പശ്ചിമ പസഫികിൽ ചൈനയെ വരിഞ്ഞുമുറുക്കി അമേരിക്ക!; തായ്‌വാനെ തൊടാൻ സമ്മതിക്കില്ല

പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

ചൈനയിൽ നിന്നുള്ള ഭീഷണി നേരിടുന്നതിനായി തായ്‌വാനെ സഹായിക്കാൻ അമേരിക്ക പശ്ചിമ പസഫിക് മേഖലയിൽ ആയുധങ്ങൾ വിന്യസിക്കുന്നു. ഇന്തോ-പസഫിക് മേഖലയിൽ പ്രത്യേകിച്ച് തായ്‌വാന് ചുറ്റുമുള്ള സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി, ജപ്പാനിലെ ഒകിനാവയിൽ അമേരിക്കൻ മറൈൻ കോർപ്സ് പുതിയ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്.

എൻ.എം.ഇ.എസ്.ഐ.എസ് (Navy-Marine Expeditionary Ship Interdiction System), മാഡിസ് (Marine Air Defence Integrated System) എന്നീ സംവിധാനങ്ങളാണ് അമേരിക്ക സജ്ജമാക്കിയിരിക്കുന്നത്. തായ്‌വാനിൽ നിന്ന് 600 കിലോമീറ്ററിൽ താഴെ ദൂരത്തിലാണ് ഇവ വിന്യസിച്ചിരിക്കുന്നത്. ഇവ ആവശ്യമെങ്കിൽ തായ്‌വാന് അടുത്തുള്ള ജാപ്പനീസ് ദ്വീപുകളിലും വിന്യസിക്കാനാവും.

സമുദ്രഗതാഗതത്തെ തടയാനും ദ്വീപുകളുടെ പ്രതിരോധത്തിനുമായി രൂപകല്പന ചെയ്തിട്ടുള്ള മൊബൈൽ ആന്റി-ഷിപ്പ് മിസൈൽ സിസ്റ്റമാണ് എൻ.എം.ഇ.എസ്.ഐ.എസ് (NMESIS). എന്നാൽ ഡ്രോണുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള ഹ്രസ്വദൂര വ്യോമപ്രതിരോധമാണ് മാഡിസ് (MADIS) നൽകുന്നത്.

ജൂണിൽ ഫിലിപ്പീൻസുമായി ചേർന്ന് നടന്ന കമാൻഡാഗ് 10 സൈനികാഭ്യാസത്തിനിടെയാണ് ഫിലിപ്പീൻസ് വാണിജ്യക്കപ്പലുകൾ വഴി NMESIS, മാഡിസ് സംവിധാനങ്ങൾ ലുസോൺ കടലിടുക്കിലെ കലായൻ ദ്വീപിലേക്ക് കൊണ്ടുപോയത്. ഈ സംയുക്ത സൈനികാഭ്യാസം പ്രധാനമായും തീരദേശ പ്രതിരോധത്തിലും ബാബുയൻ, ബതാനസ് പോലുള്ള ദ്വീപസമൂഹങ്ങളിലുടനീളം സൈന്യത്തെ വിന്യസിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ മേഖലകളിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അല്ലെങ്കിൽ 180 കിലോമീറ്ററിലധികം ദൂരത്തിലുള്ള സമുദ്രഗതാഗതം NMESIS സംവിധാനത്തിന് നിയന്ത്രിക്കാനാകും.

അതേസമയം ഡ്രോണുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്നുള്ള വ്യോമാക്രമണങ്ങളെ ചെറുക്കാനുള്ള ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനമാണ് മാഡിസ് (MADIS). ലുസോൺ കടലിടുക്കിൽ ഈ മിസൈലുകൾ വിന്യസിക്കുന്നത് തെക്കുഭാഗത്തുനിന്ന് തായ്‌വാനെ വളയുന്നത് ചൈനയ്ക്ക് ദുഷ്കരമാക്കും. കൂടാതെ തായ്‌വാന്റെ വടക്കുകിഴക്കുള്ള ജപ്പാൻ ദ്വീപുകളിൽ മിസൈലുകൾ വിന്യസിക്കുന്നതും തായ്‌വാന് സംരക്ഷണമാവും.

തായ്‌വാനുവേണ്ടി പ്രതിരോധമൊരുക്കാനും ചൈനയിൽ നിന്നുണ്ടായേക്കാവുന്ന ആക്രമണത്തെ നേരിടാനുമായി പെന്റഗണാണ് 'ഒപ്ലാൻ 5077' എന്ന് വിളിക്കുന്ന ഈ യുദ്ധതന്ത്രം ആവിഷ്കരിച്ചത്.