അതിവേഗം കുതിപ്പ്, നിയന്ത്രണം വിട്ട് ഇടിച്ചു; ഹാമിൽട്ടൺ അപകടത്തിൽപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്

#സ്പോർട്സ് ഡെസ്ക്
ലൂയിസ് ഹാമിൽട്ടൺ റേസിങ്ങിനിടെ | AFP
ലൂയിസ് ഹാമിൽട്ടൺ റേസിങ്ങിനിടെ | AFP

മഡ്രിഡ്: സ്പാനിഷ് ഗ്രാൻപ്രീക്ക് മുന്നോടിയായി നടന്ന പരിശീലന റേസിങ്ങിൽ ഫെരാരിയുടെ ലൂയി ഹാമിൽട്ടണിന്റെ കാർ അപകടത്തിൽപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. റേസിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും കാർ ബാരിയറിൽ ഇടിക്കുകയും ചെയ്തു. അൽപ്പനേരം കാർ അവിടെ കുടുങ്ങിക്കിടന്നു. പിന്നീട് കാർ റിവേഴ്‌സെടുത്താണ് ഹാമിൽട്ടൺ റേസിങ് തുടർന്നത്.

കാറിന് കേടുപാടുകൾ സംഭവിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. എന്നിട്ടും റേസ് തുടരാനാണ് ഹാമിൽട്ടൺ ശ്രമിച്ചത്. ഇത് ഫെരാരി ടീമംഗങ്ങളിൽ അതൃപ്തിക്ക് ഇടയാക്കി. മാത്രമല്ല, ഫെരാരിയുടെ നിർദേശങ്ങൾ അവഗണിക്കുകയും ചെയ്തു. കാർ നിർത്താൻ ഫെരാരി ടീം ആവശ്യപ്പെട്ടെങ്കിലും ബ്രിട്ടീഷ് ഡ്രൈവർ ആദ്യഘട്ടത്തിൽ അതിന് തയ്യാറായില്ല. മൂന്ന് തവണ തുടർച്ചയായി നിർദേശം നൽകിയതിന് പിന്നാലെയാണ് ഹാമിൽട്ടൺ കാർ നിർത്തിയത്.

ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് കാർ നിർത്തൂവെന്ന് റേസ് എൻജിനീയർ ഹാമിൽട്ടണിനോട് പറഞ്ഞു. എന്നാൽ ‘തിരികെയെത്താൻ സാധിക്കുമെങ്കിൽ ഞാൻ വരാം, ഇല്ലെങ്കിൽ സുരക്ഷിതമായി നിർത്താം’, ഹാമിൽട്ടൺ മറുപടി പറഞ്ഞു. അതോടെ വീണ്ടും ഫെരാരി ടീം നിർദേശം നൽകി. കാറിന്റെ വലതുവശത്തെ ടയർ പഞ്ചറായെന്നും കാർ നിർത്തൂവെന്നും ആവർത്തിച്ചു. എന്നാൽ തനിക്കത് കാണാൻ സാധിക്കുന്നുണ്ടെന്ന മറുപടി മാത്രമാണ് ഹാമിൽട്ടൺ നൽകിയത്. പിന്നാലെ ഹാമിൽട്ടൺ റേസ് തുടരുകയായിരുന്നു. ഒടുവിൽ അൽപ്പം കഴിഞ്ഞാണ് ഹാമിൽട്ടൺ കാർ നിർത്താൻ തയ്യാറായത്.

തകർന്ന കാറുമായി അപകടകരമായ രീതിയിലാണ് ഹാമിൽട്ടൺ ട്രാക്കിലൂടെ സഞ്ചരിച്ചതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കാർ നിർത്താൻ തയ്യാറാവാത്തതും നിർദേശങ്ങൾ അവഗണിച്ചതും ബ്രിട്ടീഷ് ഡ്രൈവർക്ക് തിരിച്ചടിയായേക്കും. മാത്രമല്ല, തകർന്ന കാറുമായി സഞ്ചരിക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പിഴയടക്കം ലഭിച്ചേക്കാം. എന്നാൽ നിലവിൽ സംഭവത്തെ കുറിച്ച് മറ്റ് അന്വേഷണങ്ങളൊന്നും നടക്കുന്നില്ല.

Content Highlights: Lewis Hamilton crashed his Ferrari into a barrier during Spanish Grand Prix practice., He initially ignored team orders to stop the car after the accident