വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മാര്‍കെറ്റ വാന്‍ദ്രോഷോവയ്ക്ക്

Photo: AFP
Photo: AFP

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍കെറ്റ വാന്‍ദ്രോഷോവ. ശനിയാഴ്ച നടന്ന ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് (6-4, 6-4) വാന്‍ദ്രോഷോവ കന്നി വിംബിള്‍ഡണ്‍ നേട്ടം സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. ഓപ്പണ്‍ കാലഘട്ടത്തില്‍ വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ സീഡില്ലാതെ കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഇതോടെ വാന്‍ദ്രോഷോവ സ്വന്തമാക്കി.

വിംബിള്‍ഡണില്‍ കന്നി ഫൈനലില്‍ തന്നെ കിരീടമുയര്‍ത്താന്‍ താരത്തിനായി. ചെക്ക് താരത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2019-ല്‍ ഫ്രഞ്ച് ഓപ്പണില്‍ ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയോട് തോറ്റു.

അതേസമയം ആറാം സീഡ് ഒന്‍സ് ജാബിയൂറിന് തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ ഫൈനലിലും നിരാശയായി ഫലം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ കസാഖ്സ്താന്റെ എലെന റിബാകിനയോട് തോറ്റു.

Content Highlights: Wimbledon 2023 Marketa Vondrousova Beats Ons Jabeur to Clinch Maiden Title