ലാൻഡോ നോറിസ് 2030 വരെ മക്ളാരനൊപ്പം തുടരും; പുതിയ കരാർ ഒപ്പിട്ടു

വോക്കിങ് (ഇംഗ്ലണ്ട്): ഫോർമുല വൺ ലോക ചാമ്പ്യൻ ലാൻഡോ നോറിസ് ബ്രിട്ടീഷ് ടീം മക്ളാരനുമായി പുതിയ കരാറിൽ ഒപ്പുവെച്ചു. 2030 സീസൺ അവസാനംവരെ മക്ളാരനിൽ തുടരുന്നതിനുള്ള പുതിയ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. വോക്കിങ്ങിലുള്ള മക്ളാരൻ ആസ്ഥാനത്ത് നടന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത പ്രത്യേക ചടങ്ങിലാണ് 26-കാരനായ നോറിസ് കരാർ നീട്ടിയ വിവരം പ്രഖ്യാപിച്ചത്. ഈ സീസണിലെ അവസാന രണ്ട് മത്സരങ്ങളായ ഹംഗേറിയൻ, ഡച്ച് ഗ്രാൻഡ് പ്രീകളിൽ വിജയം നേടി മികച്ച ഫോമിലാണ് നോറിസ്.
കരിയറിൽ മറ്റൊരു ടീമിന് വേണ്ടിയും മത്സരിക്കാതെ മക്ളാരനിൽതന്നെ തുടരുവാൻ താൻ ആഗ്രഹിക്കുന്നതായി നോറിസ് വ്യക്തമാക്കി. 2030-ന് ശേഷവും നോറിസുമായുള്ള ബന്ധം തുടരുന്നതിനുള്ള പ്രത്യേക വ്യവസ്ഥയും കരാറിലുണ്ട്. 2008-ൽ ലൂയിസ് ഹാമിൽട്ടന് ശേഷം മക്ളാരൻ ടീമിൽനിന്ന് ഫോർമുല വൺ ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ താരമാണ് നോറിസ്. കിരീടം നേടിയ സീസണിൽ താരം ഉപയോഗിച്ച 'എംസിഎൽ39' കാർ മക്ളാരൻ അദ്ദേഹത്തിന് സമ്മാനമായി നൽകി.
പുതിയ കരാറോടെ ഗ്രിഡിൽ റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പൻ, ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൻ എന്നിവർക്ക് പിന്നിലായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ ഡ്രൈവറായി നോറിസ് മാറിയേക്കുമെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. നോറിസിന്റെ വാർഷിക പ്രതിഫലം 60 ദശലക്ഷം യൂറോ വരെ ആയേക്കാമെന്നായിരുന്നു പ്രചരിച്ച വിവരങ്ങൾ. എന്നാൽ, ഈ വാർത്തകൾ താരം തള്ളി. തനിക്ക് അത്രയും തുക പ്രതിഫലമായി ലഭിക്കുന്നില്ലെന്നും മുൻപത്തെക്കാൾ തുകയിൽ വർധനവുണ്ടായിട്ടുണ്ടെന്നും ചിരിച്ചുകൊണ്ട് നോറിസ് വ്യക്തമാക്കി.
താൻ മാക്സ് വെസ്റ്റാപ്പൻ, ലൂയിസ് ഹാമിൽട്ടൻ എന്നിവരുടെ അത്രയും നേട്ടങ്ങൾ ഇതുവരെ കരിയറിൽ കൈവരിക്കാത്തതിനാൽ അത്രയും വലിയ തുക ലഭിക്കാത്തതിൽ തെറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു. 2017-ൽ ടെസ്റ്റ് ആന്റ് സിമുലേറ്റർ ഡ്രൈവറായി മക്ലാരനിലെത്തിയ നോറിസ്, 2019 മുതലാണ് പൂർണസമയ ഫോർമുല വൺ ഡ്രൈവറായി മാറുന്നത്. ഇതിനകം 13 ഗ്രാൻഡ് പ്രീ വിജയങ്ങളും 18 പോൾ പൊസിഷനുകളു താരം സ്വന്തമാക്കിയിട്ടുണ്ട്.
മറ്റ് പല പ്രമുഖ ടീമുകളും താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മക്ളാരൻ വിട്ടുപോകുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചിരുന്നില്ലെന്നും ഈ തീരുമാനം തികച്ചും എളുപ്പമുള്ളതായിരുന്നുവെന്നും നോറിസ് വെളിപ്പെടുത്തി. നിലവിൽ 159 പോയിന്റുമായി ഡ്രൈവർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ലാൻഡോ നോറിസ്.
Content Highlights: Lando Norris signed a contract extension with McLaren until the end of the 2030 season., Norris is the first McLaren driver to win the F1 Drivers' Championship since Lewis Hamilton in 2008., He debunked rumors of a 60 million euro salary but confirmed a pay increase., Norris has been with McLaren since 2017, starting as a test and simulator driver.