അണ്ടര്‍ 17 വനിതാ ലോകകപ്പ് കൈവിടരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സുപ്രീം കോടതി (ഫയല്‍ ചിത്രം)
സുപ്രീം കോടതി (ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഒരു കാരണവശാലും കൈവിടരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ലോകകപ്പ് ഇന്ത്യയില്‍ വെച്ചുതന്നെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്(എ.ഐ.എഫ്.എഫ്.) ലഭിച്ച വിലക്ക് പിന്‍വലിക്കാനും ലോകകപ്പിന്റെ ആതിഥേയത്വം ഉറപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയോട് അഭ്യര്‍ത്ഥിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഫിഫയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 22 വരെ കാത്തിരിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഹര്‍ജി പിന്നീട് പരിഗണിക്കുന്നതിനായി നീട്ടി. 

എ.ഐ.എഫ്.എഫ്. മുന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ ഇടപെടലുകളെ ഹര്‍ജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തു. കേന്ദ്രസര്‍ക്കാരും ഹര്‍ജിക്കാര്‍ക്കൊപ്പം നിന്നു. കോടതി നിയോഗിച്ച ഭരണസമിതി നിലനില്‍ക്കേ പ്രഫുല്‍ പട്ടേല്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് കോടതി തക്കതായ മറുപടി നല്‍കണമെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിലെ ചാഹചര്യം തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടപ്പെടും എന്ന് മാത്രമല്ല ഒരു അന്താരാഷ്ട്ര മത്സരങ്ങളില്‍പ്പോലും കളിക്കാനാവില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് വരെ വലിയ തിരിച്ചടി ലഭിക്കും.

Content Highlights: fifa ban, indian football ban, aiff ban, indian football, under 17 womens football world cup