി.എ. 6-ന്റെ വരവ് നേട്ടമായി

നവംബർ 19-നാണ് ജി.ടി.എ. 6 പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് എക്സ്/എസ് പ്ലാറ്റ്ഫോമുകളിൽ പുറത്തിറങ്ങുന്നത്. പഴയ പ്ലേസ്റ്റേഷൻ നാലിൽ പുതിയ ഗെയിം പ്രവർത്തിക്കില്ല. അതിനാൽ സോണിയുടെ കൺസോളിൽ ജി.ടി.എ. 6 കളിക്കാൻ ആഗ്രഹിക്കുന്നവർക്ക് പി.എസ്. 5 വാങ്ങുകയല്ലാതെ മറ്റു മാർഗമില്ല. അത് പ്ലേസ്റ്റേഷനുകളുടെ വിൽപ്പനയ്ക്ക് ശക്തിപകർന്നേക്കും. അതേസമയം മൈക്രോസോഫ്റ്റ് പഴയ എക്സ്ബോക്സ് വൺ ഉപയോക്താക്കൾക്ക് ക്ലൗഡ് ഗെയിമിങ്ങിലൂടെ ജി.ടി.എ. 6 നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനകം വൻ പ്രചാരമാണ് ജി.ടി.എ. 6-ന് ലഭിച്ചിരിക്കുന്നത്. ഡിജിറ്റൽ പ്രീ-ഓർഡറുകളിലൂടെമാത്രം ഗെയിം 100 കോടി ഡോളറിലധികം വരുമാനം നേടിയെന്നാണ് വ്യവസായ മേഖലയിലെ കണക്കുകൂട്ടലുകൾ. ഇതിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത് സോണിയായിരിക്കുമെന്നാണ് വിലയിരുത്തൽ. ജി.ടി.എ. 6-ന്റെ പ്രീ-ഓർഡറുകളിൽ ഏകദേശം 75 ശതമാനവും പി.എസ്. 5-നുവേണ്ടിയുള്ളതാണ്. പ്ലേസ്റ്റേഷൻ സ്റ്റോർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രീ-ഓർഡറുകൾ ലഭിച്ച ഗെയിമായി ജി.ടി.എ. 6 മാറിയെന്നും സോണി സ്ഥിരീകരിച്ചിട്ടുണ്ട്.

പ്ലേസ്റ്റേഷൻ ആറിനുള്ള ഒരുക്കങ്ങളും തുടങ്ങി

അടുത്ത സാമ്പത്തിക വർഷത്തോടെ വിപണിയിൽ പ്ലേസ്റ്റേഷൻ 5-ന്റെ ആവശ്യക്കാർ കുറയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. അടുത്ത തലമുറ കൺസോളായ പ്ലേസ്റ്റേഷൻ 6-ന് (PS6) വേണ്ടിയുള്ള ഒരുക്കങ്ങളും സോണി ആരംഭിച്ചിട്ടുണ്ട്.

ഒരു കൺസോളിന്റെ വിപണിയിലെ കാലാവധി കൂടുന്നതിനനുസരിച്ച് അതിന്റെ വിൽപ്പനയിൽ സ്വാഭാവികമായ കുറവുണ്ടാകാറുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ പി.എസ്. 5-ന്റെ ആവശ്യകത ക്രമേണ കുറയുമെന്നാണ് സോണിയുടെ പ്രതീക്ഷ. എന്നാൽ ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയോ സാങ്കേതിക സവിശേഷതകളോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: Sony’s PlayStation 5 has officially surpassed 100 million global shipments within six years of its launch, driven by strong momentum ahead of Rockstar Games' Grand Theft Auto VI release on November 19.