ഹമാസിന്റെ തുരങ്കങ്ങളിൽ കയറാൻ ഹ്യുമനോയ്ഡ് റോബോട്ടുകൾ; ഇസ്രയേലിന്റെ പുതിയ നീക്കം, ട്രംപിന്റെ മകന് ബന്ധമുള്ള കമ്പനി

ടെൽ അവീവ് / വാഷിംഗ്ടൺ: ഗാസയിലെ ഹമാസിന്റെ തുരങ്കങ്ങളിൽ വിന്യസിക്കുന്നതിനായി 1,000 ഹ്യൂമനോയിഡ് റോബോട്ടുകളെ വാങ്ങാൻ ഇസ്രയേൽ സൈന്യം. അമേരിക്കൻ കമ്പനിയായ 'ഫൗണ്ടേഷൻ ഫ്യൂച്ചർ ഇൻഡസ്ട്രീസ്' (Foundation Future Industries) യുമായി ഇസ്രയേൽ സൈന്യം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപിന് ഓഹരി പങ്കാളിത്തവും ചീഫ് സ്ട്രാറ്റജിക് അഡൈ്വസർ പദവിയുമുള്ള കമ്പനിയാണിത്. ഫാന്റം എം.കെ1 (Phantom MK1) എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടുകൾക്ക് ഗാസയിലെ ഏകദേശം 300 മൈൽ നീളമുള്ള തുരങ്കങ്ങളിൽ പട്രോളിംഗ് നടത്താനുള്ള ശേഷിയുണ്ട്.
നേരിട്ടുള്ള പോരാട്ടങ്ങളിൽ ഏർപ്പെടാനും, കെണികൾ (booby traps) നിർവീര്യമാക്കാനും, ട്രിപ്പ് വയറുകൾ കണ്ടെത്താനും ഇവയ്ക്ക് സാധിക്കും. ഒരു റോബോട്ടിന് ഏകദേശം 1,50,000 ഡോളർ (ഏകദേശം 1.41 കോടി രൂപ) ആണ് നിർമ്മാണച്ചെലവ്. 2026 ഫെബ്രുവരിയിൽ ഇവയുടെ രണ്ട് യൂണിറ്റുകൾ യുക്രൈനിലേക്ക് നിരീക്ഷണത്തിനും ലോജിസ്റ്റിക്കൽ പരിശോധനയ്ക്കുമായി അയച്ചിരുന്നു. ഇതിന്റെ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേൽ ഈ റോബോട്ടുകളെ വാങ്ങാൻ ശ്രമിക്കുന്നതെന്നാണ് വിവരം.
ഇസ്രായേൽ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫുമായി നേരിട്ട് ചർച്ചകൾ നടക്കുകയാണെന്ന് കമ്പനിയുടെ സഹസ്ഥാപകനും പ്രസിഡന്റുമായ മൈക്ക് ലെബ്ലാങ്ക് വ്യക്തമാക്കി. യുദ്ധ ആവശ്യങ്ങൾക്ക് റോബോട്ടുകളെ ഉപയോഗിക്കില്ലെന്ന് മറ്റ് പ്രമുഖ യു.എസ് റോബോട്ടിക്സ് കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും, അപകടകരമായ മേഖലകളിൽ സൈനികരുടെ ജീവൻ രക്ഷിക്കാനാണ് ഇത്തരം റോബോട്ടുകൾ സഹായിക്കുന്നതെന്നാണ് ലെബ്ലാങ്കിന്റെ വാദം. യു.എസ് സൈന്യത്തിൽ നിന്ന് 7 കോടി ഡോളറിന്റെ കരാറുകൾ കമ്പനിക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്.
ട്രംപ് കുടുംബവുമായി ബന്ധമുള്ള കമ്പനികൾക്ക് സർക്കാർ കരാറുകൾ ലഭിക്കുന്നത് യു.എസിൽ ശക്തമായ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാൽ എറിക് ട്രംപിന് കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിലോ, കരാർ ചർച്ചകളിലോ യാതൊരു പങ്കുമില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. എറിക് ട്രംപ് കമ്പനിയെ ഏതെങ്കിലും സർക്കാർ ഏജൻസികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തിട്ടില്ലെന്നും കരാറുകൾ മാനേജ്മെന്റ് സ്വതന്ത്രമായാണ് തീരുമാനിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേർത്തു.
Content Highlights: Phantom MK1 humanoid robots, capable of patrolling Gaza's tunnels, are part of Israel's strategy to enhance military operations and ensure soldier safety.