കടലാഴത്തിലൊളിച്ചാലും വേട്ടയാടും; 'തക്ഷക്' വരുന്നു, അന്തര്‍വാഹിനികളുടെ അന്തകന്‍

എഐ നിര്‍മിത ചിത്രം
എഐ നിര്‍മിത ചിത്രം

ന്യൂഡല്‍ഹി: കടലാഴത്തിലൊളിച്ചെത്തി ആക്രമണം നടത്തുന്ന അന്തര്‍വാഹിനികളെ നേരിടാന്‍ പുതിയ ആയുധം വികസിപ്പിച്ച് ഇന്ത്യ. 800 മീറ്റര്‍ വരെ ആഴത്തില്‍ സഞ്ചരിക്കുന്ന അന്തര്‍വാഹിനികളെപ്പോലും വേട്ടയാടാന്‍ സാധിക്കുന്ന ഇലക്ട്രോണിക് ഹെവി വെയ്റ്റ് ടോര്‍പ്പിഡോയുടെ (EHWT) ആദ്യത്തെ വകഭേദമാണ് ഇന്ത്യ പുറത്തിറക്കിയത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഈ ടോര്‍പ്പിഡോ വികസിപ്പിച്ചത്. ചെനയുടെ ടൈപ്പ് 093 ഷാങ്-ക്ലാസ് ന്യൂക്ലിയര്‍ അറ്റാക്ക് അന്തര്‍വാഹിനികളെ നേരിടാനുദ്ദേശിച്ചാണ് പുതിയ ടോര്‍പ്പിഡോ വികസിപ്പിച്ചത്. കടലില്‍ 700 മീറ്റര്‍ വരെ ആഴത്തില്‍ മുങ്ങാന്‍ സാധിക്കുന്നവയാണ് ടൈപ്പ് 093 ഷാങ്-ക്ലാസ് അന്തര്‍വാഹിനികള്‍. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ടോര്‍പ്പിഡോകള്‍ക്ക് പരമാവധി 600 മീറ്റര്‍ ആഴംവരെയെ എത്താനാകു.

ഈ ന്യൂനതയാണ് പുതിയ ആയുധത്തിലൂടെ ഇന്ത്യ മറികടന്നിരിക്കുന്നത്. തക്ഷക് എന്നാണ് ഈ ടോര്‍പ്പിഡോയ്ക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള നാഗമായ തക്ഷകനില്‍ നിന്നാണ് ഈ പേര് കടമെടുത്തിരിക്കുന്നത്. ഇന്ത്യയുടെ പക്കലുള്ള വരുണാസ്ത്ര എന്ന ടോര്‍പ്പിഡോയുടെ അതിനൂതന പതിപ്പാണ് തക്ഷക്. വിശാഖപട്ടണത്തുള്ള ഡിആര്‍ഡിഒയുടെ ഭാഗമായ നേവല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കല്‍ ലബോറട്ടറി (NSTL) ആണ്. തക്ഷകിനെ വികസിപ്പിച്ചത്. പരീക്ഷണത്തിന് തയ്യാറായ ഘട്ടത്തിലാണ് തക്ഷക് ഇപ്പോള്‍. അന്തിമ അനുമതി ലഭ്യമായാല്‍ ഉടന്‍ പരീക്ഷണം നടക്കും.

6.4 മീറ്റർ നീളമാണ് തക്ഷകിനുണ്ടാകുക. 300 കിലോ ഗ്രാമോളം വരുന്ന പോര്‍മുന വഹിച്ച് 40 നോട്ടിക്കല്‍ മൈല്‍ ( മണിക്കൂറില്‍ 74.08 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. സ്വയം ലക്ഷ്യം കണ്ടെത്താന്‍ സാധിക്കുന്ന തക്ഷകിന് 40 കിലോമീറ്റര്‍ പരിധിയില്‍ എവിടെയും ആക്രമണം നടത്താനാകും. അതിനൂതനമായ സോണാര്‍ സംവിധാനം, ടോര്‍പ്പിഡോകളെ തടയാനുള്ള സംവിധാനങ്ങളെ മറികടക്കാനുള്ള ഇലക്ട്രോണിക് കൗണ്ടര്‍ മെഷര്‍ പ്രതിരോധം എന്നിവയും തക്ഷകിനുണ്ട്.

800 മീറ്ററോളം ആഴത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കുക എന്നത് ലക്ഷ്യമിട്ടുള്ള സംവിധാനങ്ങളാണ് ഇതിലൊരുക്കിയിട്ടുള്ളത്. ആഴത്തിലേക്ക് പോകുംതോറുമുള്ള മര്‍ദ്ദത്തെ അതിജീവിക്കാനായി ബലമേറിയ പുറംകവചമാണ് തക്ഷകിന് നല്‍കിയിട്ടുള്ളത്. സമ്മര്‍ദ്ദത്തെ മറികടന്ന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള പ്രത്യേകതരം ബാറ്ററികളാണ് ഇതിലുപയോഗിക്കുന്നത്.

വര്‍ധിച്ചുവരുന്ന ചൈനീസ് ഭീഷണിക്ക് കൃത്യമായ പ്രതിരോധമാണ് തക്ഷക് ഉറപ്പുനല്‍കുന്നത്. ടൈപ്പ് 093 ഷാങ്-ക്ലാസ് അന്തര്‍വാഹിനികള്‍ക്ക് 650 മീറ്റര്‍ ആഴത്തില്‍ നിലയുറപ്പിച്ച് ക്രൂസ് മിസൈലുകള്‍ തൊടുക്കാന്‍ സാധിക്കും. ഇവയെ തിരിച്ചറിയുക എന്നത് വളരെ ശ്രമകരമാണ്. മാത്രമല്ല, 30 ദിവസത്തോളം തുടര്‍ച്ചയായി ഇവയ്ക്ക് കടലിനുള്ളില്‍ കഴിയാനും സാധിക്കും. ഇത്തരം അന്തര്‍വാഹിനികളെയും കണ്ടെത്താന്‍ തക്ഷകിന് സാധിക്കും. 2027-ലോ 28-ലെ തക്ഷകിന്റെ പരീക്ഷണം വിശാഖപട്ടണത്ത് നടന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ നിര്‍മിക്കുന്ന ടൈപ്പ് 75 ഐ ക്ലാസില്‍ വരുന്ന അന്തര്‍വാഹിനികളിലാകും തക്ഷകിനെ വിന്യസിക്കുക.

Content Highlights: India unveils Takshak, an advanced heavyweight torpedo capable of hunting submarines at 800m depth, countering Chinese threats. DRDO developed.