കുതിച്ചെത്തും, വട്ടമിട്ട് പറക്കും; ലക്ഷ്യം കണ്ടാൽ ആക്രമണം മാരകം, പുതിയ മിസൈലുമായി DRDO

ന്യൂഡൽഹി: വ്യോമസേനയുടെ പ്രഹരശേഷി വർധിപ്പിക്കുന്നതിനായി പുതിയൊരു മിസൈൽ വികസിപ്പിക്കാനൊരുങ്ങി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ. 250 കിലോമീറ്റർ പ്രഹര പരിധിയുള്ള പ്രത്യേകതരം ക്രൂസ് മിസൈലാണ് ഡിആർഡിഒ വികസിപ്പിക്കാനൊരുങ്ങുന്നത്. ഒരേസമയം ലോയിറ്ററിങ് മ്യൂണിഷനുകളുടെ നിരീക്ഷണശേഷിയും ക്രൂസ് മിസൈലിന്റെ പ്രഹരശേഷിയും ഒത്തിണങ്ങുന്ന ആയുധമാകും ഡിആർഡിഒ വികസിപ്പിക്കുന്നത്. സാധാരണ ക്രൂസ് മിസൈലുകൾ വിക്ഷേപിച്ചുകഴിഞ്ഞാൽ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ചെയ്യുക. നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് ആക്രമണം നടത്തുകയല്ലാതെ അവയ്ക്ക് മറ്റ് ദൗത്യങ്ങളില്ല.
എന്നാൽ, പുതിയ മിസൈലിന് വിക്ഷേപണത്തിന് ശേഷം നിർദിഷ്ട പ്രദേശത്തിന് ചുറ്റും വട്ടമിട്ട് പറന്ന് അവിടെ നിന്നുള്ള തത്സമയ ദൃശ്യങ്ങളും വിവരങ്ങളും യുദ്ധവിമാനത്തിലേക്ക് അയയ്ക്കാനാകും. വിമാനത്തിലെ വെപ്പൺ സിസ്റ്റം ഓഫീസർ ലക്ഷ്യം നിർണയിച്ച് കഴിഞ്ഞാൽ മാത്രമേ ഇവ ആക്രമണം നടത്തുകയുള്ളൂ. ഇങ്ങനെ ചെയ്യുന്നതിലൂടെ അനാവശ്യമായ നാശനഷ്ടങ്ങൾ ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. കൂടുതൽ കൃത്യമായ ആക്രമണം നടത്താൻ വ്യോമസേനയെ ഈ മിസൈൽ സഹായിക്കും.
കുറഞ്ഞത് 50 കിലോഗ്രാമോളം ഭാരമുള്ള പോർമുന വഹിക്കാനുള്ള ശേഷി ഇതിനുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദൗത്യത്തിന്റെ സ്വഭാവമനുസരിച്ച് ഇൻഫ്രാറെഡ് ടാർഗെറ്റ്-സീക്കിംഗ് സംവിധാനങ്ങളോ മറ്റ് അത്യാധുനിക ഗതിനിർണയ ഉപകരണങ്ങളോ ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. കരയിലെയും കടലിലെയും ലക്ഷ്യങ്ങളെ ഒരുപോലെ ആക്രമിക്കാൻ ഈ മിസൈലിന് സാധിക്കും. കപ്പലുകൾ, ചലിക്കുന്ന യുദ്ധോപകരണങ്ങൾ, ഒളിച്ചിരിക്കുന്ന ശത്രുതാവളങ്ങൾ എന്നിവയെ നിരീക്ഷിച്ചു കണ്ടെത്താനും തകർക്കാനും ഇതിന് കഴിവുണ്ട്. വെറുമൊരു മിസൈൽ എന്നതിലുപരി ആകാശത്ത് കറങ്ങി ശത്രുവിനെ കണ്ടെത്തുന്ന ഒരു വേട്ടക്കാരനെപ്പോലെ ഇത് പ്രവർത്തിക്കുന്നു.
Content Highlights: DRDO is developing a new 250km range cruise missile with loitering and precision strike capabilities for the Indian Air Force. Enhance air power with this advanced weapon system.