ഏഷ്യൻ റെക്കോഡോടെ സ്വർണം വെടിവെച്ചിട്ട് നീരു ദണ്ഡ; ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം

#സ്പോർട്സ് ഡെസ്ക്
നീരു ദണ്ഡ | x.COM/ @TheKhelIndia
നീരു ദണ്ഡ | x.COM/ @TheKhelIndia

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരു ദണ്ഡ. ട്രാപ് ഷൂട്ടിങ്ങ് വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ നീരു സ്വർണം നേടി. ഈ ഇനത്തിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണിത്. ഇത്തവണത്തെ ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാമത്തെ സ്വർണം.

ഈ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണമാണിത്. ഏഷ്യൻ റെക്കോഡോടെയാണ് നീരു സ്വർണം വെടിവെച്ചിട്ടത്. ആദ്യ സീരീസിൽ അഞ്ച് പോയന്റ് നേടിയാണ് നീരു തുടങ്ങിയത്. മൂന്നാം സീരീസിലും നാലാം സീരീസിലും ആറാം സീരിസിലും അഞ്ച് പോയന്റ് നേടിയ നീരു ഒന്നാമതെത്തി. ചൈനയുടെ യുനോങ് സൺ വെള്ളി നേടി. 26 പോയന്റാണ് താരം നേടിയത്. കുവൈത്തിന്റെ ഹാജർ അബ്ദുൾമാലിക് 21 പോയന്റോടെ വെങ്കലവും നേടി.

ഏഷ്യൻ റെക്കോഡോടെയാണ് ഇന്ത്യൻ താരത്തിന്റെ സ്വർണനേട്ടം. തായ്‌പേയുടെ വാൻ-യു ലിയുവിന്റെ റെക്കോഡാണ് നീരു മറികടന്നത്. ലിയു 24 പോയന്റാണ് നേടിയിരുന്നത്. ഇത് മറികടന്ന നീരു ഈ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത മെഡലും സ്വന്തമാക്കി.

നേരത്തേ വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. നീരു ധണ്ഡ, ആഷിമ അഹ്‌ലാവത്, മനീഷ് കീർ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ സ്വന്തമാക്കി. ചൈന സ്വർണ്ണവും കുവൈറ്റ് വെങ്കലവും നേടി.

Content Highlights: Neeru Dhanda won India's first-ever individual gold medal in women's trap shooting at the Asian Games