വിംബിൾഡൺ: ജോക്കോ-അൽക്കരാസ് ഫൈനൽ

നൊവാക് ജോക്കോവിച്ച് കാർലോസ് അൽക്കരാസ് | Photo: AFP
നൊവാക് ജോക്കോവിച്ച് കാർലോസ് അൽക്കരാസ് | Photo: AFP

ലണ്ടൻ: വിംബിൾഡൺ പുരുഷവിഭാഗത്തിൽ നൊവാക് ജോക്കോവിച്ച്-കാർലോസ് അൽക്കരാസ് ഫൈനൽ. വെള്ളിയാഴ്ച സെമിഫൈനലിൽ ഇറ്റലിയുടെ യാന്നിക് സിന്നറെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് (6-3, 6-4, 7-6) ജോക്കോ ഒമ്പതാം വിംബിൾഡൺ ഫൈനലിന് യോഗ്യത നേടിയത്. ജോക്കോയുടെ 35-ാംഗ്രാൻസ്ലാം ഫൈനലാണിത്. ഇത്രയും ഫൈനലിലെത്തുന്ന ആദ്യ താരവുമായി. റഷ്യയുടെ ഡാനിൽ മെദ്‍വദേവിനെ തോൽപ്പിച്ചാണ് അൽക്കരാസ് ഫൈനലിലെത്തിയത് (6-3, 6-3, 6-3). അൽക്കരാസിന്റെ ആദ്യ വിംബിൾഡൺ ഫൈനലാണിത്. മത്സരം ഞായറാഴ്ച നടക്കും.

വിവാദം, താക്കീത്

കളി വൈകിപ്പിച്ചതിനും ഇടയ്ക്കുതടസ്സപ്പെടുത്തിയതിനും അമ്പയർ ജോക്കോയ്ക്ക് താക്കീത് നൽകിയതോടെ സെമിഫൈനൽ നാടകീയമായി. കളിക്കിടെ വലിയശബ്ദമുണ്ടാക്കിയതിന് ജോക്കോയുടെ ഒരു പോയന്റ് വെട്ടിക്കുറച്ചു. ഇതിനിടെ കളി ബോധപൂർവം വൈകിപ്പിച്ചതിനാണ് താക്കീത് നൽകിയത്. ഇത്തരം സംഭവങ്ങൾ സമ്മർദമുണ്ടാക്കിയെന്ന് മത്സരശേഷം ജോക്കോ പറഞ്ഞു.

Content Highlights: Carlos Alcaraz Novak Djokovic clash Wimbledon final