കിടക്കകൾക്ക് നീളം കുറവ്, മോശം മുറികൾ; ജപ്പാനിലെ താമസ സൗകര്യങ്ങളിൽ അതൃപ്തി അറിയിച്ച് ദക്ഷിണ കൊറിയ

നഗോയ: ജപ്പാനിലെ നഗോയയിലും ഐച്ചി പ്രവിശ്യയിലുമായി ഇത്തവണ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ താമസസൗകര്യങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി ദക്ഷിണ കൊറിയൻ കായികതാരങ്ങളും ഉദ്യോഗസ്ഥരും രംഗത്ത്. ഗെയിംസ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സംഘാടകർ ഒരുക്കിയ സൗകര്യങ്ങൾ തങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും മോശമാണെന്നും മുറികളുടെ കടുത്ത ക്ഷാമമുണ്ടെന്നും കൊറിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രത്യേകം ഗെയിംസ് വില്ലേജ് നിർമിക്കുന്നതിന് പകരം ചെലവ് കുറയ്ക്കുന്നതിനായി താത്കാലിക മരക്കാബിനുകൾ, ഹോട്ടലുകൾ, ആഡംബര കപ്പൽ എന്നിവയിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കൊറിയൻ ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജുങ് ജേ-യോങ് തങ്ങൾക്ക് നൽകിയ താത്കാലിക കാബിനുകളെ ശക്തമായി വിമർശിച്ചു. രണ്ടു മീറ്ററിലധികം ഉയരമുള്ള കായികതാരങ്ങൾക്ക് കിടക്കയിൽ കാലുകൾ നീട്ടിവെക്കാൻ പോലും കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, ദക്ഷിണ കൊറിയൻ ബാസ്‌ക്കറ്റ്ബോൾ താരം ബ്യോൺ ജൂൻ-ഹ്യോങ്, തന്റെ മുറിയിലെ സിങ്ക് ചോർന്ന് നിലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ഗെയിംസിൽ ഏകദേശം 2,000 അത്‌ലറ്റുകളും ഉദ്യോഗസ്ഥരുമാണ് ഇത്തരം കാബിനുകളിൽ താമസിക്കുന്നത്. നഗോയയിലുണ്ടായ കനത്ത മഴ കാരണം കഴിഞ്ഞ ആഴ്ച നൂറുകണക്കിന് അത്‌ലറ്റുകളെ താത്കാലികമായി ഒഴിപ്പിക്കേണ്ടി വരികയും ചെയ്തു. ഗെയിംസിലെ ഇത്തരം സാഹചര്യങ്ങൾ മുന്നിൽക്കണ്ട് ഇന്ത്യയിൽ അത്ലറ്റുകൾക്കായി കാബിനുകളുടെ മാതൃകാ പതിപ്പുകൾ നിർമിച്ച് മുൻകൂട്ടി പരിശീലനം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
15,000 പേരെ പ്രതീക്ഷിച്ചിടത്ത് 17,000-ത്തിലധികം അത്‌ലറ്റുകളും ഉദ്യോഗസ്ഥരുമാണ് ഇത്തവണ ഗെയിംസിനായി എത്തിയത്. ഇത്രയും വലിയ വർധനവ് കൈകാര്യം ചെയ്യാൻ തങ്ങൾക്ക് ആവശ്യമായ ബജറ്റോ ആളുകളോ ഇല്ലെന്ന് സംഘാടകർ വെളിപ്പെടുത്തി. തുടർന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഇടപെട്ടാണ് എല്ലാവർക്കും താമസസൗകര്യം ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയത്.
ഫിലിപ്പീൻസിനും തങ്ങളുടെ പ്രതിനിധികൾക്കായി ബദൽ താമസസംവിധാനങ്ങൾ കണ്ടെത്തേണ്ടി വന്നിട്ടുണ്ട്. കളിക്കാർക്ക് മുറികൾ ലഭിച്ചെങ്കിലും പരിശീലകർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മറ്റ് ഹോട്ടലുകളിലേക്കും എയർബിഎൻബി സൗകര്യങ്ങളിലേക്കുമാണ് മാറ്റിയതെന്ന് ഫിലിപ്പീൻസ് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് അബ്രഹാം ടോലെന്റോ വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച നഗോയയിലെത്തുന്ന 'കോസ്റ്റ സെറീന' എന്ന ഇറ്റാലിയൻ ക്രൂയിസ് കപ്പലിൽ 4,000 മുതൽ 5,000 വരെ അത്‌ലറ്റുകൾക്ക് താമസസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീന്തൽ, ഡൈവിംഗ്, കുതിരപ്പന്തയം എന്നിവ നടക്കുന്ന ടോക്കിയോ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഹോട്ടലുകളിലും അത്‌ലറ്റുകളെ താമസിപ്പിക്കുന്നുണ്ട്.
നേരത്തേ ഗെയിംസിൽ പങ്കെടുക്കുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ഒരുക്കിയിട്ടുള്ള താമസസൗകര്യങ്ങളിൽ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Content Highlights: South Korean athletes and officials criticized poor accommodation at the Nagoya Asian Games., Issues include short beds in temporary wooden cabins, leaking sinks, and room shortages., Organizers cited budget constraints due to higher-than-expected athlete turnout., Alternative arrangements are being made using cruise ships and hotels.