ബഹിരാകാശത്തുനിന്നെത്തിയ അന്തകൻ, ഖമനേയിയെ വധിച്ച ബ്ലൂ സ്പാരോ; ഇസ്രയേലിന്റെ വജ്രായുധം

#ന്യൂസ് ഡെസ്ക്
എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയാകെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട സൈനിക നടപടിയിലൂടെയാണ് ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതും ഖമനേയി ഉൾപ്പെടെ 40 പ്രമുഖ നേതാക്കളെ വധിക്കുകയും ചെയ്തതും. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള പാസ്ചർ സ്ട്രീറ്റിലെ ഖമനേയിയുടെ ഓഫീസുൾപ്പെടുന്ന കോംപൗണ്ടിൽ വെച്ചാണ് ഖമേനിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തിന് ഉപയോഗിച്ച ആയുധമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഖമനേയി കൊല്ലപ്പെട്ടത് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ്. ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച ബ്ലൂ സ്പാരോ എന്ന മിസൈലാണ് ഖമനേയിയുടെ ജീവനെടുത്തത്.

1.9 ടൺ ഭാരവും 6.5 മീറ്റർ നീളവുമുള്ള ഈ മിസൈൽ സാധാരണ ആയുധങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു 'ക്വാസി-ബാലിസ്റ്റിക്' (quasi-ballistic) പാതയാണ് പിന്തുടരുന്നത്. യുദ്ധവിമാനത്തിൽ നിന്ന് വിക്ഷേപണത്തിന് ശേഷം അതിവേഗം ഉയർന്ന് ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുകടക്കുന്ന ഈ മിസൈൽ, പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് അതിശക്തമായി കുതിച്ചിറങ്ങുന്നു. ഏകദേശം 1,995 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ അന്തരീക്ഷത്തിന് പുറത്തുപോയി തിരിച്ചുവരുന്നതിനാൽ റഡാറുകൾക്ക് ഇതിനെ കണ്ടെത്താനോ തകർക്കാനോ പ്രായോഗികമായി പ്രയാസമാണ്. ഇസ്രയേലിന്റെ എഫ്-35, എഫ്-15 യുദ്ധവിമാനങ്ങളാണ് ബ്ലൂ സ്പാരോ മിസൈൽ വിക്ഷേപിച്ചത്. മുമ്പ് ശത്രു മിസൈലുകളെ നേരിടാനുള്ള പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ മിസൈലിനെ പിന്നീട് ആക്രമണങ്ങൾക്കായി പരിഷ്‌കരിച്ചെടുക്കുകയായിരുന്നു.

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമീനി |ഫോട്ടോ:AFP

ഖമനേയിക്കെതിരായ ആക്രമണം പെട്ടെന്നുണ്ടായ ഒന്നല്ല, മറിച്ച് ഇസ്രായേലിന്റെ സിഗ്‌നൽ ഇന്റലിജൻസ് വിഭാഗമായ യൂണിറ്റ് 8200 ആണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തത്. ഇവർ കഴിഞ്ഞ 20 വർഷമായി ഖമേനിയെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചുവരികയായിരുന്നു. ആക്രമണത്തിന് മുമ്പ് ഖമേനിയുടെ അംഗരക്ഷകരുടെ സമയക്രമം, ആശയവിനിമയങ്ങൾ, പാസ്ചർ സ്ട്രീറ്റിലെ സിസിടിവി ക്യാമറകൾ എന്നിവയെല്ലാം ഇസ്രായേൽ ഹാക്കിംഗിലൂടെയും മറ്റും നിരീക്ഷിച്ചിരുന്നു. ടെൽ അവീവിലെ കമാൻഡ് സെന്ററുകളിലിരുന്ന് കോംപൗണ്ടിലെ ഓരോ നീക്കവും തത്സമയം അവർ കണ്ടിരുന്നു.

ആക്രമണത്തിന് ആഴ്ചകൾക്ക് മുമ്പ് ആക്രമണത്തെ ഭയന്ന് ഖമനേയി ഭൂമിക്കടിയിലെ ആഴമേറിയ ബങ്കറുകളിലാണ് ഒളിച്ചിരുന്നതെന്നാണ് ഇസ്രയേൽ ഇന്റലിജൻസ് പറയുന്നത്. ഈ ബങ്കറിലേക്ക് എത്താൻ തന്നെ അഞ്ച് മിനിറ്റോളം വേണമായിരുന്നത്രെ. എന്നാൽ രാത്രിയിൽ മാത്രമേ ഇസ്രയേൽ ആക്രമിക്കു എന്ന് വിശ്വസിച്ചിരുന്നതിനാൽ ഖമനേയി പകൽ സമയങ്ങളിൽ ബങ്കറിൽ നിന്ന് പുറത്തിറങ്ങാറുണ്ടായിരുന്നുവെന്ന് ഇസ്രയേൽ ഇന്റലിജൻസ് പറയുന്നു. ഈ ശീലം മനസ്സിലാക്കിയ യുഎസ് ചാരസംഘടനയായ സി.ഐ.എ (CIA), ശനിയാഴ്ച രാവിലെ ഇറാനിലെ ഉന്നത സൈനിക-രാഷ്ട്രീയ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഒരു യോഗം നടക്കുമെന്ന വിവരം ഇസ്രായേലിന് കൈമാറി.

ഇറാനെ തെറ്റിധരിപ്പിക്കാനായി ഇസ്രായേൽ പ്രതിരോധ സേനയുടെ മുതിർന്ന ഉദ്യോഗസ്ഥർ ജൂത ആഘോഷമായ 'ഷബാത്ത്' (Shabbat) ആഘോഷങ്ങൾക്കായി വീടുകളിലേക്ക് മടങ്ങുന്ന ചിത്രങ്ങൾ അവർ മനഃപൂർവ്വം പുറത്തുവിട്ടു. ഇത് കണ്ട ഇറാൻ, ഉടനെ ആക്രമണം ഉണ്ടാകില്ലെന്ന് വിശ്വസിച്ചു. എന്നാൽ വേഷം മാറി തിരിച്ചെത്തിയ ഉദ്യോഗസ്ഥർ ആക്രമണത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. ഫെബ്രുവരി 28 ശനിയാഴ്ച പുലർച്ചെ 6 മണിയോടെ ഇസ്രായേലിൽ നിന്ന് വിമാനങ്ങൾ പറന്നുയർന്നു. ഏകദേശം 30 മിസൈലുകളാണ് ഇവയിൽ നിന്ന് വിക്ഷേപിച്ചത്. ഇവയിൽ ചിലത് ഖമനേയി ഇരുന്ന കെട്ടിടത്തെ നേരിട്ട് തകർത്തു. ഖമനേയിക്കൊപ്പം ഐ.ആർ.ജി.സി കമാൻഡർ മുഹമ്മദ് പക്പൂർ, പ്രതിരോധ മന്ത്രി അസീസ് നസീർസാദെ, അഡ്മിറൽ അലി ഷംഖാനി, സയ്യിദ് മജീദ് മൂസാവി തുടങ്ങിയ പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടു.

Content Highlights: A joint US-Israel military operation, 'Epic Fury', resulted in the death of Iran's Supreme Leader Ayatollah Khamenei., The attack utilized the advanced 'Blue Sparrow', a quasi-ballistic missile launched from F-35 and F-15 jets., Israel's Unit 8200 meticulously planned the attack, monitoring Khamenei for 20 years., Deception tactics, including faking Shabbat holiday leave, were used to mislead Iranian intelligence.