കരുത്ത് കൂട്ടാൻ നാവിക സേനയ്ക്ക് 8 അത്യാധുനിക യുദ്ധക്കപ്പലുകൾ വരുന്നു, 53,867 കോടിയുടെ കരാർ

ന്യൂഡൽഹി: നാവികസേനയുടെ കരുത്ത് കൂട്ടാൻ പുതുതലമുറ യുദ്ധക്കപ്പലുകൾ നിർമിക്കാൻ ഇന്ത്യ. എട്ട് പുതിയ തലമുറ കോർവെറ്റുകളാണ് ഇന്ത്യ നിർമിക്കാനൊരുങ്ങുന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയം രണ്ട് പൊതുമേഖലാ കപ്പൽശാലകളുമായി 53,867 കോടി രൂപയുടെ കരാറുകളിൽ ഒപ്പുവെച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പുവെച്ചത്
പ്രതിരോധ നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടികളുടെ ഭാഗമായി, അഞ്ച് യുദ്ധക്കപ്പലുകൾ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് & എൻജിനീയേഴ്സ് ലിമിറ്റഡും (GRSE), ബാക്കി മൂന്നെണ്ണം ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡും (GSL) നിർമ്മിക്കും. ഇന്ത്യൻ നാവികസേന പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത യുദ്ധക്കപ്പലുകൾ, മത്സരസ്വഭാവമുള്ള ലേലത്തിലൂടെ തിരഞ്ഞെടുത്ത പൊതുമേഖലാ സ്ഥാപനങ്ങൾ (DPSU) നിർമ്മിക്കുന്ന ആദ്യ പദ്ധതിയാണിത്. ആദ്യ കപ്പൽ 2030-ഓടെ കൈമാറാനാണ് ലക്ഷ്യമിടുന്നത്
സമുദ്രോപരിതലം, ആകാശം, സമുദ്രത്തിനടിയിൽ നിന്നൊക്കെയുള്ള ഭീഷണികൾ നേരിടാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ, ആയുധങ്ങൾ, സെൻസറുകൾ എന്നിവ ഈ യുദ്ധക്കപ്പലുകളിൽ ഉണ്ടാകും. കടൽമാർഗ്ഗമുള്ള വ്യാപാര പാതകളുടെ സംരക്ഷണം, തീരദേശ പ്രതിരോധം, ആന്റി-സർഫേസ്, ആന്റി-സബ്മറൈൻ പോരാട്ടങ്ങൾ, കടൽ നിരീക്ഷണ ദൗത്യങ്ങൾ എന്നിവ ഈ കോർവെറ്റുകൾ വഴി കൂടുതൽ ശക്തമാകും.
അടുത്ത 10 വർഷത്തിനുള്ളിൽ കപ്പൽശാലകളിൽ 72 ലക്ഷം തൊഴിലും, അനുബന്ധ വ്യവസായങ്ങളിലും എം.എസ്.എം.ഇകളിലുമായി 4.60 കോടി തൊഴിലും ഈ നിർമ്മാണത്തിലൂടെ ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സാധാരണ കോർവെറ്റുകൾ 500 മുതൽ 2,000 ടൺ വരെ വലിപ്പമുള്ളവയാണെങ്കിൽ, ഇന്ത്യ നിർമിക്കാൻ പോകുന്ന പുതിയ കോർവെറ്റുകൾ 3,800 മുതൽ 4,000 ടൺ വരെ ഭാരമുള്ളവയാണ്. മണിക്കൂറിൽ 30 നോട്ടിനു മുകളിൽ വേഗതയുള്ള ഇവയ്ക്ക് 4,000 നോട്ടിക്കൽ മൈൽ ദൂരപരിധിയുണ്ട്. 160 നാവികരെയും 21 ഓഫീസർമാരെയും വഹിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്.
പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഭെൽ ( BHEL- Bharat Heavy Electricals Limited) നിർമ്മിത 76 എം.എം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട്, 8 സർഫസ്-ടു-സർഫസ് മിസൈലുകൾ, 24 ആന്റി-മിസൈൽ ഡിഫൻസ് ആയുധങ്ങൾ, രണ്ട് ട്രിപ്പിൾ 324 എം.എം ടോർപിഡോ ട്യൂബുകൾ എന്നിവ കപ്പലിൽ സജ്ജീകരിക്കും. സർഫസ്, എയർ, ഫയർ കൺട്രോൾ റഡാറുകൾ, ഇൻഫ്രാറെഡ് സേർച്ച് ആൻഡ് ട്രാക്ക് സിസ്റ്റം, ഹൾ മൗണ്ടഡ് സോണാർ, ആക്ടീവ് ടോവ്ഡ് അറേ സോണാർ, കൊംബാറ്റ് മാനേജ്മെന്റ് സിസ്റ്റം എന്നീ സംവിധാനങ്ങളും കപ്പലിൽ ഉൾപ്പെടും. നിലവിൽ സേവനത്തിലുള്ള ഖുക്രി-ക്ലാസ് (ഐഎൻഎസ് കുത്താർ, ഐഎൻഎസ് ഖഞ്ചാർ), കോറ-ക്ലാസ് കപ്പലുകൾക്ക് പകരമായാണ് പുതിയ കോർവെറ്റുകൾ എത്തുക.
Content Highlights: Indian navy plans to enhance capabilities with eight next-gen corvettes, aiming for self-reliance in defense manufacturing by 2030.