16 മാസത്തിനിടെ 6 ഉപഗ്രങ്ങൾ; ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനീസ് സഹായത്തോടെ പാകിസ്താന്റെ ബഹിരാകാശ ചാരക്കണ്ണ്

ന്യൂഡൽഹി: ഇന്ത്യയെ ലക്ഷ്യംവെച്ച് ഭൗമനിരീക്ഷണ ഉപഗ്രഹശൃംഖല വിപുലീകരിച്ച് പാകിസ്താൻ. 2025 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ മാത്രം ആറ് ഉപഗ്രഹങ്ങളാണ് പാകിസ്താൻ വിക്ഷേപിച്ചത്. പുതുതായി വിക്ഷേപിച്ച ഭൂരിഭാഗം ഉപഗ്രഹങ്ങളും ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ, പ്രത്യേകിച്ച് ഉത്തരേന്ത്യ, ജമ്മു കശ്മീർ മേഖലകൾ എന്നിവയുടെ ചിത്രങ്ങൾ തുടർച്ചയായി പകർത്താൻ സാധിക്കുന്ന ഭ്രമണപഥങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും പാകിസ്താനും തമ്മിൽ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന് ശേഷം വെടിനിർത്തൽ കരാറിലെത്തി ഒരു വർഷം പിന്നിടുമ്പോഴാണ് അതിവേഗത്തിലുള്ള ഈ ഉപഗ്രഹശൃംഖല വിപുലീകരണം നടക്കുന്നത്. അതിർത്തിയിലെ സുരക്ഷാ സാഹചര്യം ശാന്തമാണെങ്കിലും ചൈനയുടെ സഹായത്തോടെ പാകിസ്താൻ തങ്ങളുടെ ബഹിരാകാശ അധിഷ്ഠിത നിരീക്ഷണശേഷി രഹസ്യമായി ശക്തിപ്പെടുത്തുകയാണെന്നാണ് വിലയിരുത്തൽ.
PAUSAT-1, PRSC-EO1, PRSS-2, HS-1, PRSC-EO2, PRSC-EO3 എന്നീ ഉപഗ്രഹങ്ങളാണ് ഇക്കാലയളവിൽ വിക്ഷേപിച്ചത്. കൃഷി, ദുരന്ത നിവാരണം, വിഭവ നിരീക്ഷണം തുടങ്ങിയ സിവിലിയൻ ആവശ്യങ്ങൾക്കുള്ള പദ്ധതികളായാണ് പാകിസ്താൻ ഈ ദൗത്യങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ആധുനിക ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾക്ക് സൈനിക നിരീക്ഷണത്തിനുകൂടി ഉപയോഗിക്കാൻ കഴിയുന്ന ഇരട്ട ശേഷിയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഹൈ-റെസല്യൂഷൻ ഒപ്റ്റിക്കൽ ഇമേജിങ്, ഹൈപ്പർ സ്പെക്ട്രൽ സെൻസറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെയുള്ള ഇമേജ് പ്രോസസിങ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഈ ഉപഗ്രഹങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളിലെ മാറ്റങ്ങൾ, സൈനിക താവളങ്ങൾ, സൈനിക നീക്കങ്ങൾ, സമുദ്ര അതിർത്തിയിലെ പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കാൻ ഈ സംവിധാനങ്ങൾ ഉപയോഗിക്കാം.
സാധാരണ ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യസ്തമായി, ദക്ഷിണേഷ്യൻ മേഖലയ്ക്ക് മുകളിലൂടെ ദിവസത്തിൽ പലതവണ കടന്നുപോകാൻ സഹായിക്കുന്ന പ്രത്യേക ഭ്രമണപഥത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 2026 ഏപ്രിലിൽ വിക്ഷേപിച്ച PRSC-EO3 ഉപഗ്രഹം, ദക്ഷിണേഷ്യൻ മേഖലകളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലും കശ്മീരിലും നിരന്തരമായ നിരീക്ഷണം സാധ്യമാക്കുന്ന പ്രത്യേക ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാകിസ്താന്റെ ഈ ബഹിരാകാശ മുന്നേറ്റത്തിന് പിന്നിൽ ചൈനയുടെ ശക്തമായ പിന്തുണയുണ്ട്. കഴിഞ്ഞ 16 മാസത്തിനിടെ വിക്ഷേപിച്ച ഭൂരിഭാഗം ഉപഗ്രഹങ്ങളും ചൈനീസ് റോക്കറ്റുകളിലാണ് ബഹിരാകാശത്തെത്തിച്ചത്. ചൈനയുടെ വലിയ തോതിലുള്ള ബാഹ്യസഹായമില്ലാതെ ഇത്രയും വേഗത്തിൽ ഉപഗ്രഹങ്ങൾ വിന്യസിക്കുക പാകിസ്താന് എളുപ്പമല്ലെന്ന് സുരക്ഷാ നിരീക്ഷകർ വിലയിരുത്തുന്നു.
Content Highlights: Powered by Chinese rocket launchers, Pakistan has rapidly deployed six advanced earth observation satellites to continuously monitor Indian borders, military movements, and the Jammu and Kashmir region using AI-assisted imaging technology.