കാംബ്ലിയുടെ ആരോഗ്യനില മോശമായി തുടരുന്നു; സഹായത്തിനായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സച്ചിനും

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി സച്ചിൻ തെണ്ടുൽക്കർ. കാംബ്ലിയെ സാമ്പത്തികമായും വൈകാരികമായും സഹായിക്കുന്നതിനായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച ഒരു സ്വകാര്യ വാട്ട്സാപ്പ് ഗ്രൂപ്പിൽ സച്ചിനും പങ്കുചേർന്നതായാണ് റിപ്പോർട്ട്.
കാംബ്ലിയുടെ ദീർഘകാല സുഹൃത്തായ മാർക്കസ് കൂട്ടോയുടെ നേതൃത്വത്തിലാണ് ഈ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. മുൻ ക്രിക്കറ്റ് താരങ്ങളും കാംബ്ലിയുടെ അഭ്യുദയകാംക്ഷികളും ഇതിൽ അംഗങ്ങളാണ്.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി മല്ലിടുകയാണ് കാംബ്ലി. തലച്ചോറിൽ രക്തം കട്ടപിടിച്ചത് മൂലം കാംബ്ലി കടുത്ത മറവിരോഗം അനുഭവിക്കുന്നുണ്ട്. ചികിത്സ വൈകിയതിനാൽ അദ്ദേഹത്തിന്റെ തലച്ചോറിലെ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇത് ഭാവിയിൽ മസ്തിഷ്‌കാഘാതത്തിന് കാരണമായേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പല കാര്യങ്ങളും ഓർത്തെടുക്കാനും പിന്നീട് അവ പെട്ടെന്ന് മറന്നുപോകുന്ന അവസ്ഥയും അദ്ദേഹത്തിനുണ്ട്. മദ്യപാനം അദ്ദേഹം പൂർണ്ണമായും ഉപേക്ഷിച്ചുവെന്നത് ആശ്വാസകരമായ കാര്യമാണെങ്കിലും പുകവലിക്കുന്നത് അദ്ദേഹത്തിന് വലിയ അപകടമുണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പുകവലി അദ്ദേഹത്തിന്റെ ഹൃദയത്തെയോ കരളിനെയോ അല്ല, മറിച്ച് തലച്ചോറിനെയാണ് കൂടുതൽ ബാധിക്കുന്നത്. കാംബ്ലി പുകവലിച്ചാൽ അത് പക്ഷാഘാതത്തിന് വരെ കാരണമായേക്കാമെന്നും സുഹൃത്തിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും കാംബ്ലി തന്റെ പ്രിയപ്പെട്ട മേഖലയിലേക്ക് പതുക്കെ മടങ്ങിവരുന്നതിന്റെ സൂചനകൾ നൽകുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം അടുത്തിടെ ഒരു ഐസ്‌ക്രീം പരസ്യത്തിൽ അഭിനയിച്ചു. ശിവാജി പാർക്കിലെ മഹിം ജുവനൈൽ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇതിന്റെ ചിത്രീകരണം നടന്നത്. നിലവിൽ വടിയുടെ സഹായത്തോടെയാണ് നടക്കുന്നതെങ്കിലും കുടുംബത്തോടൊപ്പം കാംബ്ലി നല്ല മാനസികാവസ്ഥയിലാണ് കഴിയുന്നതെന്നും അദ്ദേഹത്തെ സന്ദർശിച്ച സുഹൃത്തുക്കൾ പറയുന്നു.
Content Highlights: Vinod Kambli is battling severe neurological health issues in 2026., Sachin Tendulkar joined a private support group to assist Kambli emotionally and financially., Doctors warn against smoking due to high risk of stroke., Kambli is showing positive signs of returning to media work, recently featuring in an advertisement., Despite physical challenges, Kambli remains in good spirits with his family.