ലോകത്ത് ആദ്യം; ചൈന അന്തർവാഹിനി ഡ്രോണുകൾ വഹിക്കുന്ന പടുകൂറ്റൻ കപ്പൽ നിർമിക്കുന്നു

ബീജിങ്: ലോകത്തിലെ ആദ്യത്തെ അത്യാധുനിക അന്തർവാഹിനി ഡ്രോണുകൾ വഹിക്കുന്ന കൂറ്റൻ കപ്പൽ (Submarine Drone Mothership) ചൈന നിർമ്മിക്കുന്നതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഷാങ്ഹായിയിലെ ഹുഡോങ്-ഷോങ്ഹുവ (Hudong-Zhonghua) ഷിപ് യാർഡിൽ ഈ കപ്പൽ നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങൾ അമേരിക്കൻ പ്രതിരോധ കമ്പനിയായ 'വാന്റോർ' (Vantor) ആണ് പുറത്തുവിട്ടത്.
അന്തർവാഹിനി ഡ്രോണുകൾ, അല്ലെങ്കിൽ അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിളുകൾ (UUV) എന്നത് മനുഷ്യസാന്നിധ്യമില്ലാതെ വെള്ളത്തിനടിയിൽ പ്രവർത്തിക്കുന്ന ആളില്ലാ മുങ്ങിക്കപ്പൽ റോബോട്ടിക് സംവിധാനങ്ങളാണ്.
ഈ കപ്പലിന്റെ ഉള്ളിലെ പ്രത്യേക ഹാങ്ങറിൽ നാല് കൂറ്റൻ സ്വയംനിയന്ത്രിത അന്തർവാഹിനി ഡ്രോണുകളെ (Submarine Drones) സൂക്ഷിക്കാനും ആവശ്യാനുസരണം വിന്യസിക്കാനും ഈ കപ്പലിന് ശേഷിയുണ്ട്. കൂടാതെ, കപ്പലിന്റെ മുൻഭാഗത്തായി ഹെലികോപ്റ്ററുകൾ കൈകാര്യം ചെയ്യാനുള്ള പ്രത്യേക ഹാങ്ങറും കാണപ്പെടുന്നുണ്ട്.
'എക്‌സ്ട്രാ-എക്‌സ്ട്രാ-ലാർജ് അൺക്രൂവ്ഡ് അണ്ടർ സീ വെഹിക്കിൾ' (XXLUUV) എന്ന് ചൈന വിശേഷിപ്പിക്കുന്ന ഈ കൂറ്റൻ ഡ്രോണുകൾ 115 അടിയും 148 അടിയും വലിപ്പമുള്ള രണ്ട് പതിപ്പുകളിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹൈനാൻ ദ്വീപിന് സമീപം ദക്ഷിണ ചൈനാ കടലിലാണ് ഇവയുടെ വികസന പരീക്ഷണങ്ങൾ നടക്കുന്നത്. ഇവയെ വഹിക്കാനുള്ള കൂറ്റൻ കപ്പലാണ് ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത്.
ചൈനയുടെ ഡ്രോണുകൾ അമേരിക്കയുടെ 'ഓർക്ക' ഡ്രോണുകളേക്കാൾ 6 മുതൽ 8 മടങ്ങ് വരെ വലുതാണ്. ചൈനീസ് ഡ്രോണുകൾക്ക് 10,000 നോട്ടിക്കൽ മൈലിലധികം ദൂരം സഞ്ചരിക്കാൻ ശേഷിയുള്ളപ്പോൾ, അമേരിക്കൻ ഓർക്കയ്ക്ക് 6,500 നോട്ടിക്കൽ മൈലുകൾ മാത്രമാണ് സഞ്ചരിക്കാൻ കഴിയുക.
മുൻപ് വൻകിട യുദ്ധക്കപ്പലുകൾ നിർമ്മിച്ചിരുന്ന അതേ ഷിപ് യാർഡിലാണ് ഈ അന്തർവാഹിനി ഡ്രോൺ വാഹക കപ്പലും നിർമ്മിക്കുന്നത്. അമേരിക്കയേക്കാൾ 200 മടങ്ങിലധികം കപ്പൽ നിർമ്മാണശേഷിയുള്ള ചൈന, സമുദ്ര മേഖലയിൽ തങ്ങളുടെ സാന്നിധ്യവും ആധിപത്യവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കുന്നത്.
Content Highlights: Satellite images reveal China's construction of the first submarine drone mothership at Hudong-Zhonghua shipyard, capable of deploying large autonomous submarine drones.