ഫ്രഞ്ച് ഓപ്പണ്‍: നിലവിലെ ചാമ്പ്യന്‍ ക്രെസിക്കോവ ആദ്യ റൗണ്ടില്‍ പുറത്ത്

Photo: twitter.com/WTA
Photo: twitter.com/WTA

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍നിന്ന് നിലവിലെ വനിതാ വിഭാഗം ചാമ്പ്യന്‍ ബാര്‍ബോറ ക്രെസിക്കോവ പുറത്ത്. ആദ്യ റൗണ്ടില്‍ തന്നെ ചാമ്പ്യന് അടിപതറി. ഫ്രാന്‍സിന്റെ ഡിയാനെ പാരിയാണ് ചെക്ക് റിപ്പബ്ലിക്ക് താരമായ ക്രെസിക്കോവയെ അട്ടിമറിച്ചത്. 

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് പാരി വിജയം നേടിയത്. സ്‌കോര്‍: 1-6, 6-2, 6-3. ആദ്യ സെറ്റ് നേടിയ ശേഷം പിന്നീടുള്ള രണ്ട് സെറ്റ് ക്രെസിക്കോവ നഷ്ടപ്പെടുത്തുകയായിരുന്നു. ടൂര്‍ണമെന്റിലെ രണ്ടാം സീഡ് കൂടിയാണ് ക്രെസിക്കോവ. 

2021 -ലെ ഫൈനലില്‍ റഷ്യയുടെ അനസ്താഷ്യ പാവ്‌ല്യുഷെന്‍കോവയെ തകര്‍ത്താണ് ക്രെസിക്കോവ കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. ഫെബ്രുവരിയില്‍ കൈമുട്ടിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കുറച്ചുകാലമായി താരം കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 

പരിക്കില്‍നിന്ന് മോചിതയായെങ്കിലും പരിശീലന മത്സരങ്ങളില്‍ പങ്കെടുക്കാതെ ക്രെസിക്കോവ നേരിട്ട് ഫ്രഞ്ച് ഓപ്പണില്‍ ഇറങ്ങുകയായിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായത്.

Content Highlights: french open 2022, roland garros, Krejcikova, french open, tennis