ഏഷ്യൻ പാരാ ഗെയിംസിൽ ആദ്യദിനം നാല് സ്വർണവുമായി ഇന്ത്യ, പട്ടികയിൽ നാലാമത്

#സ്പോർട്സ് ഡെസ്ക്
മോന അഗർവാൾ | X.com/@AshwiniVaishnaw
മോന അഗർവാൾ | X.com/@AshwiniVaishnaw

നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ ആദ്യദിനം ഇന്ത്യക്ക് നാല് സ്വർണം. ഷൂട്ടിങ്ങിലും അത്‌ലറ്റിക്‌സിലും തിങ്കളാഴ്ച ഇന്ത്യ സ്വർണം നേടി. മെഡൽ പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 25 സ്വർണവുമായി ചൈനയാണ് ഒന്നാമത്.

വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ എച്ച്എച്ച് വണ്ണിലാണ് ഇന്ത്യ ആദ്യസ്വർണം നേടിയത്. മോന അഗർവാളാണ് സ്വർണം നേടിയത്. ഈ ഇനത്തിൽ അവനി ലേഖാര വെള്ളിയും സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഷൂട്ടിങ് ഒരേ ഇനത്തിൽ സ്വർണവും വെള്ളിയും നേടുന്നത്. 250 പോയിന്റോടെയാണ് മോനയുടെ സ്വർണം. അവനി 249.6 പോയിന്റ് നേടി. വെങ്കലം ദക്ഷിണ കൊറിയയുടെ ലീ യുന്റിക്കാണ്.

ഷൂട്ടിങ്ങിൽ സ്വർണം നേടിയതിന് പിന്നാലെ പുരുഷന്മാരുടെ ടി47 ലോങ് ജംപിലും ഇന്ത്യ സ്വർണം നേടി. നിഷാദ് കുമാറാണ് സ്വർണം നേടിയത്. 7.11 മീറ്റർ ദൂരം കണ്ടെത്തിയാണ് നിഷാദിന്റെ സ്വർണനേട്ടം. മൂന്നാം ശ്രമത്തിലാണ് നിഷാദ് 7.11 മീറ്റർ ദൂരം കണ്ടെത്തിയത്. ഉസ്‌ബെക്കിസ്ഥാന്റെ ഖസനോവ് ഒമദ്‌ബെക് വെള്ളിയും ശ്രീലങ്കയുടെ യൂസൂഫ് സൽമാൻ വെങ്കലവും നേടി. ഖസനോവ് 6.88 മീറ്ററും യൂസൂഫ് 6.40 മീറ്ററും ചാടി.

പിന്നാലെ ഇന്ത്യ രണ്ട് സ്വർണം കൂടി നേടി. വനിതകളുടെ 1500 മീറ്റർ ടി12/ടി13 വിഭാഗത്തിൽ സൗമ്യ സ്വർണവും രാധ വെങ്കടേഷ് വെള്ളിയും നേടി. പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 46 ൽ റിങ്കു സ്വർണവും അജീത് സിങ് വെള്ളിയും നേടി.

Content Highlights: India secured four gold medals on the opening day of the Asian Para Games