റഫാല്‍ യുദ്ധവിമാനങ്ങളിലെ റഡാർ ഘടകങ്ങൾ ഈ കേരള കമ്പനി നിർമിക്കും

#ആർ. റോഷൻ
റഫാല്‍ യുദ്ധവിമാനങ്ങള്‍| AP Photo
റഫാല്‍ യുദ്ധവിമാനങ്ങള്‍| AP Photo

കൊച്ചി: ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷൻ, ഇന്ത്യക്കുവേണ്ടി നിർമിക്കുന്ന 26 റഫാൽ വിമാനങ്ങളിലെ റഡാർ ഘടകങ്ങൾ കേരളം ആസ്ഥാനമായ എസ്എഫ്ഒ ടെക്‌നോളജീസിൽ നിന്ന്. ‘ആർബിഇ2 എഇഎസ്എ’ എന്ന സങ്കീർണമായ വയർ സ്ട്രക്‌ചേർഡ് റഡാറുകൾ നിർമിച്ചുനൽകാനുള്ള സുപ്രധാന കരാറാണ് നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള എസ്എഫ്ഒ ടെക്‌നോളജീസ് സ്വന്തമാക്കിയിരിക്കുന്നത്.

ദസോ ഏവിയേഷന്റെ പങ്കാളികളായ താലസ് എന്ന ഫ്രഞ്ച് കമ്പനിയിൽനിന്നാണ് എസ്എഫ്ഒ ടെക്‌നോളജീസിന് കരാർ ലഭിച്ചത്. ഇടപാടിന്റെ മൂല്യമോ കാലാവധിയോ വെളിപ്പെടുത്തിയിട്ടില്ല.

റഫാൽ വിമാനത്തിന്റെ ഘടകനിർമാണത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നും ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ശക്തിപകരുന്നതാണ് കരാറെന്നും എസ്എഫ്ഒ ടെക്‌നോളജീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ. ജഹാംഗീർ പറഞ്ഞു. പ്രതിരോധം, എയ്‌റോസ്‌പെയ്‌സ്, ബഹിരാകാശം, ഗതാഗതം, വ്യവസായം തുടങ്ങിയ വ്യത്യസ്ത മേഖലകളിലേക്ക് ആവശ്യമായ ഹാർഡ്‌വേർ ഡിസൈൻ, സോഫ്റ്റ്‌വേർ വികസനം, ഇലക്‌ട്രോണിക് മാനുഫാക്ചറിങ് സർവീസ് എന്നിവ ഒരുക്കുന്ന കമ്പനിയാണ് എസ്എഫ്ഒ. ഈ സാമ്പത്തിക വർഷം 4000 കോടിയുടെ വിറ്റുവരവാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

റഡാറിന്റെ പ്രത്യേകതകൾ

പ്രതികൂല കാലാവസ്ഥയിലും ഒരു ഭൂപ്രദേശത്തിന്റെ ഉയർന്ന റെസലൂഷനിലുള്ള തത്സമയ ത്രിമാന ചിത്രങ്ങൾ ലഭ്യമാക്കുന്നതാണ് ആർബിഇ2 എഇഎസ്എ റഡാർ. ശത്രുക്കളുടെ നീക്കം ദൂരെനിന്ന് നിരീക്ഷിക്കാനും കൃത്യമായ ലക്ഷ്യത്തിലേക്ക് ആക്രമണം നടത്താനും സാധിക്കും.

Content Highlights: Kerala-based SFO Technologies (Nest Group) secures major contract from French firm Thales to manufacture advanced RBE2 AESA Radars for the 26 Rafale aircraft being built for India.