ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ വിനേഷ് ഫോഗട്ടിന് മത്സരിക്കാം; അനുമതി നൽകി WFI

#സ്പോർട്സ് ഡെസ്ക്
വിനേഷ് ഫോഗട്ട് |ഫോട്ടോ:PTI
വിനേഷ് ഫോഗട്ട് |ഫോട്ടോ:PTI

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ഗുസ്തി താരവും ഒളിമ്പിക് മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ടിന് അനുമതി. ഇന്ത്യൻ ഗുസ്തി ഫെഡറേഷനാണ്(WFI) അനുമതി നൽകിയത്. വിനേഷ് ഫോഗട്ട് ട്രയൽസിൽ പങ്കെടുക്കുന്നതിനെതിരേ ഗുസ്തി ഫെഡറേഷൻ നൽകിയ ഹർജി കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ തിരിച്ചടിയേറ്റതോടെയാണ് ഗുസ്തി ഫെഡറേഷൻ വിനേഷ് ഫോഗട്ടിന് അനുമതി നൽകിയത്.

സെലക്ഷൻ ട്രയൽസിൽ 53 കിലോഗ്രാം വിഭാഗത്തിലാണ് താരം പങ്കെടുക്കുക. ശനി, ഞായർ ദിവസങ്ങളിലാണ് സെലക്ഷൻ ട്രയൽസ് നടക്കുന്നത്. അതേസമയം 50 കിലോഗ്രാം വിഭാഗത്തിൽ പങ്കെടുക്കണമെന്നാണ് ആദ്യഘട്ടത്തിൽ ഫെഡറേഷൻ വിനേഷിനോട് പറഞ്ഞിരുന്നത്. അന്താരാഷ്ട്ര തലത്തിൽ ഈ വിഭാഗത്തിൽ മത്സരിച്ചതിനാലാണ് ഫെഡറേഷൻ ഇത്തരത്തിൽ നിർദേശിച്ചത്. എന്നാൽ തന്റെ ഇഷ്ടാനുസരണം മത്സരിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി താരം ഇത് എതിർത്തു. പിന്നാലെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുമതി നൽകുകയായിരുന്നു.

വെള്ളിയാഴ്ച ഏഷ്യൻ ഗെയിംസിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ നൽകിയ അപ്പീൽ തള്ളുകയും ചെയ്തിരുന്നു. വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇത് വ്യത്യസ്തമായ നിലയിലായേനെ. അവർ രാജ്യത്തിന്റെ അഭിമാനമാണ്.-സുപ്രീം കോടതി പരാമർശിച്ചു.

ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ നടപടിയെ നേരത്തെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള ഫെഡറേഷന്റെ തീരുമാനത്തിൽ ഹൈക്കോടതി ഇടപെടുകയും താരത്തെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ സുപ്രീം കോടതിയെ സമീപിച്ചത്.

ഫെഡറേഷൻ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയലിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചതാണ് ഫോഗട്ടിന് തിരിച്ചടിയായത്. പുതിയ നിയമങ്ങൾക്ക് കീഴിൽ, 2025 ലും 2026 ലും തിരഞ്ഞെടുക്കപ്പെട്ട ടൂർണമെന്റുകളിൽ നിന്ന് മെഡൽ നേടിയവർക്ക് മാത്രമേ ട്രയലുകളിൽ മത്സരിക്കാൻ യോഗ്യതയുണ്ടാവുകയുള്ളൂ. 2024 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ഒരു പ്രൊഫഷണൽ ടൂർണമെന്റിലും വിനേഷ് ഫോഗട്ട് പങ്കെടുത്തിരുന്നില്ല. അതിനാൽ തന്നെ പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ വരുന്നതോടുകൂടി താരം പുറത്തായി. ഇതിനെ തുടർന്നാണ് നിയമപോരാട്ടം നടന്നത്.

Content Highlights: Vinesh Phogat cleared for 53kg Asian Games selection trials., Supreme Court dismissed the Wrestling Federation's appeal against her participation., The legal battle arose due to new 2026 qualification criteria., Phogat successfully challenged the federation's restriction on her weight category choice.