ചൈന ഓപ്പണിനിടെ കൊക്കോ ഗാഫിനെതിരേ വംശീയാധിക്ഷേപം; അപലപിച്ച് യുഎൻ മനുഷ്യാവകാശ വിഭാഗം

ന്യൂയോർക്ക്: ചൈന ഓപ്പൺ ടെന്നീസ് ടൂർണമെന്റിനിടെ അമേരിക്കൻ ടെന്നീസ് താരം കൊക്കോ ഗാഫിനെതിരേ ഓൺലൈനിൽ ഉയർന്ന വംശീയ അധിക്ഷേപങ്ങളെ ഐക്യരാഷ്ട്രസഭയുടെ (യുഎൻ) മനുഷ്യാവകാശ വിഭാഗം ശക്തമായി അപലപിച്ചു. ചൈനീസ് താരം സുൻ സിന്റാനെതിരായ മത്സരത്തിലെ തർക്കവിഷയമായ ഒരു പോയിന്റിന് ശേഷമാണ് രണ്ട് തവണ ഗ്രാൻഡ്സ്ലാം ജേതാവായ 21-കാരിക്കെതിരേ വംശീയ അധിക്ഷേപങ്ങളും അധിക്ഷേപ സന്ദേശങ്ങളും ഉയർന്നത്.
സുൻ സിന്റാനെതിരായ മത്സരത്തിൽ നിർണായകമായ ഒരു റാലിയിൽ, ചുവരിലെ പരസ്യ ബോർഡ് മിന്നിയതിനെ തുടർന്ന് ഗാഫ് കൈയുയർത്തി കളി നിർത്തി പരാതിപ്പെട്ടിരുന്നു. വീഡിയോ റിവ്യൂവിന് ശേഷം പോയിന്റ് വീണ്ടും കളിക്കാൻ ചെയർ അമ്പയർ ഉത്തരവിട്ടു. തുടർന്ന് 7-5, 6-1 എന്ന സ്‌കോറിന് ഗാഫ് മത്സരം വിജയിച്ചെങ്കിലും, സോഷ്യൽ മീഡിയയിൽ അമേരിക്കൻ താരത്തിനെതിരേ വൻ വംശീയ അധിക്ഷേപം ഉയരുകയായിരുന്നു.
വിഷയത്തിൽ ശക്തമായ നിലപാടെടുത്ത യുഎൻ മനുഷ്യാവകാശ വിഭാഗം, കായികരംഗത്തെ വംശീയതയ്ക്കും ലിംഗവിവേചനത്തിനുമെതിരേ നിലകൊള്ളാൻ ടെന്നീസ് സമൂഹത്തോടും കായിക സംഘടനകളോടും ആഹ്വാനം ചെയ്തു. ഓൺലൈനിൽ കൊക്കോ ഗൗഫിനെ ലക്ഷ്യമിട്ടുള്ള വംശീയ സന്ദേശങ്ങൾ ഭയാനകമാണെന്നും കറുത്തവർഗക്കാരായ വനിതാ കായികതാരങ്ങൾ എങ്ങനെയാണ് അധിക്ഷേപങ്ങൾക്ക് ഇരയാകുന്നത് എന്നതിന് ഉദാഹരണമാണിതെന്നും യുഎൻ 'എക്‌സ്' പ്ലാറ്റ്ഫോമിൽ കുറിച്ചു.
കായികരംഗത്ത് വംശീയവും ലിംഗപരവുമായ അധിക്ഷേപങ്ങൾക്ക് സ്ഥാനമില്ലെന്നും കളിക്കാരും പരിശീലകരും കായിക സംഘടനകളും ഇത്തരം ആക്രമണങ്ങളെ നേരിടുന്നവർക്കായി നിലകൊള്ളണമെന്നും ആരാധകർ വംശീയതയെ ചെറുക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം തനിക്കെതിരേ ഉയർന്ന വംശീയ അധിക്ഷേപങ്ങൾക്ക് കൊക്കോ ഗാഫ് നേരിട്ട് മറുപടി നൽകി. മത്സരത്തിനിടയിലെ ഒരു തീരുമാനത്തോട് വിയോജിപ്പുണ്ടാകാം, എന്നാൽ അത് ഒരിക്കലും വംശീയതയെ ന്യായീകരിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. വംശീയ അധിക്ഷേപം അടങ്ങിയ ഒരു പോസ്റ്റിന് മറുപടിയായി, 'നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാം അല്ലെങ്കിൽ സംഭവിച്ചതിനോട് വിയോജിക്കാം, എന്നാൽ അതിന് വംശീയവാദി ആകേണ്ടതില്ല' എന്ന് താരം എക്‌സിൽ കുറിച്ചു.
Content Highlights: UN human rights division condemns online racist abuse against Coco Gauff during the China Open., The abuse followed a controversial point and review during her match against Sun Xintan., Coco Gauff responded on social media stating disagreement does not justify racism., UN calls on the sports community to stand against racism and misogyny in athletics.