സൂപ്പര്‍ സ്വിയാടെക് ! ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ട് ഇഗ സ്വിയാടെക്

photo: twitter/ Iga Świątek
photo: twitter/ Iga Świątek

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും കരുത്ത് തെളിയിച്ച് ഇഗ സ്വിയാടെക്. 2023 ഫ്രഞ്ച് ഓപ്പണിലെ വനിതാ സിംഗിള്‍സ് കിരീടത്തില്‍ ഇഗ സ്വിയാടെക് മുത്തമിട്ടു. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന മുക്കോവോയെ പരാജയപ്പെടുത്തിയാണ് ഇഗ കിരീടം സ്വന്തമാക്കിയത്.  സ്‌കോര്‍: 6-2, 5-7, 6-4

കലാശപ്പോരിലെ ആദ്യ സെറ്റില്‍ ആധികാരിക പ്രകടനമായിരുന്നു ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ഇഗയുടേത്. ആദ്യ സെറ്റ് 6-2 ന് ഇഗ അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ കരോളിന മുക്കോവോ തിരിച്ചടിച്ചു. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ 3-0 ന് ഇഗ മുന്നിട്ടുനിന്നെങ്കിലും കരോളിന ശക്തമായി തിരിച്ചുവന്നു. സ്‌കോര്‍ 3-3 ആക്കി. സ്‌കോര്‍ 5-5ല്‍ നില്‍ക്കേ സര്‍വ്വ് ബ്രേക്ക് ചെയ്ത് മുന്നേറിയ കരോളിന 7-5 ന് സെറ്റ് സ്വന്തമാക്കി. 

മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടത്തിനാണ് റോളണ്ട് ഗാരോസ് വേദിയായത്. തുടക്കത്തില്‍ 2-0 ന് മുക്കോവോ മുന്നിട്ടുനിന്നെങ്കിലും ഇഗ വിട്ടുകൊടുത്തില്ല. സര്‍വ്വ് ബ്രേക്ക് ചെയ്ത് പോളണ്ട് താരം മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നീട് തന്റെ പരിചയസമ്പത്ത് മുതലെടുത്ത് ഇഗ റാക്കറ്റേന്തിയതോടെ കരോളിനയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. 6-4 ന് മൂന്നാം സെറ്റും മത്സരവും ഇഗ സ്വന്തമാക്കി.

ഇഗ സ്വിയാടെക്കിന്റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. നേരത്തേ 2020,2022 വര്‍ഷങ്ങളില്‍ ഇഗ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായിരുന്നു. താരത്തിന്റെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. 2022 യുഎസ് ഓപ്പണിലും ഇഗ വിജയിച്ചിരുന്നു. 


 

Content Highlights: Iga Swiatek beats Karolina Muchova to win French Open women’s final 2023