തേജസ് അപകടത്തിന് പിന്നാലെ ചര്‍ച്ചയായി പോളണ്ടിലെ അപകടം; എഫ്-16 തകർന്നത് മൂന്നുമാസം മുമ്പ് | വീഡിയോ

കഴിഞ്ഞ ദിവസമാണ് ദുബായ് എയര്‍ഷോയിലെ അഭ്യാസപ്പറക്കലിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് പൊട്ടിത്തെറിച്ച വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. വിമാനം പറത്തിയിരുന്ന പൈലറ്റ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വിങ് കമാന്‍ഡര്‍ നമംശ് സ്യാല്‍ (37) അപകടത്തില്‍ തല്‍ക്ഷണം കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പോര്‍വിമാനമായ തേജസിന്റെ 24 വര്‍ഷത്തെ ചരിത്രത്തനിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമായിരുന്നു ദുബായിലേത്.
തേജസ് അപകടത്തിന് പിന്നാലെ മറ്റൊരു യുദ്ധവിമാനാപകടവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. മൂന്ന് മാസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 29-ന് പോളണ്ടിലെ റാഡമിലായിരുന്നു ഈ അപകടം. യുഎസ് നിര്‍മിത എഫ്-16 സി ഫൈറ്റിങ് ഫാല്‍ക്കണ്‍ ഇനത്തില്‍പെട്ട യുദ്ധവിമാനമാണ് അന്ന് അപകടത്തില്‍പെട്ടത്. രണ്ട് അപകടങ്ങളിലുമുള്ള ചില സാമ്യതകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇതുകൂടി വായിക്കൂ: അന്ന് മോദിയും പറന്നു, 24 വര്‍ഷത്തിനിടെ രണ്ട് അപകടങ്ങള്‍ മാത്രം; ഇന്ത്യയുടെ സ്വന്തം തേജസ് വിമാനത്തെ അടുത്തറിയാം
തേജസ് അപകടത്തില്‍ പെട്ടത് എയര്‍ഷോയ്ക്കിടെയാണെങ്കില്‍ പോളണ്ടിന്റെ എഫ് 16 തകര്‍ന്നുവീണത് എയര്‍ഷോയ്ക്കായുള്ള പരിശീലനപ്പറക്കലിനിടെയാണ്. യുഎസ്സിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയാണ് എഫ്-16 നിര്‍മിച്ചത്. തേജസ് വികസിപ്പിച്ചതും നിര്‍മിച്ചതും ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡാണ് (എച്ച്എഎല്‍). രണ്ടും ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന (സിംഗിള്‍ സീറ്റര്‍) യുദ്ധവിമാനങ്ങളാണ്.
BREAKING:
An Indian HAL Tejas fighter jet crashed during an aerial display at the Dubai Air Show
All visitors of the Dubai Airshow are being evacuated after the crash of an Indian plane; rescuers and firefighters are working at the scene.#Tejas#DubaiAirShow pic.twitter.com/eDtTwt9HyE— Madmax OSINT (@madmaxburn88) November 21, 2025
രണ്ട് അപകടങ്ങളുടേയും വീഡിയോ ദൃശ്യം അപകടം നടന്ന അതേ ദിവസം തന്നെ പുറത്തുവന്നിരുന്നു. കാഴ്ചയില്‍ ഏതാണ്ട് സമാനമായ രീതിയിലാണ് ഇരുയുദ്ധവിമാനങ്ങളും തകര്‍ന്നുവീഴുന്നത്. എഫ്-16 വിമാനം ലൂപ്പ്-ഡി-ലൂപ്പ് മാനുവറോ അല്ലെങ്കില്‍ ബാരല്‍ റോള്‍ മാനുവറോ ചെയ്യുന്നതിനിടെയാണ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം തേജസ് വിമാനം ചെയ്തിരുന്നത് ബാരല്‍ റോള്‍ മാനുവറോ അല്ലെങ്കില്‍ പ്രിസൈസ് ലൂപ് മാനുവറോ ആണ് ചെയ്തിരുന്നത് എന്നാണ് സൂചന.
രണ്ട് യുദ്ധവിമാനാപകടങ്ങളിലും പൈലറ്റുമാര്‍ക്ക് ഇജക്ട് ചെയ്ത് രക്ഷപ്പെടാന്‍ സാധിച്ചില്ല. ഇരുപൈലറ്റുമാരും തല്‍ക്ഷണം കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ രണ്ടിടത്തും ഭൂമിയില്‍ നിന്നിരുന്ന ആര്‍ക്കും അപകടമുണ്ടായിട്ടില്ല. എഫ്-16 അപകടത്തെ കുറിച്ച് അന്ന് തന്നെ പോളിഷ് വ്യോമസേന അന്വേഷണം ആരംഭിച്ചു. തേജസ് അപകടത്തില്‍ ഇന്ത്യന്‍ വ്യോമസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: F-16 Crash in Poland Where Pilot Died Discussed After India's Tejas Accident in Dubai; Analyzing Similarities Between the Two Fighter Jet Crashes