പാകിസ്താനെ വിറപ്പിച്ച ഇസ്രയേല്‍ മിസൈലുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും, വ്യോമസേന കരുത്തരാകും

ലോറ മിസൈല്‍| Credit: IAI
ലോറ മിസൈല്‍| Credit: IAI

സ്രയേല്‍ വികസിപ്പിച്ച എയര്‍ ലോറ (എയര്‍ ലോഞ്ച്ഡ് ലോങ് റേഞ്ച് ആര്‍ട്ടിലറി) മിസൈല്‍, സീ ബ്രേക്കർ എന്ന ലോങ് റേഞ്ച് ആന്റി ഷിപ്പ് ലാന്‍ഡ് അറ്റാക്ക് മിസൈല്‍ തുടങ്ങിയവ വ്യോമസേനയ്ക്കായി വാങ്ങുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചു. ഇസ്രയേലില്‍നിന്ന് ഇന്ത്യ വാങ്ങിയ റാംപേജ് എന്ന യുദ്ധവിമാനത്തില്‍നിന്ന് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലുകള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഉപയോഗിച്ചിരുന്നു. പാകിസ്താന്റെ റഡാര്‍ സംവിധാനങ്ങളെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഈ മിസൈലുകള്‍ വഹിച്ചത്. ഇതിന്റെ വിജയകരമായ ഉപയോഗത്തെ തുടര്‍ന്നാണ് എയര്‍ ലോറയും സീ ബ്രേക്കറും വാങ്ങാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്.

മൂന്ന് മിസൈലുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാങ്കേതികവിദ്യ കൈമാറാന്‍ ഇസ്രയേല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്‌. ഇസ്രയേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് ആണ് ഈ മിസൈലുകള്‍ വികസിപ്പിച്ചത്. 430 കിലോമീറ്റര്‍ ദൂരത്തേക്ക് ആക്രമണം നടത്താന്‍ കഴിയുന്ന എയര്‍ ലോറ മിസൈലിന്റെ രൂപകല്‍പ്പന പ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്ന രീതിയിലാണ്. തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ ആക്രമിച്ച് തകര്‍ക്കാന്‍ സഹായിക്കുന്ന എയര്‍ ലോറ വ്യോമസേനയുടെ ആക്രമണശേഷി വര്‍ധിപ്പിക്കും. 570 കിലോഗ്രാം ഭാരം വരുന്ന പോര്‍മുനയാണ് ഇതിനുള്ളത്. ഇതൊരു ക്വാസി ബാലിസ്റ്റിക് മിസൈല്‍ കൂടിയാണ്. ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റം, ജിപിഎസ് എന്നീ ഗതിനിര്‍ണയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവ ലക്ഷ്യത്തിലെത്തുന്നത്‌. 

കപ്പലുകളെയും കരയിലെ ലക്ഷ്യങ്ങളെയും ഒരുപോലെ ആക്രമിക്കാന്‍ സഹായിക്കുന്ന മിസൈലാണ് സീ ബ്രേക്കര്‍. 113 കിലോഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ വഹിച്ച് 300 കിലോമീറ്ററോളം ദൂരത്തില്‍ ആക്രമണം നടത്താം. ശബ്ദത്തിനേക്കാള്‍ അല്‍പ്പം താഴെ മാത്രം വേഗതയില്‍ ( ഹൈ സബ്‌സോണിക്) കുതിക്കുന്ന സീ ബ്രേക്കര്‍ ജിപിഎസ്, ഐഎന്‍എസ് എന്നീ ഗതിനിര്‍ണയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ലക്ഷ്യം കണ്ടെത്തുന്നത്. 

യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാവുന്ന ലോങ് റേഞ്ച് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലാണ് റാംപേജ്. 10 കിലോഗ്രാം ഭാരമുള്ള പോര്‍മുനയാണ് ഇവയ്ക്ക് വഹിക്കാനാകുക. ശബ്ദത്തേക്കാൾ 1.5 മടങ്ങിലധികമാണ് ഇവയുടെ വേഗം. പരമാവധി 250 കിലോ മീറ്ററാണ് പ്രഹരപരിധി. പാകിസ്താനിലെ സുക്കുര്‍ വ്യോമതാവളം ആക്രമിക്കാന്‍ വ്യോമസേന ഈ മിസൈല്‍ ഉപയോഗിച്ചിരുന്നു. പാകിസ്താന്റെ ഡ്രോണ്‍ കേന്ദ്രം തകര്‍ന്നത് ഈ മിസൈല്‍ ആക്രമണത്തിലാണ്. 

ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യമിട്ട് ഇന്ത്യയില്‍തന്നെ ഈ മൂന്നു മിസൈലുകളും നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കൈമാറ്റം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതുവഴി ഉത്പാദന ചെലവ് കുറയ്ക്കാന്‍ സാധിക്കും. പരിപാലനത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണനിയന്ത്രണവും ലഭിക്കും. ആയുധ വ്യാപാരത്തിനുള്ള ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, മിസൈലുകള്‍ വാങ്ങാന്‍ വ്യോമസേന നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Content Highlights: India set to finalizes deal to acquire Israeli Air Lor, Sea Breaker, and Rampage missiles