ഒരൊറ്റ ചാട്ടം, ഒരുപിടി റെക്കോഡുകള്‍; യോഹന്നാന്റെ 'മാജിക്കല്‍ ജമ്പി'ന് ഇന്ന് 50 വയസ്

ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണംനേടുന്ന ആദ്യമലയാളി, ലോങ്ജമ്പില്‍ എട്ടുമീറ്റര്‍ മറികടക്കുന്ന ആദ്യ മലയാളിയും ആദ്യ ഇന്ത്യക്കാരനും, പുരുഷ ലോങ്ജമ്പില്‍ പുതിയ ദേശീയ റെക്കോഡ്, ഏഷ്യന്‍ റെക്കോഡ്... ഒരൊറ്റ ചാട്ടത്തിലൂടെ ടി.സി. യോഹന്നാന്‍ ചാടിക്കടന്നത് ഒരുപാട് കടമ്പകള്‍... ആ ചാട്ടത്തിന് വ്യാഴാഴ്ച 50 വയസ്സ് തികയുന്നു.
1974-ലെ ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസിലായിരുന്നു മലയാളി താരം ടി.സി. യോഹന്നാന്റെ മാസ്മരികച്ചാട്ടം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പ്രധാന സ്റ്റേഡിയമായ അര്യമെഹര്‍ സ്പോര്‍ട്സ് കോംപ്ലക്സിലായിരുന്നു അത്ലറ്റിക്സ് മത്സരങ്ങള്‍. പുരുഷന്മാരുടെ ലോങ്ജമ്പ് ഫൈനലില്‍ 8.07 മീറ്റര്‍ ചാടിക്കൊണ്ടാണ് യോഹന്നാന്‍ ചരിത്രംകുറിച്ചത്. ആ ദിവസയും അന്നത്തെ ചാട്ടവും ഇന്നും ഓര്‍മ്മയില്‍ തിളങ്ങിനില്‍ക്കുന്നുവെന്ന് യോഹന്നാന്‍ പറഞ്ഞു.
പിന്നീട് ഏറെക്കാലം ഏഷ്യന്‍ റെക്കോഡും ഇന്ത്യന്‍ റെക്കോഡുമായി ആ ദൂരം നിലനിന്നു. ഇതേയിനത്തില്‍, കര്‍ണാടകയ്ക്കുവേണ്ടി മത്സരിച്ചിരുന്ന മലയാളി സതീഷ് പിള്ള വെങ്കലം (7.58 മീറ്റര്‍) നേടിയിരുന്നു. കൊല്ലം എഴുകോണിലെ മാറനാട് സ്വദേശിയായ ടി.സി. യോഹന്നാന്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ ടിനു യോഹന്നാന്‍ മകനാണ്.
Content Highlights: TC Yohannan`s historic 8.07m long jump at the 1974 Tehran Asian Games