ഫ്രഞ്ച് ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു, ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി

പാരീസ്: 2022 ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഹോളണ്ടുകാരനായ മാറ്റ്വേ മിഡില്‍കൂപ്പും ചേര്‍ന്ന സഖ്യം സെമി ഫൈനലില്‍ തോറ്റു.
ഹോളണ്ടുകാരനായ ജീന്‍ ജൂലിയന്‍ റോജര്‍, എല്‍ സാല്‍വദോറുകാരനായ മാഴ്‌സെലോ അരെവാലോ എന്നിവര്‍ ചേര്‍ന്ന സഖ്യത്തോടാണ് ബൊപ്പണ്ണ-മിഡല്‍കോപ്പ് സഖ്യം കീഴടങ്ങിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് തോല്‍വി. സ്‌കോര്‍: 6-4, 3-6, 6-7
ആദ്യ സെറ്റ് 6-4 ന് നേടിയ ശേഷം പിന്നീടുള്ള രണ്ട് സെറ്റ് ഇന്തോ-ഹോളണ്ട് സഖ്യം നഷ്ടപ്പെടുത്തുകയായിരുന്നു. രണ്ടാം സെറ്റ് 6-3 ന് നേടിയ റോജര്‍-അരെവാലോ സഖ്യം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ടൈബ്രേക്കര്‍ 10-8 ന് നേടി റോജര്‍-അരെവാലോ സഖ്യം ഫൈനലിലേക്ക് ടിക്കറ്റെടുത്തു.
2013-നുശേഷം ഗ്രാന്‍ഡ്സ്ലാം പുരുഷ ഡബിള്‍സില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡുമായാണ് ബൊപ്പണ്ണ മടങ്ങിയത്.
Content Highlights: french open 2022, rolan garros, french open tennis,rohan boppanna, tennis news