തേജസും പ്രചണ്ഡും ബ്രസീലിന്, ഇന്ത്യയ്ക്ക് എംബ്രായേറിന്റെ ചരക്ക് വിമാനം; ‘ബാര്‍ട്ടര്‍’ ഡീലിന് കളമൊരുങ്ങുന്നു

എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ഇന്ത്യയും ബ്രസീലും തമ്മില്‍ ആയുധങ്ങള്‍ പരസ്പരം വാങ്ങുന്ന പ്രതിരോധ കരാര്‍ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍നിന്ന് തേജസ് എംകെ-1എ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനങ്ങളും, പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളും വാങ്ങാനാണ് ബ്രസീല്‍ പദ്ധതിയിടുന്നത്. ഇതിന് പകരമായി ഇന്ത്യ ബ്രസീലില്‍നിന്ന് എംബ്രായേര്‍ സി-390 മില്ലേനിയം എന്ന വിവിധോദ്യേശ ട്രാന്‍സ്‌പോര്‍ട്ടര്‍ വിമാനം വാങ്ങുന്നതാണ് മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശം.

സാധനങ്ങള്‍ കൊടുത്ത് പകരം സാധനങ്ങള്‍ വാങ്ങുന്ന ബാര്‍ട്ടര്‍ രീതിയില്‍ പ്രതിരോധ ഇടപാട് നടന്നേക്കാമെന്നാണ് ബ്രസീല്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. സാധാരണഗതിയില്‍ പ്രതിരോധ ഇടപാടുകള്‍ ഇത്തരത്തില്‍ നടക്കാറില്ല. ഇന്ത്യയും ബ്രസീലും തമ്മില്‍ ഇതു നടപ്പായാൽ രണ്ട് ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന ഏറ്റവും വലിയ ആയുധ ഇടപാടായി  മാറിയേക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രസീലിന് യൂറോപ്യന്‍ ആയുധകമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇതു സഹായിക്കും. മാത്രമല്ല, എംബ്രായേറിനെതിരായ യുഎസിന്റെ സമ്മര്‍ദ്ദങ്ങളെ മറികടക്കാനും വിദേശനാണ്യ ശോഷണം കുറയ്ക്കാനും ഈ രീതിയിലുള്ള ഇടപാട് സഹായിക്കും.

മള്‍ട്ടിറോള്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനം വാങ്ങാനുള്ള ഇന്ത്യയുടെ പദ്ധതിയില്‍ മുന്‍തൂക്കമുള്ളത് ബ്രസീലിന്റെ എംബ്രായേര്‍ സി-380 മില്ലെനിയം ആണ്. കാലപ്പഴക്കം ചെന്ന എ.എന്‍-32 വിമാനങ്ങള്‍ ഒഴിവാക്കി അതിന് പകരം സേനയെ ആധുനികവത്കരിക്കാനാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ വാങ്ങുന്നത്. കുറഞ്ഞത് 80 വിമാനങ്ങളെങ്കിലും ഇന്ത്യയ്ക്ക് ആവശ്യമുണ്ട്.

26 ടണ്‍ ഭാരം വഹിക്കാവുന്ന സി-390 മില്ലേനിയം വിമാനങ്ങള്‍ക്ക് എട്ട് കോടി ഡോളര്‍ ( 702 കോടി ഇന്ത്യന്‍ രൂപ) ആണ് വില. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാമെന്നതും ചെറിയ റണ്‍വേയില്‍നിന്ന് പോലും പറന്നുയരാന്‍ സാധിക്കുമെന്നതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ പ്രത്യേകതകളാണ്. വാങ്ങുകയാണെങ്കില്‍ ഇന്ത്യയില്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാമെന്ന് എംബ്രായേര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വ്യോമസേനയുടെ ചരക്ക് നീക്കങ്ങളുടെ നട്ടെല്ലായി പ്രവര്‍ത്തിക്കേണ്ടവയാണ് ഈ വിമാനങ്ങള്‍.

അതേസമയം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രചണ്ഡ് ഹെലികോപ്റ്ററുകളും തേജസ് യുദ്ധവിമാനങ്ങളും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള മറ്റൊരു വഴികൂടിയാണ് തുറന്നുകിട്ടുന്നത്. പരമ്പരാഗതമായി യൂറോപ്യന്‍, യുഎസ് ആയുധ കമ്പനികള്‍ക്ക് മേധാവിത്വമുള്ള ഈ മേഖലയില്‍ കടന്നുകയറാന്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന അവസരം കൂടിയാണ് ഇത്. 300 കോടി രൂപവരെയാണ് ഒരു തേജസ് വിമാനത്തിന് വില. വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവയ്ക്കുള്ള വിലയാണിത്. അതേസമയം, ഇന്ത്യന്‍ വ്യോമസേനയ്ക്കായി കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനാല്‍ 640 കോടിയോളം വിലവരും. 400 കോടിയാണ് പ്രചണ്ഡ് ഹെലികോപ്റ്ററിന് വിലവരിക.

പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച തേജസിന്റെ എന്‍ജിന്‍ യു.എസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്റെ എഫ്-404-ഐഎന്‍20 ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ എന്‍ജിന്‍ വിതരണത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ നിലവില്‍ ഇന്തയ്ക്ക് തലവേദനയാണ്. ഇതേ പ്രശ്‌നങ്ങള്‍ ബ്രസീലുമായുള്ള ഇടപാടുണ്ടായാലും തുടരാനാണ് സാധ്യത.

ബ്രസീലില്‍നിന്ന് ഇന്ത്യ എംബ്രായേര്‍ വിമാനങ്ങള്‍ വാങ്ങിയാല്‍ ഇന്ത്യയില്‍നിന്ന് തങ്ങളും ആയുധങ്ങള്‍ വാങ്ങുമെന്ന് ഇന്ത്യയിലെ ബ്രസീല്‍ അംബാസിഡര്‍ ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് ചുവടുപിടിച്ചാണ് പുതിയ അഭ്യൂഹങ്ങള്‍ വരുന്നത്. അതേസമയം, ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Content Highlights: Reports suggest a major defense deal between India and Brazil, involving India exporting Tejas fighter jets and Prachand helicopters in exchange for Embraer C-390 transport aircraft.