ഇറാനെ പിന്തുണച്ചത് ചൈനീസ് ഉപഗ്രഹമോ? എത്രത്തോളം കഴിവുറ്റതാണ് TEE-01B, ഏറ്റെടുത്തത് എങ്ങനെ?

യു.എസ് - ഇറാൻ സംഘർഷത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകൾ തുടക്കംമുതൽ പുറത്തുവന്നിരുന്നു. പാലന്റീർ ടെക്‌നോളജീസിന്റെ മാവെൻ സ്മാർട്ട് സിസ്റ്റമാണ് വിവരശേഖരണത്തിനും അവയുടെ വിലയിരുത്തലിനും അമേരിക്കൻ പ്രതിരോധ വകുപ്പ് ഉപയോഗിച്ചത്. എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂളിന്റെ പിന്തുണയോടെയാണ് മാവെൻ പ്രവർത്തിക്കുന്നത്. ആക്രമണ ലക്ഷ്യങ്ങൾ കണ്ടെത്തുന്നത് മുതൽ ആയുധങ്ങൾ തിരഞ്ഞെടുക്കുന്നതുവരെ എഐ സഹായത്തോടെയാണെന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് ചൈനീസ് നിരീക്ഷണ ഉപഗ്രഹം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഏറ്റെടുത്ത് യുഎസ് സൈനിക കേന്ദ്രങ്ങൾ നിരീക്ഷിക്കാൻ ഉപയോഗിച്ചു എന്ന വാർത്തകൾ.
ചൈനീസ് ഉപഗ്രഹം ഇറാൻ ഏറ്റെടുത്തുവെന്ന വാർത്തകൾ ചൈന നിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇറാൻ സൈന്യത്തിൽനിന്ന് ചോർന്ന രഹസ്യരേഖകൾ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിട്ടുള്ളതെന്ന് ഫിനാൻഷ്യൽ ടൈംസ് അവകാശപ്പെടുന്നത്. TEE-01B എന്ന ചൈനീസ് നിരീക്ഷണ ഉപഗ്രഹം ഇറാൻ ഏറ്റെടുത്തുവെന്നാണ് വെളിപ്പെടുത്തൽ. യുദ്ധസമയത്ത് പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ നിരീക്ഷിക്കാൻ ഈ ഉപഗ്രഹം ഉപയോഗിച്ചുവെന്ന് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. സൗദി അറേബ്യ, ജോർദാൻ, ബഹ്റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ താവളങ്ങളുടെ നിരീക്ഷണവുമായി ഈ സംവിധാനത്തെ ബന്ധിപ്പിക്കുന്ന ഇറാനിയൻ സൈനിക രേഖകൾ, ഉപഗ്രഹ ചിത്രങ്ങൾ, ഓർബിറ്റൽ വിശകലനം എന്നിവ ചോർന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഉപഗ്രഹം ഏറ്റെടുത്തത് എങ്ങനെ
ചൈനീസ് ബഹിരാകാശ സാങ്കേതികവിദ്യ സൈനിക ആവശ്യങ്ങൾക്ക് മറ്റുരാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച ആശങ്ക ഉയർത്തുന്നതാണ് വെളിപ്പെടുത്തൽ. ചൈനീസ് കമ്പനിയായ എർത്ത് ഐ കോ നിർമ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്ത ഉപഗ്രഹമാണ് TEE-01B . 'ഓർബിറ്റൽ ഡെലിവറി' എന്ന ഒരു വിപണന രീതിയാണ് ഈ ഉപഗ്രഹത്തിന്റെ കാര്യത്തിൽ കമ്പനി സ്വീകരിക്കുന്നത്. ചൈനയിൽ നിന്ന് വിക്ഷേപിക്കുന്ന ഉപഗ്രഹം ഭ്രമണ പഥത്തിൽ എത്തിയശേഷം വിദേശ ഉപയോക്താവിന് കൈമാറുന്നു. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളുടെ നിയന്ത്രണം, ഡാറ്റാ സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന എംപോസാറ്റും ഈ ഇടപാടിൽ ഇറാനെ പിന്തുണച്ചുവെന്നാണ് പറയപ്പെടുന്നത്. ഉപഗ്രഹ ചിത്രങ്ങൾ അടക്കമുള്ളവ ഇറാൻ വാങ്ങുക മാത്രമല്ല ചെയ്തിട്ടുള്ളത്. സ്വന്തം നിലയിൽ ഉപഗ്രഹം പ്രവർത്തിപ്പിക്കാനുള്ള കഴിവടക്കം സ്വന്തമാക്കി എന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.
2024 സെപ്റ്റംബറിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഏറോസ്‌പേസ് ഫോഴ്സ് ഉപഗ്രഹ സംവിധാനത്തിന്റെ നിയന്ത്രണത്തിനായി ഏകദേശം 36.6 മില്യൺ (3.66 കോടി) ഡോളർ നൽകാൻ തീരുമാനിച്ചു എന്നാണ് വിവരം. ഈ പാക്കേജിൽ ഉപഗ്രഹം, സാങ്കേതിക പിന്തുണ, ഡാറ്റാ കൈമാറ്റത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2024 അവസാനത്തോടെ ചൈനയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹമാണ് റെവല്യൂഷണണറി ഗാർഡ്‌സ് ഏറ്റെടുത്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. മാർച്ച് മാസത്തിലെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മുമ്പും ശേഷവും പ്രധാനപ്പെട്ട യുഎസ് സൈനിക സൗകര്യങ്ങൾ നിരീക്ഷിക്കാൻ ഇറാനിയൻ കമാൻഡർമാർ ഈ ഉപഗ്രഹം ഉപയോഗിച്ചതായി രേഖകൾ വ്യക്തമാക്കുന്നു എന്നാണ് അവകാശവാദം. മാർച്ച് 14-ന് യുഎസ് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അഞ്ച് യുഎസ് എയർഫോഴ്‌സ് റീഫ്യൂവലിങ് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
എത്രത്തോളം കഴിവുറ്റതാണ് TEE-01B
ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ കഴിവുള്ളതാണ് TEE-01B . ഇറാന്റെ പഴയ സംവിധാനങ്ങളെ അപേക്ഷിച്ച് വിമാനങ്ങൾ, വാഹനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റങ്ങൾ എന്നിവ ഇതുപയോഗിച്ച് വളരെ കൃത്യമായി തിരിച്ചറിയാൻ വിദഗ്ധർക്ക് കഴിയും. ഇറാന്റെ പഴയ നൂർ-സീരീസ് ഉപഗ്രഹങ്ങൾ വളരെ താഴ്ന്ന റെസല്യൂഷനിലാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി ലക്ഷ്യങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ആക്രമണങ്ങൾക്ക് ശേഷം നാശനഷ്ടങ്ങൾ വിലയിരുത്താനുമുള്ള ഇറാന്റെ കഴിവിൽ TEE-01B ഒരു വലിയ കുതിച്ചുചാട്ടം ഉണ്ടാക്കി എന്നാണ് അവകാശവാദം. യുഎസ് ആസ്തികൾ നിരീക്ഷിക്കാനുള്ള ഇറാന്റെ കഴിവ് TEE-01B ഗണ്യമായി വർദ്ധിപ്പിച്ചുവെന്ന് സിഐഎയിലെ വിദഗ്ധർ പറയുന്നു.
നിഷേധിച്ച് ചൈന
ഉപഗ്രഹം ഇറാൻ ഏറ്റെടുത്തുവെന്ന വാർത്തകൾ ചൈന നിഷേധിക്കുകയാണ്. സംഘർഷം വർധിപ്പിക്കാൻ സഹായിക്കുന്നതാണ് ഇത്തരം വെളിപ്പെടുത്തലുകളെന്ന് ബെയ്ജിങ് പറയുന്നു. ഊഹാപോഹങ്ങൾ നിറഞ്ഞതാണ് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടെന്നാണ് വാഷിങ്ടണിലെ ചൈനീസ് എംബസി പ്രതികരിച്ചിട്ടുള്ളത്. എങ്കിലും ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ ബഹിരാകാശ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനിടെയാണ് ഇത്തരം വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.
Content Highlights: The TEE-01B satellite provides Iran with high-resolution half-metre imagery for military targeting., The system was acquired from China's Earth Eye Co via an 'in-orbit delivery' model., Iran uses Emposat's global ground infrastructure to remotely operate the satellite, bypassing local vulnerabilities., The satellite has been used to monitor US military facilities across Saudi Arabia, Jordan, Bahrain, and Iraq in 2026., This development highlights growing US concerns over the blurred lines between China's commercial and military space sectors.