‘ജസ്പാൽ പറഞ്ഞു, അഭിനവ് മിടുക്കനാണ്, ഒളിമ്പിക് മെഡൽ നേടും’

#കെ. വിശ്വനാഥ്
ജസ്പാലിനും മകള്‍ ദേവാംശുവിനുമൊപ്പം ജസ്പാലിന്റെ വീട്ടില്‍
ജസ്പാലിനും മകള്‍ ദേവാംശുവിനുമൊപ്പം ജസ്പാലിന്റെ വീട്ടില്‍

'ജസ്പാൽ ബേട്ടാ, മേ ഹേ ഇഥർ ഹൂം. തൂ പരേശാൻ മത് കരോ'- കണ്ണു നിറച്ചു നിൽക്കുന്ന ജസ്പാൽ റാണയുടെ പുറത്ത് തലോടിയാണ് സണ്ണിസാർ പറയുന്നത്. റാണ അനുസരണയുള്ള സ്‌കൂൾ കുട്ടിയെപ്പോലെ ഗുരുവിനെ കെട്ടിപ്പിടിച്ചു. ചിരിമാറി മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ഇന്ത്യൻ ഷൂട്ടിങ്ങിലെ ഇതിഹാസതാരം ജസ്പാൽ റാണയുടെ അപ്രതീക്ഷിത മരണവാർത്തയറിഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞത് ഈ രംഗമാണ്. രണ്ടര പതിറ്റാണ്ട് മുമ്പത്തെ കാര്യമാണ്. ജസ്പാലിനന്ന് 23 വയസ്സുകാണും. അതിനകം ലോക ചാമ്പ്യൻഷിപ്പിലും കോമൺ വെൽത്ത് ഗെയിംസിലുമെല്ലാം മെഡലുകൾ നേടി സെന്റർ ഫയർ പിസ്റ്റൾ ഷൂട്ടിങ്ങിലെ യങ് സെൻസേഷനായി മാറിക്കഴിഞ്ഞിരുന്ന ജസ്പാലുമായി ഒരു ഒരു അഭിമുഖത്തിനായി ഡൽഹിയിലെ വീട്ടിൽ സണ്ണി തോമസിനൊപ്പം പോയതായിരുന്നു. ജസ്പാലിനെ കണ്ടപാടെ സണ്ണിസാർ പറഞ്ഞു. 'അവൻ ഭയങ്കര ഇമോഷണൽ ക്യാരക്ടറാണ്. ചെറിയ പ്രശ്നങ്ങൾക്ക് ടെൻഷനടിക്കും. ഇന്നൽപ്പം വിഷമത്തിലാണെന്നു തോന്നുന്നു.'

ഊഹം ശരിയായിരുന്നു കോച്ചിനെ കണ്ടതും ജസ്പാൽ കണ്ണുനിറച്ചു. ഷൂട്ടിങ് പരിശീലനത്തിനായി ആവശ്യത്തിന് വെടിയുണ്ട കിട്ടുന്നില്ലെന്നതായിരുന്നു പരാതി. വെടിയുണ്ടകൾ വിദേശത്ത് നിന്ന് ഇറക്കുമതിചെയ്തെടുക്കുക എന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അന്ന്.ആവശ്യത്തിന് തോട്ട ഏർപ്പാടാക്കി കൊടുക്കാമെന്ന് ജസ്പാലിന് സണ്ണിസാർ ഉറപ്പുകൊടുത്തു. ശിഷ്യന്റെ മുഖം തെളിഞ്ഞു.

ദ്രോണാചാര്യ അവാർഡ് ജേതാവായിരുന്ന സണ്ണി തോമസ് കഴിഞ്ഞ വർഷവും ജസ്പാൽ കഴിഞ്ഞ ദിവസവും വെടിയൊച്ചകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഒരിക്കലെങ്കിലും ജസ്പാലിനെ കണ്ടുമുട്ടിയവർക്ക് അദ്ദേഹത്തിന്റെ പത്തരമാറ്റ് തിളക്കമുള്ള ചിരിയും മാന്യമായ പെരുമാറ്റവും മറക്കാനാവില്ല.

1994-ൽ പതിനെട്ടാം വയസ്സിൽ ജസ്പാൽ മിലാനിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയതാണ് അന്താരാഷ്ട്ര ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ആദ്യ സുപ്രധാന നേട്ടം. ഷൂട്ടിങ് റേഞ്ചിൽ വലിയ നേട്ടങ്ങൾ ഇന്ത്യൻ താരങ്ങൾക്ക് സാധിക്കുമെന്ന് തെളിയിച്ചത് റാണയുടെ ആ വിജയമായിരുന്നു. ഷൂട്ടിങ് പരിശീലനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും കൂടുതൽ പണം ചെലവഴിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചതും ആ നേട്ടംതന്നെ. അങ്ങനെ നോക്കുമ്പോൾ ഒളിമ്പിക്സ് ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ പിൽക്കാലത്ത് ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾക്ക് വഴിമരുന്നിട്ടതും റാണയുടെ ആ വിജയംതന്നെ.

ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലുമെല്ലാം വിജയങ്ങൾ നേടിയ ജസ്പാലിന് പക്ഷേ, ഒളിമ്പിക്സ് മെഡൽ കിട്ടാക്കനിയായതിന് ഒരു കാരണമുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ടയിനമായ സെന്റർഫയർ പിസ്റ്റൾ ഒളിമ്പിക്സിൽ മത്സര ഇനമായിരുന്നില്ല.

2001-ലെ റിപ്പബ്ലിക് ദിനത്തിലായിരുന്നു സണ്ണി തോമസിനൊപ്പം ജസ്പാലിന്റെ ഡൽഹിയിലെ അപ്പാർട്ട്മെന്റിൽ ഞങ്ങൾ ചെല്ലുന്നത്. ഗുരുവിന്റെ കാൽതൊട്ട് വണങ്ങിയാണ് ജസ്പാൽ സ്വികരിച്ചത്. സ്വന്തം കൈകൊണ്ടുണ്ടാക്കിയ ഖീർ(പായസം) തന്ന് ഞങ്ങളെ സത്ക്കരിച്ചു. അന്ന് മൂന്നു വയസ്സുകാരിയായിരുന്ന മകൾ ദേവാംശിയെ മടിയിലിരുത്തിയാണ് അദ്ദേഹം സംസാരിച്ചത്.

തന്റെ ഇഷ്ടയിനമായ സെന്റർ ഫയർ പിസ്റ്റൾ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിക്കുന്നതിനായി സണ്ണി തോമസ് നടത്തുന്ന പരിശ്രമങ്ങളെ നന്ദിയോടെ സ്മരിച്ചു. കരിയറിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവെച്ചു. അതിനിടയിൽ കോച്ചിനോട് ചോദിച്ചു 'സർ നമ്മുടെ അഭിനവിന് വലിയ ഭാവിയുണ്ട് അല്ലേ?'

19 വയസ്സ് മാത്രമുണ്ടായിരുന്ന അഭിനവ് ബിന്ദ്രയെ കുറിച്ചായിരുന്നു ചോദ്യം. കോച്ച് തലകുലുക്കിശരിവെച്ചപ്പോൾ ജസ്പാൽ പറഞ്ഞു, 'ഒളിമ്പിക് മെഡലിന് വരെ സാധ്യതയുണ്ട്.' ഏഴ് വർഷത്തിനു ശേഷം ബീജിങ്ങിൽ വെച്ച് അഭിനവ് ഒളിമ്പിക്സ് സ്വർണമെഡൽ നേടിയപ്പോൾ പ്രതികരണമാരാഞ്ഞ് ജസ്പാലിനെ വിളിച്ചിരുന്നു.

'അഭിനവ് ഷൂട്ടിങ്ങിൽ ശരിക്കും ഒരു ലെജന്റാണ്. ഇതിലും ഏത്രയോ വലിയ നേട്ടങ്ങൾ വഴുതിപ്പോവുന്നത് നിർഭാഗ്യംകൊണ്ടാണ്.' ജസ്പാൽ പറഞ്ഞത് തന്നെക്കുറിച്ചുതന്നെയാണെന്ന് തോന്നിപ്പോയി.