ശത്രുക്കളുടെ കണ്ണുവെട്ടിച്ച് മുന്നേറും; വിനാശകാരിയായ 'പ്രളയ്' മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്വാസി-ബാലിസ്റ്റിക് മിസൈലായ പ്രളയ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. നവംബർ അഞ്ച് വ്യാഴാഴ്ച രാവിലെ 11:10-ന് ഒഡീഷ തീരത്തുവെച്ചാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) പരീക്ഷണ വിക്ഷേപണം നടത്തിയത്. മിസൈലിന്റെ യൂസർ ഇവാലുവേഷൻ ട്രയലുകളുടെ ഭാഗമായാണ് ഈ പരീക്ഷണം. ഈ മാസം ഇത് രണ്ടാമത്തെ പരീക്ഷണമാണ് നടത്തുന്നത്. നേരത്തെ നവംബർ മൂന്നിനും പ്രളയ് മിസൈൽ പരീക്ഷിച്ചിരുന്നു.
പരീക്ഷണത്തിനായി നിശ്ചയിച്ചിരുന്ന എല്ലാ ലക്ഷ്യങ്ങളും വിജയകരമായി കൈവരിച്ചതായി ഡി.ആർ.ഡി.ഒ. അറിയിച്ചുവെന്നും വിവിധ റേഞ്ച് ഉപകരണങ്ങൾ വഴി ശേഖരിച്ച വിവരങ്ങളും പരീക്ഷണത്തിന്റെ വിജയം സ്ഥിരീകരിച്ചുവെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. ഈ വിജയകരമായ പരീക്ഷണം ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- കരയിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്നതും സോളിഡ് പ്രൊപ്പല്ലന്റ് ഉപയോഗിക്കുന്നതുമായ അർധ-ബാലിസ്റ്റിക് (ക്വാസി-ബാലിസ്റ്റിക്) മിസൈലാണ് പ്രളയ്.
- വഹിക്കുന്ന പേലോഡിന്റെ ഭാരത്തിനനുസരിച്ച് 150 മുതൽ 500 കിലോമീറ്റർ വരെയാണ് ഇതിന്റെ പ്രഹരപരിധി.
- 1,000 കിലോഗ്രാം ഭാരമുള്ള പേലോഡുമായി 350 കിലോമീറ്ററും, 500 കിലോഗ്രാം വരുന്ന ഭാരം കുറഞ്ഞ പേലോഡുമായി ഏകദേശം 500 കിലോമീറ്ററും സഞ്ചരിക്കാൻ ഇതിന് ശേഷിയുണ്ട്.
- ഉയർന്ന കൃത്യത ഉറപ്പാക്കുന്നതിനായി വിപുലമായ ഗൈഡൻസ്-നാവിഗേഷൻ സംവിധാനങ്ങളാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്.
- വിവിധ തരം ലക്ഷ്യങ്ങൾ തകർക്കാൻ വ്യത്യസ്ത വാർഹെഡുകൾ വഹിക്കാൻ മിസൈലിന് സാധിക്കും.
Read More @ ഇന്ത്യ വിശ്വസനീയമായ പങ്കാളി, കൂടുതൽ ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ ഫിലിപ്പീൻസ്; വമ്പൻ കരാറിന് കളമൊരുങ്ങുന്നു.
വ്യത്യസ്തങ്ങളായ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിക്കാനാവും വിധമുള്ള മൊബൈൽ ലോഞ്ചറുകളിൽനിന്നാണ് പ്രളയ് വിക്ഷേപിക്കുന്നത്. പ്രവചിക്കാനാവുന്ന സാധാരണ ബാലിസ്റ്റിക് പാതയ്ക്ക് പകരം, പറക്കലിനിടയിൽ ദിശ മാറ്റാൻ സാധിക്കുന്ന ക്വാസി-ബാലിസ്റ്റിക് പാതയാണ് ഈ മിസൈൽ പിന്തുടരുന്നത്. ഇത് ശത്രുരാജ്യങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി മുന്നേറാൻ മിസൈലിനെ സഹായിക്കും.
Content Highlights: India's DRDO has successfully conducted a user evaluation trial of the indigenous 'Pralay' quasi-ballistic missile off the coast of Odisha. The highly advanced surface-to-surface missile can evade enemy air defense systems and boasts a striking range of 150 to 500 kilometers depending on the payload.