ചെസ് ഒളിമ്പ്യാഡിലെ മുത്തശ്ശി

ചെന്നൈ: മൊണോക്കോ വനിതാ ടീമിലെ ജൂലിയ ലെബെല്‍ അരിയാസാണ് 44-ാം ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായംചെന്ന താരം. മുന്‍കാലങ്ങളില്‍ ഫ്രാന്‍സിനും അര്‍ജന്റീനയ്ക്കും വേണ്ടി ഒളിമ്പ്യാഡില്‍ കളിച്ച ഈ വുമണ്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ഇപ്പോള്‍ മൊണോക്കോയുടെ കളിക്കാരിയാണ്.
നാലുതവണ അര്‍ജന്റീന വനിതാ ദേശീയ ചാമ്പ്യനായിരുന്ന ജൂലിയ പിന്നീട് മൂന്നുതവണ ഫ്രഞ്ച് ദേശീയ വനിതാ കിരീടം ചൂടി. ലോകചാമ്പ്യന്‍ഷിപ്പിന്റെ സുപ്രധാനഘട്ടമായ ഇന്റര്‍സോണല്‍ മത്സരങ്ങളില്‍ രണ്ടുതവണ കളിച്ചു.
ജൂലിയ ലെബെല്‍ അരിയാസിന്റെ പതിനെട്ടാം ചെസ് ഒളിമ്പ്യാഡാണിത്. ഒളിമ്പ്യാഡില്‍ തന്റെ 107-ാം ഗെയിം കളിക്കാനായിരിക്കും 76-കാരിയായ ജൂലിയ ഇക്കുറി ഇറങ്ങുന്നത്.
ആരോഗ്യപ്രശ്‌നങ്ങളാല്‍ ചില ഒളിമ്പ്യാഡുകളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഒളിമ്പ്യാഡ് വേദിയില്‍നിന്ന് താമസിക്കുന്ന ഹോട്ടലിലേക്കുള്ള ദൂരം ചെറിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാരുടെ ഊഷ്മളതയിലും ആതിഥ്യമര്യാദയിലും അതിസന്തുഷ്ടയാണ് ജൂലിയ.
Content Highlights: Julia Lebel-Arias the oldest player in Chess Olympiad 2022