ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ചും മെദ്‌വെദേവും രണ്ടാം റൗണ്ടില്‍, ഷാപ്പൊവലോവ് പുറത്ത്

പാരീസ്: ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചും രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വെദേവും ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍. സെര്‍ബിയന്‍ താരമായ ജോക്കോവിച്ച് ജപ്പാന്റെ യോഷിഹിറ്റോ നിഷിയോക്കയെ തകര്‍ത്തപ്പോള്‍ റഷ്യയുടെ മെദ്‌വെദേവ് അര്‍ജന്റീനയുടെ ഫകുണ്ടോ ബാഗ്നിസിനെ കീഴടക്കി.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റായ ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിഷിയോക്കയെ തകര്‍ത്തത്. ജപ്പാന്‍ താരത്തിന് ഒന്നു പിടിച്ചുനില്‍ക്കാനുള്ള അവസരം പോലും ജോക്കോവിച്ച് നല്‍കിയില്ല. സ്‌കോര്‍: 6-3, 6-1, 6-0.
മെദ്‌വെദേവും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം നേടിയത്. സീഡില്ലാ താരമായ ഫകുണ്ടോ ബാഗ്നിസിനെ മെദ്‌വെദേവ് 6-2. 6-2, 6-2 എന്ന സ്‌കോറിന് തകര്‍ത്തു. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ മെദ്‌വെദേവ് ഫോമിലേക്ക് മടങ്ങിവന്നതിന്റെ സൂചന മത്സരത്തിലൂടെ പ്രകടമാക്കി.
എന്നാല്‍ കാനഡയുടെ ലോക 14-ാം നമ്പര്‍ താരം ഡെനിസ് ഷാപ്പൊവലോവ് ആദ്യ റൗണ്ടില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ഡെന്മാര്‍ക്കിന്റെ ഹോള്‍ഗര്‍ റ്യൂണെയാണ് ഷാപ്പൊവലോവിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-1, 7-6.
Content Highlights: french open 2022, novak djokovic, daniil medvedev, roland garros, french open tennis, tennis