ചെസ് ഒളിമ്പ്യാഡ്; കുതിപ്പ് തുടര്‍ന്ന് ഇന്ത്യയുടെ രണ്ടാം ടീം, സ്‌പെയിനിനെയും മുട്ടുകുത്തിച്ചു

#എന്‍.ആര്‍. അനില്‍കുമാര്‍
ഇന്ത്യയുടെ രണ്ടാം ടീം മത്സരത്തിനിടെ | ഫോട്ടോ: വി. രമേഷ്
ഇന്ത്യയുടെ രണ്ടാം ടീം മത്സരത്തിനിടെ | ഫോട്ടോ: വി. രമേഷ്

ചെന്നൈ: ചെസ് ഒളിമ്പ്യാഡിലെ ഓപ്പണ്‍ വിഭാഗത്തില്‍ കഴിഞ്ഞ നാലു റൗണ്ടുകളില്‍ മികച്ച കളി കാഴ്ചവെച്ച ഇന്ത്യ 2 യുവ ടീം അഞ്ചാം മത്സരത്തില്‍ കരുത്തരായ സ്‌പെയിനിനെയും മുട്ടുകുത്തിച്ചു. കഴിഞ്ഞ നാലു മാച്ചുകളില്‍ രണ്ടു ഗെയിമുകള്‍ ഡ്രോ ആയതൊഴികെ മറ്റെല്ലാം ജയിച്ച് 16 ല്‍ 15 പോയന്റ് നേടി ഒന്നാമതായാണ് 11-ാം സീഡുകളായ ഇന്ത്യ 2 ടീം മുന്നിലെത്തിയത്.

നിര്‍ഭയം, നിര്‍ദയം

അഞ്ചാം സീഡായ സ്പാനിഷ് ടീമിനെ ചൊവ്വാഴ്ച ഇന്ത്യന്‍ ചെറുപ്പക്കാര്‍ രണ്ടര - ഒന്നര എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ഗുകേഷ്, അധിപന്‍ ഭാസ്‌കരന്‍ എന്നിവര്‍ ജയിച്ചപ്പോള്‍ മലയാളി താരം നിഹാല്‍ സരിന്റെ മത്സരം സമനിലയിലായി. പ്രഗ്‌നാനന്ദ മാത്രം പരാജയപ്പെട്ടു. ഇന്ത്യയുടെ ഒന്നും മൂന്നും ടീമുകളും ചൊവ്വാഴ്ച വിജയിച്ചു. ഇംഗ്ലണ്ടിനെ അതേ സ്‌കോറിന് തോല്‍പിച്ച അര്‍മേനിയ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ രണ്ടാം ടീമിനൊപ്പമുള്ളത്. ഇരുവരും 10 മാച്ച് പോയന്റുകള്‍ വീതം നേടി. ഓപ്പണ്‍ വിഭാഗത്തില്‍ നാലു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ആദ്യ ഒമ്പത് സീഡുകളില്‍ സ്‌പെയിനിനു മാത്രമേ ലീഡ് ചെയ്യുന്ന 5 ടീമുകളില്‍ ഒന്നായി നിലനില്‍ക്കാനായുള്ളൂ.

വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഒന്നാം ടീം റൊമാനിയക്കും ജോര്‍ജിയക്കുമൊപ്പം മുന്നിട്ടുനില്‍ക്കുന്നു. മൂന്നാം ടീം ജയിച്ചപ്പോള്‍ രണ്ടാം ടീം പരാജയപ്പെട്ടു.

അഞ്ചു റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ പോയന്റ് നില:

ഓപ്പണ്‍ വിഭാഗം: ഇന്ത്യ 2, അര്‍മേനിയ (10 പോയിന്റ് വീതം)

ഇന്ത്യ 1. യു.എസ്.എ. ക്യൂബ, ഇറാന്‍, ഉസ്ബക്കിസ്താന്‍, ഇറാന്‍ (9 പോയന്റ്). ഇന്ത്യ 3, ഇംഗ്ലണ്ട്, ഇസ്രായേല്‍, പോളണ്ട്, ഫ്രാന്‍സ്, ഹോളണ്ട്, ജര്‍മനി, ഐസ്ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്ക്, സെര്‍ബിയ, ജോര്‍ജിയ, ഇറ്റലി, ഫിലിപ്പീന്‍സ്, പോര്‍ചുഗല്‍, ലിത്വാനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, പെറു, കസാക്കിസ്താന്‍ (8 പോയന്റ്)

വനിതാ വിഭാഗം:

ഇന്ത്യ 1, റൊമാനിയ, ജോര്‍ജിയ (10 പോയന്റ്) യുക്രൈന്‍, അസര്‍ബൈജാന്‍, കസാക്കിസ്താന്‍ (9 പോയന്റ്) ഇന്ത്യ 3, ഫ്രാന്‍സ്, ഇന്ത്യ 2, പോളണ്ട്, പെറു, അര്‍മേനിയ, ഹംഗറി, ബുള്‍ ഗേറിയ, ഹോളണ്ട്, സെര്‍ബിയ, ഇസ്രായേല്‍, ചെക്ക് റിപ്പബ്ലിക്, വിയറ്റ്‌നാം, ഡെന്‍മാര്‍ക്ക് (8 പോയന്റ്).

മാച്ച് പോയന്റും ഗെയിം പോയന്റും

ചെസ് ഒളിമ്പ്യാഡില്‍ രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ഇരുടീമുകളിലെയും നാലു കളിക്കാര്‍ എതിര്‍ടീമിലെ നാലു കളിക്കാരോട് ഓരോ വ്യക്തിഗത ഗെയിമുകള്‍ വീതം കളിക്കുന്നു. ഈ നാലു കളികളുടെ ഫലം അടിസ്ഥാനമാക്കി കളിക്കാര്‍ക്കും ടീമിനും ഗെയിംപോയന്റ് നല്‍കും - ജയം 1, സമനില 1/2, തോല്‍വി 0.

രണ്ടരയോ അതില്‍ക്കൂടുതലോ ഗെയിം പോയന്റ് നേടുന്ന ടീമിനെ വിജയികളായി കണക്കാക്കി അവര്‍ക്ക് രണ്ട് മാച്ച് പോയന്റ് നല്‍കുന്നു. ഇരുടീമുകളും രണ്ടു ഗെയിം പോയന്റുകള്‍ വീതം നേടിയാല്‍ മത്സരംസമനിലയാകും.

അപ്പോള്‍ ഇരുടീമുകള്‍ക്കും ഓരോ മാച്ച് പോയന്റ് വീതം നല്‍കും. ഒന്നരയോ അതില്‍ കുറവോ പോയന്റ് നേടുന്ന ടീമിനെ പരാജിതരായി കണക്കാക്കും. അവര്‍ക്ക് മാച്ച് പോയന്റ് ഇല്ല. ചെസ് ഒളിമ്പ്യാഡില്‍ മാച്ച് പോയന്റുകളുടെ അടിസ്ഥാനത്തിലാണ് അന്തിമവിജയികളെ നിര്‍ണയിക്കുക. ഗെയിം പോയന്റിന്റെ അടിസ്ഥാനത്തിലല്ല.

ഒന്നില്‍ക്കൂടുതല്‍ ടീമുകള്‍ക്ക് ഒരേ മാച്ച് പോയന്റ് ലഭിച്ചാല്‍ മാത്രം ടൈ ബ്രേക്ക് ചെയ്യാന്‍ ഗെയിം പോയന്റും പരിഗണിക്കും. ചെസ് ഒളിമ്പ്യാഡുകള്‍ക്ക് മാത്രമായി ലോക ചെസ് ഫെഡറേഷന്‍ പ്രത്യേക നിയമാവലി തയ്യാറാക്കിയിട്ടുണ്ട്.

Content Highlights: Chess Olympiad 2022 Gukesh stuns Shirov as India B clinch fifth win