എക്സ്ട്രീം 'മല്ലു' ബോയ്സ്; എക്സ്ട്രീം എന്‍ഡ്യൂറോ ബൈക്ക് റേസില്‍ തിളങ്ങിമലയാളികള്‍ | Video

#ടി.ജെ. ശ്രീജിത്ത്
കര്‍ണാടകയിലെ കോലാറില്‍ നടന്ന എക്‌സ്ട്രീം എന്‍ഡ്യൂറോ ബൈക്ക് റേസില്‍ വിവിധ വിഭാഗങ്ങളില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ എം.എസ്. ശരത് കുമാര്‍, ശ്യാം കളരിക്കല്‍, ശ്രീരാജ് ഹര്‍ഷന്‍, ടിറ്റോ ബാബു, കെ.വി. വിഷ്ണു, ബെന്‍സണ്‍ സാജന്‍ എന്നിവര്‍ ട്രോഫികളുമായി
കര്‍ണാടകയിലെ കോലാറില്‍ നടന്ന എക്‌സ്ട്രീം എന്‍ഡ്യൂറോ ബൈക്ക് റേസില്‍ വിവിധ വിഭാഗങ്ങളില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ എം.എസ്. ശരത് കുമാര്‍, ശ്യാം കളരിക്കല്‍, ശ്രീരാജ് ഹര്‍ഷന്‍, ടിറ്റോ ബാബു, കെ.വി. വിഷ്ണു, ബെന്‍സണ്‍ സാജന്‍ എന്നിവര്‍ ട്രോഫികളുമായി

കൊച്ചി: കോലാര്‍ ട്രാക്കിലെ കുന്നുകളും പാറക്കല്ലുകളും നിറഞ്ഞ ട്രാക്കിലൂടെ ബൈക്കുകള്‍ ഫിനിഷിങ് പോയിന്റ് തൊട്ടപ്പോള്‍ 'എക്‌സ്ട്രാ' പവറില്‍ മലയാളി ബോയ്‌സ്. ഇന്ത്യയിലെ 65 റൈഡേഴ്സ് പങ്കെടുത്ത കഠിനമേറിയ എക്‌സ്ട്രീം എന്‍ഡ്യൂറോ 'ഓഫ് റോഡ്' ബൈക്ക് റേസിലെ വിവിധ വിഭാഗങ്ങളില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയത് ഏഴ് മലയാളികള്‍. കൊച്ചി സ്വദേശികളായ ശ്രീരാജ് ഹര്‍ഷന്‍, എം.എസ്. ശരത് കുമാര്‍, കെ.വി. വിഷ്ണു, ടിറ്റോ ബാബു, മലപ്പുറം സ്വദേശി ശ്യാം കളരിക്കല്‍, ചാലക്കുടി സ്വദേശി ബെന്‍സണ്‍ സാജന്‍, ബെംഗളൂരു മലയാളിയായ സി.എച്ച്. നിധിന്‍ എന്നീ മോട്ടോ ക്രോസ് റൈഡേഴ്സാണ് നേട്ടം കുറിച്ചത്.

ലോകത്ത് വെല്ലുവിളികള്‍ നിറഞ്ഞ ട്രാക്കിലൂടെ നടക്കുന്ന മത്സരമാണ് എക്‌സ്ട്രീം എന്‍ഡ്യൂറോ റേസ്. ഇതിന്റെ ഇന്ത്യന്‍ പതിപ്പാണ് കര്‍ണാക കോലാറിലെ ഹോളാലി ഗ്രാമത്തിലുള്ള 'ബിഗ് റോക്ക് ഡേര്‍ട്ട് പാര്‍ക്കി'ല്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടന്നത്. പാറക്കല്ലുകളും ചെറുകുന്നുകളും കുത്തനെയുള്ള ഇറക്കങ്ങളും സ്ലാബുകളും നിരത്തി പ്രത്യേകമായി തയ്യാറാക്കിയ 4.2 കിലോമീറ്റര്‍ 'ടഫ് ട്രാക്കില്‍' ആയിരുന്നു മത്സരങ്ങള്‍. ഈ ട്രാക്കിലൂടെ 10 ലാപ്പുകള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യുന്നവരാണ് വിജയികള്‍. 160 സി.സി. മുതല്‍ 601 സി.സി. ശേഷിയുള്ള ബൈക്കുകളുടെ വിവിധ വിഭാഗങ്ങളിലായാണ് കോലാറില്‍ മത്സരങ്ങള്‍ നടന്നത്.

166 സി.സി. മുതല്‍ 260 സി.സി. വരെയുള്ള വിഭാഗത്തില്‍ ശ്രീരാജ് ഹര്‍ഷന്‍ ഒന്നാമതും എം.എസ്. ശരത് രണ്ടാമതും ഫിനിഷ് ചെയ്തു. 600 സി.സി.ക്ക് മുകളിലുള്ള വിഭാഗത്തില്‍ ടിറ്റോ ബാബു ഒന്നാമതെത്തി. 260 സി.സി. വിഭാഗത്തില്‍ കെ.വി. വിഷ്ണുവും 261 മുതല്‍ 450 സി.സി. വിഭാഗത്തില്‍ ശ്യാം കളരിക്കലും ഒന്നാമതെത്തി. 261 സി.സി. മുതല്‍ 460 സി.സി. വരെയുള്ള മത്സരവിഭാഗത്തില്‍ സി.എച്ച്. നിധിന്‍ മൂന്നാമതും ബെന്‍സണ്‍ സാജന്‍ നാലാമതും ഫിനിഷ് ചെയ്തു.

Content Highlights: Malayali Riders Dominate Extreme Enduro Race in Kolar