ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ന്നില്ല, അത്തരം വാർത്തകൾ വ്യാജം; പിന്നില്‍ ചൈനയെന്ന് യു.എസ് റിപ്പോര്‍ട്ട്

#ന്യൂസ് ഡെസ്ക്
rafale
rafale

വാഷിംഗ്ടണ്‍: ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്ന പ്രചാരണത്തിന് പിന്നില്‍ ചൈനയാണെന്ന് യു.എസ് റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസിന്റെ ഉപദേശക സമിതിയാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിൽ ചൈനയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എഐ നിര്‍മിത ചിത്രങ്ങളും വിവരങ്ങളുമുപയോഗിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപക പ്രചാരണമാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ ( US-China Economic and Security Review Commission) യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. റഫാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന തോന്നിക്കുന്ന എഐ നിര്‍മിത ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ചൈന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ചൈനീസ് പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍, ഫ്രഞ്ച് വിമാനങ്ങളെ നശിപ്പിച്ചതായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിച്ചത്.

ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്ന ഫ്രഞ്ച് നിര്‍മ്മിത റഫാല്‍ യുദ്ധവിമാനത്തിന്റെ ആഗോള വിപണി സാധ്യതകളെ തകര്‍ക്കുക എന്നതായിരുന്നു ബീജിങ്ങിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ ചൈനയുടെ യുദ്ധവിമാനമായ ജെ-35ന്റെ വിപണി സാധ്യതകള്‍ വര്‍ധിപ്പിക്കാനും ശ്രമിച്ചു. നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലില്ലാതെ ഭൗമരാഷ്ട്രീയ ഫലങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രമാണിതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇത് ചൈനയുടെ ഗ്രേ സോണ്‍ തന്ത്രത്തിന്റെ (Grey Zone strategy) ഭാഗമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഏപ്രിലില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് മാസത്തിലാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളും വ്യോമതാവളങ്ങളും ഇന്ത്യ ആക്രമിച്ചു. ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ ഉപയോഗിച്ചിരുന്നത് കൂടുതലും ചൈനയുടെ ആയുധങ്ങളായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ സൈനിക നില മെച്ചപ്പെട്ടതിന് പിന്നാലെ ചൈന വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ചു. ഇന്ത്യ-പാക് സംഘര്‍ഷം തങ്ങളുടെ ആയുധങ്ങളുടെ മേന്മ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായി ചൈന വിനിയോഗിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമപ്രതിരോധ സംവിധാനവും തകര്‍ത്തുവെന്ന എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിംഗ് ഓഗസ്റ്റില്‍ സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യാ ചൈന ബന്ധത്തേപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി എസ്.സി.ഒ ഉച്ചകോടിക്കായി ചൈനയിലെത്തിയത് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 50 ശതമാനം നികുതിയുടെ പശ്ചാത്തലത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: US report reveals China used AI-generated images & fake accounts to spread false claims about Indian Rafale jets being destroyed, aiming to damage India`s defense and boost its own J-35 fighter jet.